2016 സെപ്തംബറിൽ യൂണിവേഴ്‌സിറ്റി ഒഫ് സാവോ പോളോയിലെ ദാസ് ക്ലിനികാസ് ആശുപത്രിയിൽ സ്ട്രോക്ക് വന്ന് മരിച്ച 45കാരിയിൽ നിന്നാണ് ഗർഭപാത്രം, ജീവിച്ചിരിക്കുന്ന സ്ത്രീയിലേക്ക് മാറ്റിവച്ചത്. സ്വീകർത്താവിന് ജന്മനാ ഗർഭപാത്രം ഇല്ലായിരുന്നു. 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗർഭപാത്രം മാറ്റിവച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 37ാം ദിവസം യുവതിക്ക് ആദ്യത്തെ ആർത്തവം ഉണ്ടായി. ഏഴു മാസങ്ങൾക്ക് ശേഷം ഗർഭിണിയാകും വരെ കൃത്യമായി ആർത്തവം ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു മുമ്പു തന്നെ സ്വീകർത്താവിന്റെ അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. തുടർന്ന് ഐ.വി.എഫ് വഴി ആദ്യത്തെ ശ്രമത്തിൽ തന്നെ ഇവർ ഗർഭം ധരിച്ചു. എട്ടാം മാസത്തിലാണ് സിസേറിയൻ വഴി ഇവർ പൂർണആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്.
advertisement
പുതിയ അവയവം ശരീരം പുറന്തള്ളാതിരിക്കാൻ സ്വീകർത്താവിന് ഇമ്യൂൺ സപ്രസിംഗ് മരുന്നുകൾ നൽകിയിരുന്നു. ഏഴ് മാസത്തിനു ശേഷം നേരത്തേ ശീതീകരിച്ച് സൂക്ഷിച്ച അണ്ഡങ്ങൾ ഗർഭാശയത്തിലേക്ക് നിക്ഷേപിച്ചു. 35 ആഴ്ചകൾക്ക് ശേഷം സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം പ്രസവത്തോടൊപ്പം നീക്കം ചെയ്തു.