'എന്റെ ഭര്‍ത്താവ് എന്നെ ഭോഗിക്കുമ്പോള്‍ ഭോഗാനന്തരം അദ്ദേഹം എന്നെ തന്റെ കരവലയത്തില്‍ സൂക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.അദ്ദേഹം എന്റെ മുഖത്ത് തലോടുകയോ എന്റെ വയറ്റത്ത് കൈവയ്ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഓരോ സംഭോഗക്രിയയ്ക്ക് ശേഷം ഞാനനുഭവിച്ച് പോന്ന
നിരാകരണബോധം അത്രതന്നെ കൂടുതല്‍ എനിക്കനുഭവപ്പെടുമായിരുന്നില്ല'
മാധവിക്കുട്ടിയുടെ എന്റെ കഥയിലെ വാചകങ്ങളാണിത്. നാല്‍പ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധവിക്കുട്ടി നടത്തിയ ഈ തുറന്നെഴുത്തുകള്‍ ഏറെ വിവാദദങ്ങള്‍ക്കാണ് വഴിവച്ചത്. അതുവരെയുള്ള സദാചാര സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ് ഒരു സ്ത്രീ എഴുത്തുകാരി ലൈംഗികതയെപ്പറ്റി തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി പച്ചയായി പറഞ്ഞപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് അവര്‍ ഇരയായത്.
advertisement
കാലം മാറി.. സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചു.. എഴുത്തിന് കുറച്ചു കൂടി വലിയ വേദിയൊരുക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്തി..വിവരത്തിലും വിദ്യാഭ്യാസത്തിലും മുന്നേറ്റമുണ്ടായെങ്കിലും ഇപ്പോഴും പലവിഷയങ്ങളിലും മലയാളി സ്ത്രീകള്‍ പഴയ കാഴ്ചപാടുകള്‍ തന്നെ വച്ചു പുലര്‍ത്തുന്നവരാണ്. സ്വന്തം ശരീരത്തിന്റെ കാര്യത്തിലും ലൈംഗികതയുടെ കാര്യത്തിലും കാലങ്ങളായി നിലനിന്നു പോരുന്ന ഒരു ചട്ടക്കൂടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ആഗ്രഹിക്കുന്നു പലരും. എന്നാല്‍ ഇതിന് മറുശബ്ദമായി ചിലരുണ്ട്. തങ്ങളുടെ അവകാശങ്ങളെപ്പറ്റി എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ചിലര്‍. ഒന്നും അവരെ അതില്‍ നിന്ന് തടയുകയോ പിന്തിരിപ്പിക്കുകയോ ചെയ്തില്ല. നുറു ശതമാനം സത്യമെന്ന് തോന്നുന്ന കാര്യം തുറന്നു പറയാന്‍ മടി വേണ്ട എന്ന നിലപാടാണ് ഇവര്‍ക്ക്.
Also Read-സ്ത്രീകളുടെ സ്വയംഭോഗവും വിവാദങ്ങളും: ഡോക്ടർമാർക്ക് പറയാനുള്ളത്
ഇത്തരത്തില്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ലൈംഗികതയെപ്പറ്റി അധ്യാപികയായ ഗീതാ തോട്ടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.25 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ രതിസുഖം എന്തെന്നറിഞ്ഞിട്ടില്ലെന്ന ഒരു സുഹൃത്തിന്റെ തുറന്നുപറച്ചിലായിരുന്നു ടീച്ചറുടെ ഇത്തരം ഒരു പോസ്റ്റിനാധാരം, മധ്യവയസ്സ് പിന്നിടുന്നതോടെ സ്ത്രീകള്‍ക്ക് ലൈംഗികത അവസാനിച്ചു എന്നു കരുതുന്നവരെ ഭൂരിപക്ഷം സ്ത്രീകളെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടുള്ള ആ പോസ്റ്റ് അംഗീകാരത്തിനൊപ്പം വിമര്‍ശനങ്ങളും ഉയര്‍ത്തി. എന്നാല്‍ വിമര്‍ശനങ്ങളെ താന്‍ പൂര്‍ണ്ണമായും അവഗണിക്കുന്നുവെന്നാണ് ഇതിനെപ്പറ്റി സംസാരിക്കവെ ഗീത ന്യൂസ്18 നോട് പറഞ്ഞത്.
