ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലാ ആസ്ഥാനത്തു നിന്നും ഒൻപതു കിലോമീറ്റർ അകലെയുള്ള ഗാരാ മണ്ഡലിലാണ് ദീപാവലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന് ആ പേരു ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. ശ്രീകാകുളം ഭരിച്ചിരുന്ന രാജാവ് കുതിരപ്പുറത്ത് കയറി ഗ്രാമത്തിലൂടെ കലിംഗപട്ടണം ഭാഗത്തേക്ക് പോകുകയായിരുന്നു. ഒരു ദിവസം സൂര്യാഘാതം മൂലം അദ്ദേഹം ബോധരഹിതനായി. സമീപത്തെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷകരാണ് ബോധരഹിതനായി കിടക്കുന്ന രാജാവിനെ ശ്രദ്ധിച്ചത്. അവർ രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നൽകി. രാജാവ് അവർക്ക് നന്ദി പറയുകയും ഈ ദിവസം ശുഭകരമായതിനാൽ അത്തരമൊരു ദിവസത്തെ സൂചിപ്പിക്കുന്ന ദീപാവലി എന്ന പേര് ഗ്രാമത്തിന് നൽകുകയും ചെയ്തു എന്നാണ് ഗ്രാമവാസികൾ പറയുന്നത്. പതിനായിരത്തോളം പേർ ഇപ്പോൾ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. എല്ലാ വർഷവും വലിയ രീതിയിൽ ഇവിടെ ദീപാവലി ആഘോഷിക്കാറുണ്ട്.
advertisement
തെലങ്കാനയിലെ കരിംനഗറിലെ കർഖനഗഡ്ഡ പ്രദേശത്തുള്ള ഹിന്ദു ശ്മശാനവും ആറു പതിറ്റാണ്ടിലേറെയായി എല്ലാ വർഷവും ദീപാവലി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. പ്രായഭേദമന്യേ പുതുവസ്ത്രങ്ങൾ ധരിച്ച് എല്ലാവരും ശ്മശാനത്തിൽ എത്തും. മരിച്ചുപോയ കുടുംബാംഗങ്ങൾക്കും പൂർവികർക്കും ഗ്രാമവാസികൾ സ്മരണാഞ്ജലികൾ അർപ്പിക്കുകയും ശ്മശാനത്തിൽ മെഴുകുതിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ഉത്സവമാക്കുകയും ചെയ്യും. ദീപാവലിയെത്തും മുൻപേ കരിംനഗർ നിവാസികൾ കല്ലറകൾ പെയിന്റ് ചെയ്യുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യാറുണ്ട്. ദീപാവലി ദിനം വൈകുന്നേരമുള്ള രണ്ട് മണിക്കൂറാണ് കരിംനഗറിലെ നാട്ടുകാർ പൂർവികരുടെ ശവകുടീരങ്ങളിൽ എത്തുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലുള്ള രണസ്ഥലം മണ്ഡലത്തിലെ പുന്നനപാലം ഗ്രാമവാസികൾ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലേറെയായി ദീപാവലി ആഘോഷിക്കാറില്ല. ഇരുന്നൂറു വർഷങ്ങൾക്ക് മുൻപുള്ളൊരു ദീപാവലി ദിനത്തിൽ ഗ്രാമത്തിലെ ഒരു വീട്ടിൽ തൊട്ടിലിൽ കിടന്നിരുന്ന ഒരു കുഞ്ഞ് പാമ്പുകടിയേറ്റു മരിച്ചെന്നാണ് ഇവിടുത്തെ മുതിർന്നവർ പറയുന്നത്. നാഗുല ചവിതി ദിനത്തിൽ (പാമ്പുകളെ ആരാധിക്കുന്ന ദിവസം) രണ്ടു കാളകൾ ചത്തു. പിന്നീട് ഗ്രാമവാസികളിൽ ഇത്തരം ചില മരണങ്ങൾ ഭയന്ന് ദീപാവലി ആഘോഷിക്കുന്നത് നിർത്തി. രണ്ട് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ അന്ധവിശ്വാസത്തിൽ നിന്ന് ജനങ്ങളെ മോചിതരാക്കി ദീപാവലി ആഘോഷിക്കാനും അക്കാര്യം മുതിർന്നവരെ ബോധ്യപ്പെടുത്താനും നാട്ടിലെ യുവാക്കളും പോലീസും സർക്കാർ ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വിശ്വാസം വെടിയാൻ മുതിർന്നവരിൽ പലരും ഇപ്പോഴും തയ്യാറായിട്ടില്ല.