പെണ്ണുകാണല്‍, വിവാവനിശ്ചയം, വിവാഹം, വിവാഹ വാര്‍ഷികം, കുഞ്ഞിന്‍റെ ചോറൂണ് അങ്ങനെ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഓരോ ചടങ്ങിനും ലേറ്റസ്റ്റ് ഫാഷന്‍ വസ്ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നവരാണ് മിക്കവരും. പണ്ടൊക്കെ പുതിയ വസ്ത്രങ്ങള്‍ തയ്പ്പിച്ചാല്‍ ബാക്കി വരുന്ന തുണികൊണ്ട് അനിയത്തിക്ക് പെറ്റിക്കോട്ടോ ബ്ലൗസോ തയ്ച്ചുകിട്ടും. ഇന്ന് ഈ തുണികൊളൊക്കെ എന്തു ചെയ്യുന്നുണ്ടാകും? ഇങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ഒരു കിടിലന്‍ ഐഡിയ ചേര്‍ത്തല സ്വദേശി മഞ്ജു കുര്യാക്കോസിന്റെ തലയിലും ഉദിച്ചത്. എട്ട് വര്‍ഷമായി ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന മഞ്ജു മുന്നോട്ടു വെച്ച ആശയം ആഹാ, കൊള്ളാലോ എന്ന് ആരും പറയും.
advertisement
UpCycling - എന്ന ആശയത്തെക്കുറിച്ച്
പുതിയ വസ്ത്രങ്ങള്‍ നിര്‍മിച്ച് കഴിയുമ്പോള്‍ ഏറ്റവും വലിയ തലവേദന ബാക്കി വരുന്ന സ്‌ക്രാപ് മെറ്റീരിയല്‍(വേസ്റ്റ് തുണികള്‍) ആണെന്ന് മഞ്ജു. ഇതിനുള്ള പരിഹാരം എന്തെന്ന ആലോചനയാണ് upcycling എന്ന ആശയത്തിലെത്തിച്ചത്. 'സ്‌ക്രാപ് മെറ്റീരിയല്‍ ഉപയോഗിച്ച് പുതിയ വസ്ത്രങ്ങള്‍ പലരും ഉണ്ടാക്കാറുണ്ട്. അത് തന്നെയാണ് ഞാനും ചെയ്തത്. കുര്‍ത്തികളാണ് ഇങ്ങനെ കൂടുതലും ഉണ്ടാക്കുന്നത്. ലാഭം പ്രതീക്ഷിച്ചല്ല. ചാരിറ്റി ആയാണ് ഈ വസ്ത്രങ്ങൾ നൽകുന്നത്.
അതായത്, ബാക്കി വരുന്ന തുണി ഉപയോഗിച്ച് നമ്മുടെ അമ്മമാർ പെറ്റിക്കോട്ടും ബ്ലൗസുമൊക്കെ തയ്പ്പിച്ച് തന്നിരുന്നത് നിസ്സാരകാര്യമല്ലെന്ന്, ഇതാണ് upcycling. എന്നാൽ ഇങ്ങനെ ചുമ്മാ upcycling ചെയ്യുകയല്ല മഞ്ജു ചെയ്തത്. മഞ്ജുവിനെ വ്യത്യസ്തയാക്കുന്നതും ഇതാണ്. അതിനെ കുറിച്ച് മഞ്ജു തന്നെ പറയുന്നു,
'ഒരു ഫാഷന്‍ ഷോ എന്നത് എന്‍റെ ഒരുപാട് കാലത്തെ മോഹമായിരുന്നു. വെറുതേ ഒരു ഫാഷന്‍ ഷോ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ല, എന്തെങ്കിലും സന്ദേശം ഫാഷന്‍ ഷോയിലൂടെ കൊണ്ടുവരണം എന്നായിരുന്നു ആഗ്രഹം. ബാംഗ്ലൂരില്‍ ഫാഷന്‍ ഷോയ്ക്ക് അവസരം ലഭിച്ചപ്പോള്‍ സംഘാടകരോടും ഇക്കാര്യം പറഞ്ഞു, അങ്ങനെയാണ് എന്തുകൊണ്ട് UpCycling ചെയ്ത വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫാഷന്‍ ഷോ നടത്തിക്കൂടാ എന്ന ആലോചന വരുന്നത്. സംഘാടകരും ഈ ആശയം സമ്മതിച്ചു. സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും ഓകെ'.
അങ്ങനെ ചേര്‍ത്തലയിലുള്ള മഞ്ജുവിന്‍റെ തരംഗ് ബൂട്ടിക്കിലെ എട്ടോളം സ്റ്റാഫുകള്‍ ഒരുമാസം കൊണ്ട് സ്‌ക്രാപ് മെറ്റീരിയലില്‍ നിന്നും സൃഷ്ടിച്ചെടുത്തത് നൂറോളം അടിപൊളി വസ്ത്രങ്ങള്‍! ബംഗളൂരു ലീലാ പാലസില്‍ ഫാഷന്‍ ഫ്‌ളെയിംസാണ് ഷോ സംഘടിപ്പിച്ചത്. വസ്ത്ര മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലുള്ളവര്‍ക്കും പങ്കുചേരാവുന്ന ആശയമാണ് UpCycling എന്ന് മഞ്ജു പറയുന്നു. 'പരിസ്ഥിതി സൗഹാര്‍ദ്ദം, സര്‍ഗാത്മക ചിന്ത വളർത്തൽ, UpCyclingനെ മികച്ച കലാരൂപമായി വളര്‍ത്തിയെടുക്കുക എന്നിവയാണ് ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. ഫാഷന്‍ ഷോയ്ക്ക് ശേഷം പല ഭാഗങ്ങളില്‍ നിന്നായി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.'
കുറഞ്ഞ ചെലവില്‍ തന്നെ വസ്ത്രങ്ങളുണ്ടാക്കാമെന്ന് സ്റ്റാഫുകള്‍ തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഇതിനായി കൂടുതല്‍ സമയം ജോലി ചെയ്യാനും അവര്‍ തയ്യാറായി. കുടുംബവും മഞ്ജുവിന് കട്ടയ്ക്ക് സപ്പോര്‍ട്ടായി കൂടെയുണ്ട്. ഭര്‍ത്താവ് തങ്കച്ചന് ബിസിനസ്സാണ്. ഏക മകന്‍ ബംഗളുരു ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
'ഉപയോഗ ശൂന്യമെന്ന് കരുതിയ തുണികളില്‍ നിന്ന് ഒരു മാസം കൊണ്ട് നൂറോളം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് നല്കാന്‍ കഴിഞ്ഞു എന്നത് വളരെ ആത്മവിശ്വാസം തരുന്ന കാര്യമാണ്. ഈ ആശയവുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ താല്‍പര്യമുള്ളവരെ സന്തോഷം സ്വാഗതം ചെയ്യുന്നു.' മഞ്ജു പറഞ്ഞു.