100ശതമാനം സത്യമായ കാര്യങ്ങളാണ് ആ പോസ്റ്റിലുള്ളത്. എന്റെ ഒരു സുഹൃത്ത് അവരുടെ അനുഭവം പൊട്ടിക്കരഞ്ഞുക്കൊണ്ട് വെളിപ്പെടുത്തിയപ്പോഴാണ് ഇത് എഴുതിയത്. അത് ഒരാള്‍ടെ മാത്രം അനുഭവമാകണമെന്നില്ല. പോസ്റ്റ് വായിച്ച ഭൂരിഭാഗം സ്ത്രീകളും അത് തങ്ങളുടെ അനുഭവമാണെന്ന് പറഞ്ഞ് ധാരാളം മെസേജുകള്‍ അയച്ചു. മറിച്ച് ചോദിച്ചവരും ഉണ്ട്. സ്വന്തം കാര്യമല്ലേ ഞങ്ങള്‍ സഹായിക്കാം എന്ന തരത്തില്‍ പ്രതികരിച്ചവര്‍. എന്നാല്‍ ഇവരെ അവഗണിക്കുകയാണ് ചെയ്തത്. പ്രകോപിതരാക്കി നമ്മള്‍ പ്രതികരിക്കുമ്പോള്‍ അതില്‍ വീണ്ടും മോശമായി കമന്റിടണം.. ഇതാണ് അവരുടെ ലക്ഷ്യം, അതുകൊണ്ട് തന്നെ അവഗണിച്ചു.
ഇത്തരം കാര്യങ്ങള്‍ പങ്കാളിയോട് തുറന്നു പറയാന്‍ വേദി ഉണ്ടാകണമെന്നാണ് ഗീത പറയുന്നത്. ലൈംഗിക ജീവിതം എന്നത് ഒരാളുടെ മാത്രം കാര്യമല്ല. പെണ്ണായിപ്പോയത് കൊണ്ട് അതിനെക്കുറിച്ച് മിണ്ടരുതെന്ന് പറയുന്നത് വൃത്തികേടാണ്.. ഇത്തരത്തില്‍ തുറന്നു പറച്ചില്‍ നടത്തുന്ന സ്ത്രീകളെ കുടുംബത്തില്‍ അല്ലെങ്കില്‍ സമൂഹം നല്ല കണ്ണോടെയല്ല കാണുന്നത് ആ രീതി മാറണമെന്ന അഭിപ്രായമാണ് ഇവര്‍ക്ക്.
ഇത് പോലുളള വിഷയങ്ങള്‍ സംബന്ധിച്ച് തുറന്ന പ്ലാറ്റ്‌ഫോമില്‍ എഴുതുമ്പോള്‍ കുറച്ചു ശ്രദ്ധ വേണമെന്ന അഭിപ്രായവും ഗീതയ്ക്കുണ്ട്. എന്തെങ്കിലും എഴുതി കൈയ്യടി നേടണമെന്നല്ല കരുതേണ്ടത്. ഭാഷ ശ്രദ്ധിക്കണം.മൂന്നാം കിട വാരികകളിലെപ്പോലെ തരംതാണ ഭാഷ ആകരുത്. ലൈംഗികതയെപ്പറ്റി സംസാരിക്കാം.. പക്ഷെ അത് ലൈംഗികമാകണമെന്നില്ല. സയന്റിഫിക്കായി സംസാരിക്കാം..പക്ഷെ അത് സെക്‌സ് അല്ലല്ലോ സംസാരിക്കുമ്പോള്‍ സുഖം കിട്ടുന്ന ഒരു ഏര്‍പ്പാടായി അത് മാറരുത്. അങ്ങനെ ഒരു എഴുത്തല്ല ആ പോസ്റ്റ്. ഗീത വ്യക്തമാക്കി.
