സാങ്കേതികവിദ്യയുടെ ചിറകിലേറി കുതിച്ചുപായുകയാണ് നാം. ദൈനംദിന ജീവിതത്തിൽ ടെക്നോളജി അത്രമേൽ ഒഴിവാക്കാൻ കഴിയാത്തവിധം വളർന്നിരിക്കുകയാണ്. ഉണരുമ്പോൾ ആദ്യം തന്നെ മൊബൈലിൽ കണ്ടാണ് നമ്മുടെ ദിവസം തുടങ്ങുന്നത്. നിരവധി മൊബൈൽ ആപ്ലിക്കേഷനുകളാണ് നമ്മുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നത്. കാലാവസ്ഥ അറിയാൻ, വാർത്തകൾ അറിയാൻ, സുഹൃത്തുക്കളുമായി വിശേഷങ്ങൾ പങ്കുവെയ്ക്കാൻ, ഭക്ഷണം ഓർഡർ ചെയ്യാൻ, പച്ചക്കറിയും മത്സ്യ-മാംസാദികളും വാങ്ങാൻ, വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അടിപൊളി ഷോപ്പിംഗ് നടത്താൻ, സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാൻ, യാത്ര പ്ലാൻ ചെയ്യാൻ, താമസസ്ഥലം ബുക്ക് ചെയ്യാൻ... അങ്ങനെ എന്തിനും ഏതിനും മൊബൈലിൽ ഒരു ക്ലിക്ക് മാത്രം മതിയാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
advertisement
എന്നാൽ, ഈ അനവധി - നിരവധി ആപ്ലിക്കേഷനുകൾക്ക് ഇടയിൽ സ്ത്രീകൾക്കായും ഒട്ടനവധി ആപ്പുകളാണ് തയ്യാറായിരിക്കുന്നത്. ആർത്തവചക്രം മനസിലാക്കാൻ സഹായിക്കുന്നത് മുതൽ ഗർഭിണിയാണോ എന്ന് അറിയുന്നതിനുള്ള മൊബൈൽ ആപ്പുകളും ഇന്നുണ്ട്. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട മൊബൈൽ ആപ്ലിക്കേഷനുകൾ ഇവയാണ്,
My Pill
തികച്ചും സൗജന്യമായ മൊബൈൽ ആപ്പാണ് ഇത്. ആപ്ലിക്കേഷന്‍റെ ഹോം സ്ക്രീൻ തന്നെ ഗുളിക സ്ട്രിപ്പ് പോലെയാണ്. നിങ്ങൾ മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായെന്നും ഇനി എത്ര കഴിക്കാൻ ബാക്കിയുണ്ടെന്നും കൃത്യമായി പറഞ്ഞു തരും. ആർത്തവത്തെക്കുറിച്ച് അറിയിപ്പ് തരാനും നിങ്ങൾ എന്നാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നതിനെപ്പറ്റി അറിവു നൽകാനും ആപ്പിനു കഴിയും. ഐഫോണിലും ഐ പാഡിലും ആപ്ലിക്കേഷൻ ലഭ്യമാണ്.
Clue
ബെർലിൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ ബയോവിങ്ക് ജിഎംബിഎച്ച് ആണ് ഈ ആപ്ലിക്കേഷൻ കൊണ്ടുവന്നത്. 180 രാജ്യങ്ങളിൽ നിന്നായി എട്ട് മില്യൺ ഉപയോക്താക്കളാണ് ഉള്ളത്. ആർത്തവത്തെക്കുറിച്ചും പ്രീ മെൻസ്ട്രുൽ സിൻഡ്രോമിനെക്കുറിച്ചും നിർദ്ദേശം തരും. നിങ്ങളുടെ അടുത്ത ആർത്തവം എന്നാണ് എന്നതിനെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകും. ഫെർട്ടിലിറ്റിയെ പിൽസ് എങ്ങനെയാണ് ബാധിക്കുക എന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും 'ക്ലൂ' തരും. ഐ ഒ എസിലും ആൻഡ്രോയ്ഡിലും 'ക്ലൂ' ലഭ്യമാണ്. 15 ഭാഷകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
Eve Tracker App, Flo Period & Ovulation, Period Diary, Cycles എന്നിവയും ആർത്തവചക്രം മനസിലാക്കാനും അതനുബന്ധിച്ചുള്ള പ്രശ്നങ്ങൾ മനസിലാക്കാനും സഹായിക്കുന്ന ആപ്പുകളാണ്.
Hormone Horoscope
ഐ ഒ എസിലും ആൻഡ്രോയിഡിലും ഹോർമോൺ ഹൊറൊസ്കോപ് ലഭ്യമാണ്. നിങ്ങൾ കലി തുള്ളാൻ പോകുന്ന അടുത്ത ദിവസമേതാണെന്ന് നിങ്ങളുടെ ആർത്തവം മനസിലാക്കി തരും. നിങ്ങളുടെ ആർത്തവം എന്നാണെന്നും അതിനനുസരിച്ച് നിങ്ങളുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരികയെന്നും ഈ ആപ്ലിക്കേഷൻ നിങ്ങളോട് പറയും. എട്ടാമത്തെ ദിവസം, കൂടുതൽ ഈസ്ട്രജൻ ഉൽപാദിപ്പിക്കും. സൂക്ഷിക്കുക, നിങ്ങളുടെ കൈയിൽ ഒതുങ്ങാത്ത ഒന്ന് നിങ്ങൾ വാങ്ങാൻ ഈ സമയത്ത് സാധ്യതയുണ്ട്. 23 ആമത്തെ ദിവസം നിങ്ങൾ കൂടുതൽ ഉന്മേഷമുള്ളവരായി കാണപ്പെടും. ഇങ്ങനെ ആർത്തവം ശരീരത്തിൽ സൃഷ്ടിക്കുന്ന ഓരോ മാറ്റങ്ങളെക്കുറിച്ചും ഈ ആപ്പ് നിങ്ങൾക്ക് നിർദ്ദേശം നൽകും.
