TRENDING:

'ഈയൊരു ദിവസത്തിനായാണ് ഇത്രയുംകാലം ജീവിച്ചത്'; പിഎച്ച്ഡി നേടിയ സന്തോഷം പങ്കുവെച്ച സച്ചുവിന് സോഷ്യൽമീഡിയയുടെ കൈയടി

Last Updated:

പഠിക്കാൻ പോയതിന്‍റെ പേരിൽ കുട്ടിക്കാലത്ത് അപമാനിക്കപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്ത സച്ചു വാശിയോടെയാണ് പഠിച്ച് പിഎച്ച്ഡി നേടിയത്. ഈ അനുഭവം പങ്കുവെച്ച സച്ചുവിന്‍റെ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിശ്ചയിച്ചുറപ്പിച്ച കല്യാണം വേണ്ടെന്നുവെച്ചാണ് സച്ചു ആയിഷ എന്ന യുവതി വീടുവിട്ട് കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിലേക്ക് വണ്ടികയറിയത്. സച്ചുവിനെ സംബന്ധിച്ച് അതൊരു ഓടിരക്ഷപെടലായിരുന്നു. ഒടുവിൽ എല്ലാ വെല്ലുവിളിയും അതിജീവിച്ച് സച്ചു ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഗവേണഷണം പൂർത്തിയാക്കി ആ പേരിനൊപ്പം ഡോക്ടർ എന്ന് എഴുതപ്പെട്ട ദിനം വന്നെത്തി. ഒപ്പം മാതാപിതാക്കൾക്കൊപ്പം നിന്നൊരു ഫോട്ടോയും. ഇത്രയുംകാലത്തെ അനുഭവം പങ്കുവെച്ച കുറിപ്പിനൊപ്പം ഈ ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് പിഎച്ച്ഡി നേടിയ സച്ചുവിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. പഠിക്കാൻ പോയതിന്‍റെ പേരിൽ കുട്ടിക്കാലത്ത് അപമാനിക്കുകയും കളിയാക്കുകയും ചെയ്തവർ അടുത്ത ബന്ധുക്കളായിരുന്നു. ഇവരോടൊക്കെയുള്ള വാശിയായാണ് സച്ചു പഠിച്ചത്. നിലനിൽപിനുവേണ്ടിയുള്ള ഒരു സമരകാലം കൂടിയായിരുന്നു സച്ചിന് ഗവേഷണം. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്ന സച്ചുവിന്‍റെ പോസ്റ്റിൽ ഒടുവിൽ നിശ്ചിയിച്ചുറപ്പിച്ച ചെക്കനോടും വീട്ടുകാരോടും മാപ്പ് ചോദിച്ചിക്കുന്നുണ്ട്. ഒരുപക്ഷെ അന്നങ്ങനെ തീരുമാനിച്ചില്ലെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹൃദയസ്പർശിയായ ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
advertisement

സച്ചു ആയിഷയുടെ പോസ്റ്റ് പൂർണരൂപം

ഇങ്ങനെയൊരു ഫോട്ടോ ജീവിതത്തിലാദ്യായിട്ടാണ്. ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നതെന്നു പറഞ്ഞാൽ പോലും അതിശയോക്തി ആവില്ല. കാരണം അത്രയേറെ ആഗ്രഹിച്ചും അനുഭവിച്ചും തന്നെയാണ് ഇവിടം വരെ എത്തിയത്. നിശ്ചയിച്ചുറപ്പിച്ച കല്യാണം വേണ്ടെന്നു വെച്ചു Phd ചെയ്യാനൊന്നും പറഞ്ഞു യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് വണ്ടി കയറുമ്പോൾ സത്യം പറഞ്ഞാൽ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്ണൊരുത്തി സ്വന്തം തീരുമാനത്തിന്റെ പുറത്ത് ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോൾ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവൾ ആവാൻ കൂടുതലൊന്നും വേണ്ടായിരുന്നു.അല്ലെങ്കിലും പ്ലസ് ടുവിനപ്പുറമുള്ള പഠനമൊക്കെ അത്യാഗ്രഹമാണ്.

