ജലക്ഷാമം രൂക്ഷമായ മേഖലയാണ് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശങ്ങൾ. വരാനിരിക്കുന്ന ജലക്ഷാമത്തിന്റെ തീവ്രത കുറച്ചെങ്കിലും കുറയ്ക്കുന്നതിനുള്ള പദ്ധതിക്കാണ് ഇവിടുത്തെ സ്ത്രീകൾ തുടക്കമിട്ടിരിക്കുന്നത്. മഴയിൽ ലഭിക്കുന്ന വെള്ളം സംഭരിച്ച് കിണർ റീചാർജ് ചെയ്യുന്ന പദ്ധതി. ജനകീയാസൂത്രണ പദ്ധതിക്ക് കീഴിൽ വരുന്നതാണ് കിണർ റീചാർജിങ്. ഇതാദ്യമായി നടപ്പാക്കിയിരിക്കുന്നത് കല്ലിയൂർ പഞ്ചായത്തിലാണ്. ഇതിനോടകം ആറ് കിണർ റീചാർജ് ചെയ്തിട്ടുണ്ട്.
advertisement
കല്ലിയൂരിലെ കൃഷി ഓഫീസർ നിഷ സോമൻ, പഞ്ചായത്ത് മെമ്പർ ബീന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിർമിതിയിൽ നിന്ന് കെട്ടിട നിര്‍മാണത്തിൽ പരിശീലനം ലഭിച്ച സ്ത്രീകൾ തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പുരുഷന്മാർ മുന്നോട്ടു വരാതിരുന്ന സാഹചര്യത്തിൽ സ്ത്രീകൾ ഇത് ഏറ്റെടുക്കുകയായിരുന്നു. കിണറിനു സമീപത്ത് നിശ്ചിത ആഴത്തിലും ഉയരത്തിലുമുള്ള കുഴിയെടുത്ത് അതിൽ മണൽ പാകി മുകളിൽ പൈപ്പിട്ട് മഴവെള്ളം സംഭരിച്ച് ഇത് പിന്നീട് കിണറ്റിലേക്ക് തന്നെ ഒഴുക്കി വിടുന്നതാണ് കിണർ റീചാർജിങ്.
എങ്ങനെ ചെയ്യും എന്നറിയാത്തതിന്റെ പ്രതിസന്ധി തുടക്കത്തിൽ ഉണ്ടായിരുന്നുവെന്ന് കൃഷി ഓഫീസർ നിഷ സോമൻ പറഞ്ഞു. ഒരെണ്ണം ചെയ്തു കഴിഞ്ഞപ്പോൾ ഇക്കാര്യത്തില്‍ ധാരണ ഉണ്ടായി. പഞ്ചായത്തിലെ മുഴുവൻ കിണറുകളും ഇങ്ങനെ ചെയ്യേണ്ടതുണ്ട്. അടുത്ത വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നും നിഷ പറഞ്ഞു.
ഇവർക്ക് തടസമാകുന്നത് പ്രദേശത്തെ മണ്ണ് തന്നെയാണ്. വരണ്ടുറച്ച മണ്ണ് വെട്ടിക്കീറുന്നത് ഏറെ ആയാസമുളള ജോലിയാണ്. പുരുഷനോളം കായികക്ഷമത ഇല്ലാത്തതിനാൽ ഇതിന് ഏറെ സമയമെടുക്കുന്നു. എങ്കിലും പിന്മാറാൻ തയ്യാറല്ല ഈ പെൺപട. പ്രതിസന്ധികൾ മറികടന്ന് ഏറ്റെടുത്ത ദൗത്യം പൂർത്തിയാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഇവർ.