Safetipin (Safety App)
സ്ത്രീകളുടെ വ്യക്തിസുരക്ഷ ലക്ഷ്യം വെച്ച് നിർമിക്കപ്പെട്ടിട്ടുള്ള ആപ്ലിക്കേഷനാണ് ഇത്. നിങ്ങൾ അത്ര സുരക്ഷിതമല്ലാത്ത മേഖലയിൽ ആണെങ്കിലും സേഫ്റ്റിപിൻ ആപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഉണ്ടെങ്കിൽ നിങ്ങളുടെ സുരക്ഷ ഒരു പരിധിവരെ ഉറപ്പിക്കാം. നിങ്ങൾ സുരക്ഷിതമല്ലാത്ത സ്ഥലത്താണെങ്കിൽ അക്കാര്യം വ്യക്തമാക്കി അപ്പോൾ തന്നെ മൊബൈലിൽ സന്ദേശം ലഭിക്കും. നിങ്ങൾ സുരക്ഷിതരല്ലെന്നുള്ള സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ലഭിക്കുകയും ചെയ്യും.
സ്ത്രീകൾക്ക് സുരക്ഷിതമായ പാത കണ്ടെത്താനും ഈ ആപ്ലിക്കേഷൻ വഴി സാധിക്കും. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള വഴികൾ കണ്ടുപിടിക്കാനും ഇതുവഴി സാധിക്കും. ഇതിൽ ഏറ്റവും സുരക്ഷിതമായ വഴി ഏതെന്ന് ഇതുവഴി തിരിച്ചറിയാൻ കഴിയും. തുടർന്ന് അത് ഗൂഗിൾ മാപ്പിലേക്ക് മാറുകയും അത് കണ്ടെത്താൻ കഴിയുകയും ചെയ്യും. Raksha, Himmat, Women Safety, bSafe, Smart 24×7
എന്നിവയും സുരക്ഷാ ആപ്പുകളിൽ പ്രധാനപ്പെട്ട ചിലതാണ്.
Spitfire Athlete (Women's Fitness App)
സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ആപ്പുകളിൽ ഒന്നാണ് ഇത്. ബോഡി വെയിറ്റ് വർക്കൗട്ടും വെയ്റ്റ് ലിഫ്റ്റിംഗ് വർക്കൗട്ടും 100 % കൃത്യമായി ഇതിലൂടെ ചെയ്യാൻ കഴിയും. ശരീരം ഫിറ്റ് ആക്കുന്നതിന് സഹായിക്കുന്ന നിർദ്ദേശങ്ങളും വർക്കൗട്ടുകളും നിങ്ങൾക്ക് ഇതിലൂടെ കൃത്യമായി ലഭിക്കും. ഒരു ലക്ഷത്തിലധികം സ്ത്രീകൾ ഈ ആപ്ലിക്കേഷൻ ഫിറ്റ്നസ് ട്രയിനിങ്ങിനായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. Workout for Women,
Lose It, MyFitnessPal എന്നിവയും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ആപ്പുകളാണ്.
Quick Self Defence (Defence App)
സ്വയം സുരക്ഷയ്ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനാണ് ഇത്. സ്വയം രക്ഷാപ്രതിരോധത്തിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഈ ആപ്ലിക്കേഷൻ നിങ്ങൾക്ക് വിശദമാക്കി തരും. നിങ്ങളെ തന്നെ അപകടങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷിക്കാൻ സഹായകമായ ലളിതവും പ്രധാനപ്പെട്ടതുമായ വഴികളാണ് ഈ ആപ്ലിക്കേഷൻ നിർദ്ദേശിക്കുക.
Mother’s World (Pregnancy app)
ഗർഭകാലത്തെ ഓരോ ദിവസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ അറിവു നൽകുന്ന ആപ്ലിക്കേഷനാണ് ഇത്. ആൻഡ്രോയ്ഡിൽ ഈ ആപ്ലിക്കേഷൻ സൗജന്യമാണ്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദരുടെ നിർദ്ദേശം അനുസരിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. Nine Minutes എന്ന ആപ്ലിക്കേഷനും സഹായകരമാണ്.
CookWizMe (Cooking App)
പാചകം ഇഷ്ടപ്പെടുന്നവർക്ക് സഹായകമാകുന്ന ആപ്ലിക്കേഷനാണ് ഇത്. പാചകം തമാശ നിറഞ്ഞതും എളുപ്പമുള്ളതുമാക്കാൻ ഇത് സഹായിക്കും. നിങ്ങളുടെ പാചകക്കുറിപ്പുകൾ ഇതിലേക്ക് ചേർക്കാനും പങ്കു വെയ്ക്കാനും ഇതിൽ അവസരമുണ്ട്.