advertisement

റിസർച്ചിന്‌ ജോയിൻ ചെയ്തുവെന്നല്ലാതെ അത് complete ചെയ്യാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പലഘട്ടങ്ങളിലും പഠനം നിർത്തുന്നതിന്റെ വക്കിലെത്തിയിട്ടുണ്ട്. പഠനം തുടരാൻ വേണ്ടി വീട്ടിൽ തന്നെ നിരാഹാരം കിടന്നിട്ടുണ്ട്. വീട്ടുകാരുടെ പൊളിറ്റിക്‌സും എന്റെ പൊളിറ്റിക്‌സും രണ്ടായതിനാൽ തന്നെ സംഘർഷങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. എന്റെ ഉമ്മ എന്നൊരാളില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. "എന്നാ അനക്ക് ഡോക്ടറേറ്റ് കിട്ടുന്നത് കാണാൻ വരേണ്ടത്?" എന്ന ഇടക്കിടെയുള്ള ചോദ്യത്തോളം എന്നെ പ്രചോദിപ്പിച്ച മറ്റൊന്നുമുണ്ടായിരുന്നില്ല. കർക്കശക്കാരനായിരുന്നെങ്കിലും മോൾക്ക് Phd കിട്ടുന്നത് അഭിമാനമായി കൊണ്ട് നടന്ന ബാപ്പയും എന്നും എന്റെ മുന്പിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ തിസീസിന്റെ ആദ്യ പേജ് അവർക്കുള്ളതായിരുന്നു. കോഴിക്കോടിനപ്പുറത്തേക്കു എങ്ങോട്ടും വിടാതിരുന്ന എന്നെ റിസർച്ചിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിലൊക്കെ പോവേണ്ടി വന്നപ്പോഴും ഒന്നും മിണ്ടാതിരുന്നത് മോൾക്ക് ഡോക്ടറേറ്റ് കിട്ടിക്കാണണമെന്നുള്ള അവരുടെ ആഗ്രഹം കൊണ്ടായിരുന്നു. ഇനി ഒരു കല്യാണത്തിനും എന്നെ നിര്ബന്ധിക്കാതിരുന്നതും നാട്ടുകാരുടെയും കുടുംബക്കാരുടെയും ചോദ്യങ്ങ്ങൾക്കു മുൻപിൽ മൗനം പാലിച്ചതുമെല്ലാം ആ ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്തായിരുന്നു. ഞാൻ PhD ക്കാരിയാവുന്നതോടൊപ്പം തന്നെ അവരുടെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളാണ് ഇന്നെന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. "ഓളെ പഠിപ്പിച്ചത് തെറ്റായിപ്പോയെന്ന്" പറയുന്ന സുധാകരന്മാരോട് ഇന്ന് തിരിഞ്ഞു നിന്ന് "ഓളെ പഠിപ്പിച്ചതാണ് ശരി" എന്ന് അവർ പറയും. എന്റെ ശരികളെ അവര് അംഗീകരിച്ചു തുടങ്ങിയതും പരിഹസിച്ചവർക്കും അവഗണിച്ചവർക്കും ഒറ്റപ്പെടുത്തിയവർക്കുമിടയിലൂടെ തല ഉയർത്തി നടക്കാനായി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

advertisement

യൂണിവേഴ്സിറ്റി കാമ്പസിലെ റിസർച്ച് കാലഘട്ടം ഒട്ടനവധി സമരപരമ്പരകളുടേതു കൂടിയായിരുന്നു. അത്കൊണ്ട് തന്നെ രാപ്പകൽ സമരം, white Rose II, 156 ദിവസത്തെ നിരാഹാര സമരം തുടങ്ങി പല സമരങ്ങളുടെയും ഭാഗമാവാനും സാധിച്ചിട്ടുണ്ട്. നിരാഹാര സമരത്തെ തുടർന്നുണ്ടായ 5 മാസത്തെ സസ്‌പെൻഷൻ, വീട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ, ഹോസ്റ്റലിൽ നിൽക്കരുതെന്ന ഉത്തരവ്, എങ്ങോട്ട് പോവുമെന്നറിയാതെ വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ, സസ്‌പെൻഷൻ ഡിസ്മിസലായേക്കുമോയെന്ന ഭയപ്പെടുത്തലുകൾ, തികച്ചും പ്രതിസന്ധിയിലായിപ്പോയ സമയങ്ങൾ. തളർന്നു പോവാതെ പിടിച്ചു നിന്നത് ഞാൻ പിടിച്ച കൊടിയുടെ ധൈര്യത്തിലാണ്, അഭയം തന്ന സഖാക്കളുടെ ഉറപ്പിലാണ്.

