കോഴിക്കോട് മിഠായിത്തെരുവിലെ തയ്യല്‍ക്കടയില്‍ നിന്നാണ് വിജി തുടങ്ങിയത്. തെരുവിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ തിരിച്ചറിഞ്ഞു. അവരെ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുത്തു. ലോകത്തെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടിക ബി.ബി.സി പുറത്തുവിട്ടപ്പോള്‍ അതില്‍ എഴുപത്തിമൂന്നാം സ്ഥാനക്കാരിയായി കോഴിക്കോടിന്റെ സ്വന്തം വിജിയുമുണ്ട്. അടുത്ത സുഹൃത്തും വനിതാപ്രവർത്തകയുമായ അന്വേഷിയിലെ അജിത വിളിച്ചുപറഞ്ഞപ്പോഴാണ് വിജി ഇക്കാര്യം അറിയുന്നത്.
2014 മെയ് ഒന്നിനാണ് കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവിലൂടെ തലയിൽ കസേരകളുമേന്തി വിജിയുടെ നേതൃത്വത്തിൽ സ്ത്രീതൊഴിലാളികൾ പ്രതിഷേധിച്ചത്. ഇങ്ങനെയാണ് കേരളത്തിൽ ശ്രദ്ധേയമായ ഇരുപ്പ് സമരത്തിന്‍റെ തുടക്കം. വിജിയും കൂട്ടരും മിഠായിത്തെരുവിൽ തിരികൊളുത്തിയ സമരം പിന്നീട് തൃശൂരിലേക്കും ആലപ്പുഴയിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു.
advertisement
മിഠായിത്തെരുവില്‍ ജോലിക്കെത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് മൂത്രമൊഴിക്കാന്‍ സൗകര്യമില്ല, ടെക്സ്റ്റൈല്‍സുകളില്‍ മുതലാളിമാര്‍ ഇരിക്കാന്‍ പോലും അവകാശില്ലാതെ പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി ചെയ്യിക്കുന്നു, മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ കൈയ്യൊഴിഞ്ഞ സ്ത്രീകളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ വിജി ഏറ്റെടുത്തു. 2009ല്‍ തുടങ്ങിയ പെണ്‍കൂട്ട് എന്ന സംഘടന നടത്തിയ ഐതിഹാസികമായ സമരങ്ങള്‍ക്ക് ഫലമുണ്ടായി. മിഠായിത്തെരുവില്‍ കെട്ടിടങ്ങളില്‍ ടോയ്‌ലെറ്റുകള്‍ നിര്‍ബന്ധമാക്കി.
ബി.ബി.സിയുടെ അംഗീകാരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണെന്ന് വിജി പറയുന്നു. എന്നാൽ ഇതുകൊണ്ട് പോരാട്ടം അവസാനിക്കുന്നില്ലെന്നും അത് തുടരുമെന്നും അവർ പറയുന്നു. സ്ത്രീ തൊഴിലാളികള്‍ ഇപ്പോഴും തൊഴില്‍പ്രശ്‌നങ്ങള്‍ പറഞ്ഞ് വിജിയെ തേടിയെത്തുന്നു. ഉപജീവനമാര്‍ഗമായ തയ്യല്‍ ജോലിക്കും കുടുംബകാര്യങ്ങള്‍ക്കുമിടയിലാണ് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിജി പരിഹാരം കാണുന്നത്.
