കുചേല ദിനത്തിന്റെ ഐതിഹ്യം
ആചാര്യ ശ്രേഷ്ഠന്‍ സാന്ദീപനിയുമൊത്തുള്ള ഗുരുകുലവാസകാലത്ത് ശ്രീകൃഷ്ണനും സുദാമാവ് എന്ന കുചേലനും സഹപാഠികൾ ആയിരുന്നു. പിൽക്കാലത്ത് ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ ദ്വാരകാധിപതി ശ്രീകൃഷ്ണന്റെ അടുത്ത് ചെന്ന് അനുഗ്രഹം നേടിയ ദിവസമാണ് കുചേല ദിനമായി കണക്കാക്കുന്നത്. വീട്ടിൽ ആകെ ഉണ്ടായിരുന്ന അവില്‍ ചേർത്ത് പൊതിയാക്കി കണ്ട കുചേലൻ തിരികെ എത്തിയപ്പോൾ കുബേരനായി മാറി എന്നാണ് ഐതിഹ്യം. ഇന്നേദിവസം ഭഗവാൻ മഹാവിഷ്ണുവിന്റെ ക്ഷേത്രത്തില്‍ ദർശനം നടത്തി വഴിപാടായി അവൽപ്പൊതി സമർപ്പിച്ചാൽ ദാരിദ്ര്യദുഃഖങ്ങൾ നീങ്ങും എന്നാണ് വിശ്വാസം. യാതൊന്നും ആഗ്രഹിക്കാതെ ഭക്തിപൂർവ്വം അവൽക്കിഴി സമർപ്പിക്കുന്നതിലൂടെ കുചേലനു നൽകിയതു പോലെ ഭഗവാൻ സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടായി അവിൽപ്പൊതി സമർപ്പിച്ചാൽ ദാരിദ്ര്യദുഃഖങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.
advertisement
Also read-അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ജനുവരി 22ന്; പൂജകൾ 16ന് ആരംഭിക്കും
എങ്ങനെ ആചരിക്കാം
എല്ലാ മലയാള മാസത്തിലെയും ഏകാദശി, ചിങ്ങത്തിലെ അഷ്ടമി രോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച, മുപ്പെട്ടു വ്യാഴാഴ്ചകൾ എന്നീ ദിനങ്ങൾ ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും സവിശേഷമായ ദിനകളാണ്. ഈ ദിനങ്ങളിൽ നാമജപത്തോടെ ഭഗവാനെ ഭജിക്കുന്നത് ഇരട്ടിഫലദായകമെന്നാണ് വിശ്വാസം. ഇതിൽ ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്.
സംസ്ഥാനത്തെ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ഗുരുവായൂരില്‍ കുചേലദിനത്തിൽ അവില്‍നിവേദ്യമാണ് വിശേഷ വഴിപാട്. അവില്‍, നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്താണ് നിവേദ്യം തയ്യാറാക്കുക. ഇന്നേ ദിവസത്തിൽ പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്ക്ക് അവില്‍ നിവേദിക്കും എന്ന പ്രത്യേകത ഉണ്ട്.
കുചേലദിനത്തിൽ ദാരിദ്ര്യം അകറ്റാൻ ഭക്തന്മാർ അവലുമായി ഗുരുവായൂരിൽ എത്തി ദർശനം തേടാറുണ്ട്. അന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുചേലവൃത്തം കഥകളിയും വഴിപാടായി നടത്തുക പതിവുണ്ട്. മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായിട്ടുള്ള മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും കുടുംബക്ഷേമത്തിനും ഐശ്യര്യത്തിനുമായി കുചേലദിനത്തിൽ അവിൽ സമർപ്പണം നടത്താറുണ്ട്.
വഞ്ചിപ്പാട്ടിലെ കുചേലവൃത്തം
ഭാഗവതം ദശമസ്‌കന്ധത്തില്‍ 80, 81 ശ്ലോകങ്ങളിലാണ് കുചേലഗതി പരാമർശിക്കുന്നത്.കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ (1756) മഹാകവി രാമപുരത്ത് ശങ്കരവാര്യര്‍ (1703 -1758) കുചേലകഥ അതി പ്രശസ്തമാക്കി.പരമദാരിദ്ര്യത്തില്‍പെട്ട കുചേലന്‍ പത്‌നിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ശ്രീകൃഷ്ണനെ സന്ദര്‍ശിക്കാന്‍ യാത്രയാകുന്നു. രാത്രിയില്‍ വേണ്ടത്ര വെളിച്ചമില്ലാതെ തയ്യാറാക്കിയതിനാല്‍ കല്ലും നെല്ലും കലര്‍ന്ന അവലാണ് കയ്യില്‍ കരുതിയത്. എന്നാൽ സൗഹൃദത്തിന്റെ രുചിയോടെ അത് ശ്രീകൃഷ്ണൻ കഴിച്ചതിനാൽ കുചേലന്റെ ദാരിദ്ര്യം അകന്നു എന്നാണ് സങ്കൽപ്പം.