advertisement

റിസർച്ച് കാലയളവിൽ യൂണിവേഴ്സിറ്റി ഹോസ്റ്റൽ തന്നെയായിരുന്നു എന്റെ വീട്. ഓണത്തിനും വിഷൂനും നോമ്പിനും അങ്ങനെ എല്ലാ അവധിക്കും വെക്കേഷനും എല്ലാവരും വീട്ടിൽ പോവുമ്പോഴും ഞാനിവിടെത്തന്നെയായിരുന്നു, നിപ്പ സമയത്ത് ഹോസ്റ്റൽ അടച്ചു പൂട്ടിയപ്പോഴും സ്പെഷ്യൽ പെർമിഷൻ വാങ്ങി ഇവിടെ നിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മെസ്സിലെ ചേച്ചിമാരും ഹോസ്റ്റൽ മെട്രോന്മാരും ഏറെ പ്രിയപ്പെട്ടവരാണെന്നും.

അപമാനിച്ചവരും പരിഹസിച്ചവരും ഏറെയുണ്ട്. കാണാൻ ഭംഗിയില്ലാത്തോണ്ട് എത്ര വേണമെങ്കിലും പഠിക്കാലോന്ന് പറഞ്ഞു പരിഹസിച്ചവരോടും, ആദ്യാമായിട്ട് ഫോട്ടോ പബ്ലിഷ് ചെയ്ത വന്ന ട്യൂഷൻ ക്ലാസിലെ നോട്ടീസ് മോന്റെ അപ്പി തുടക്കാനെടുത്തെന്നു പറഞ്ഞവരും അത് കേട്ട് എല്ലാവരും കളിയാക്കി ചിരിച്ചപ്പോഴും, ഓടിപ്പോയി ആരും കാണാതെ പൊട്ടിക്കരഞ്ഞ ആ കൊച്ചുകുട്ടിയുടെ വാശിയാണ് ഇവിടം വരെ എത്തിച്ചത്, അന്ന് പരിഹസിച്ചവരെക്കൊണ്ടൊക്കെ തിരുത്തി പറയിപ്പിക്കും എന്ന വാശി.

advertisement

അതുകൊണ്ടൊക്കെ തന്നെ ഈ റിസർച്ച് കാലഘട്ടം എനിക്ക് സമരപോരാട്ടങ്ങളുടെ കാലമാണ്, നിലനിൽപിന് വേണ്ടിയുള്ള സമരം. വീണിട്ടും വീണിട്ടും ലക്‌ഷ്യം കാണുന്നത് വരെയുള്ള സമരം.

എല്ലാവര്ക്കും നന്ദി അഭിനന്ദിച്ചവർക്കും അപമാനിച്ചവർക്കും പുച്ഛിച്ചവർക്കും, കരഞ്ഞു പറഞ്ഞിട്ടും സഹായിക്കാതെ മുഖം തിരിച്ചവർക്കും എല്ലാവര്ക്കും.

മാപ്പ്, നിശ്ചയിച്ചുറപ്പിച്ച ചെക്കന്റെ വീട്ടുകാരോട്, അവന്റെ ഉമ്മയോട്, ഒരുപക്ഷെ അന്നങ്ങനെ തീരുമാനിച്ചില്ലെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
'ഈയൊരു ദിവസത്തിനായാണ് ഇത്രയുംകാലം ജീവിച്ചത്'; പിഎച്ച്ഡി നേടിയ സന്തോഷം പങ്കുവെച്ച സച്ചുവിന് സോഷ്യൽമീഡിയയുടെ കൈയടി