ഗീതയുടെ പോസ്റ്റിന് സമാനമായ മറ്റൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. സ്ത്രീകൾ ലൈംഗിക അറിവുകളും അനുഭവങ്ങളും തുറന്നു പറയേണ്ടതുണ്ടോ എന്ന ചോദ് ഉയർത്തി ആശ സൂസൻ എന്ന യുവതിയുടെ പോസ്റ്റായിരുന്നു അത്. ലൈംഗികതയെ കുറിച്ചുള്ള ചർച്ചകളിൽ തലയിടുന്ന പെണ്ണിനെ അതീവ മോശമായി കണ്ട് അവൾക്ക് വിലയിടുന്ന പുരുഷുവിന്റേയും, ഇതൊക്കെ ഒളിച്ചിരുന്നു വായിക്കുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്നു കരുതുന്ന കുലീനമഹിളകളുടെയും തലമുറ അന്യം നിൽക്കേണ്ടതുണ്ട്. അതിനു തുറന്നെഴുതാൻ ആർജ്ജവമുള്ള "നട്ടെല്ലുള്ള" സ്ത്രീകളതു തുടരണം. ഉറപ്പിച്ചുച്ചരിക്കാൻ അറച്ചിരുന്ന ആർത്തവം എന്ന വാക്ക് എങ്ങനെ സാധാരണമായോ അതുപോലെ ആവേണ്ട ഒന്നാണ് ലൈംഗികതയും രാത്രി സഞ്ചാരവുമെല്ലാം. യോനിയെന്നും, മുലയെന്നും, ആർത്തവമെന്നും, സ്വയംഭോഗമെന്നും, സെക്സ് എന്നുമൊക്കെ കേൾക്കുമ്പോളുണ്ടാവുന്ന ഈ കുരുപൊട്ടലുകൾ ഇല്ലാതാവുന്ന കാലത്തോളം ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം. എന്നായിരുന്നു ഇവർ കുറിപ്പിൽ പറഞ്ഞത്.
അറിവും അനുഭവവും പങ്കുവെയ്ക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടികളോട് ഒന്നേ പറയാനുള്ളൂ "പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് നീയാഗ്രഹിക്കുന്നതെന്തും നിനക്കും നിന്‍റെ പിന്നാലെ വരുന്നവർക്കും കിട്ടണമെങ്കിൽ നീ പൊതുബോധത്തോട് യുദ്ധം ചെയ്തേയത് നേടാനാവൂ, മുറിവുകൾ ഒരുപാട് ഏറ്റേക്കും, കൂട്ടത്തിൽ നിന്നു പോലും കുത്തേൽക്കും, പക്ഷേ തളരരരുത്. നിങ്ങൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് സ്ത്രീനവോത്ഥാനത്തിന്‍റെ വ്യക്തമായ അജണ്ടയുണ്ടാവണം. അതിനു വേണ്ടി ശബ്ദിക്കാൻ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീകളും ബഹുമാനത്തിൽ ചാലിച്ച അഭിനന്ദത്തിന്‍റെ കൈയ്യടികൾ അർഹിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു ആ പോസ്റ്റ് അവസാനിക്കുന്നത്.
ഇത്തരത്തില്‍ നൂറുകണക്കിന് തുറന്നെഴുത്തുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. ആര്‍ത്തവത്തെക്കുറിച്ച്, സ്വയംഭോഗത്തെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച് തുറന്നെഴുതുന്ന പെണ്ണുങ്ങള്‍. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അത് നേടിയെടുക്കുന്നതിനെക്കുറിച്ച് വ്യക്തമായ ശക്തമായ നിലപാടുള്ള പെണ്ണുങ്ങള്‍. എതിര്‍പ്പുകള്‍ക്ക് പുല്ല് വില നല്‍കി നിലപാടില്‍ പിന്നോട്ടില്ലാത്ത പെണ്ണുങ്ങള്‍. അവരെ വിമര്‍ശിക്കുവാന്‍ മാത്രം നില്‍ക്കുന്നവര്‍ ഒന്നോര്‍ക്കുക.. മാറേണ്ടത് അവരല്ല.. നിങ്ങളുടെ ചിന്താഗതികളാണ്....
