TRENDING:

ഇന്ന് ലോക ശ്രവണദിനം; തുടക്കത്തിലേ തിരിച്ചറിയാം ശ്രവണ വൈകല്യങ്ങൾ

Last Updated:

ബധിരത എന്നത് ഒരു വൈകല്യം അല്ല എന്നും ബധിരർ എന്നാൽ ആംഗ്യഭാഷ സംസാരിക്കുന്ന ഒരു ന്യൂനപക്ഷം ആണെന്നും ആയിരുന്നു ആ സംസ്കാരം മുന്നോട്ട് വച്ചിരുന്ന ആശയം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'അന്ധത നമ്മളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നകറ്റുന്നു, പക്ഷേ ബധിരത നമ്മളെ നമ്മളിൽ നിന്നു തന്നെ അകറ്റുന്നു' എന്നു പറഞ്ഞത് അന്ധയും ബധിരയുമായിരുന്ന അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ ആണ്. ഒരു ആരോഗ്യപ്രശ്നത്തെ മറ്റൊന്ന് വച്ച് അളക്കുക എന്ന ഉദ്ദേശത്തിലല്ല ഇതിവിടെ പറയുന്നത്. അവനവനിൽ നിന്നകലുമ്പോൾ ഒരാൾ അയാളല്ലാതായി പോകുന്നുവെന്നാണ് ഹെലൻ കെല്ലർ നിരീക്ഷിച്ചത്. സമൂഹത്തിൽ നിന്ന് എത്രമാത്രം അന്യവൽക്കരിക്കപ്പെടാനും ഒറ്റപ്പെടാനും ബധിരത കാരണമാകുന്നു എന്ന കാര്യം സൂചിപ്പിക്കാനാണത് പറഞ്ഞത്.
advertisement

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെയും ആഗോളതലത്തിൽ ഒരു 'ബധിരസംസ്കാരം' നിലനിന്നിരുന്നു. ബധിരത എന്നത് ഒരു വൈകല്യം അല്ല എന്നും ബധിരർ എന്നാൽ ആംഗ്യഭാഷ സംസാരിക്കുന്ന ഒരു ന്യൂനപക്ഷം ആണെന്നും ആയിരുന്നു ആ സംസ്കാരം മുന്നോട്ട് വച്ചിരുന്ന ആശയം. ശബ്ദമില്ലാത്ത ലോകത്ത് ജനിച്ചു, ജീവിക്കുന്ന കുറേയധികം മനുഷ്യർ ചേർന്നുള്ള ഒരു സമാന്തരസംസ്കാരം.

also read:കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

എന്നാൽ കാലം മുന്നോട്ട് പോയതോടെ ബധിരതയും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുന്നതരം ആരോഗ്യപ്രശ്നമായി തന്നെ ശാസ്ത്രം തിരിച്ചറിയുകയും വിവിധതരം ചികിത്സാ മാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെടുകയും ചെയ്തു. കോക്ലിയർ ഇംപ്ലാൻറ്റ് ഉൾപ്പെടെയുള്ള വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ ആഗോള ബധിരസംസ്കാരം എന്ന ആശയത്തെ തന്നെ ഇല്ലാതാക്കി.

advertisement

ഒരു കുഞ്ഞ്, ഗർഭാവസ്ഥയിലായിരിക്കുമ്പോഴേ പുറമേ നിന്നുള്ള ശബ്ദങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാൽ കഥകളിലേതു പോലെ കാര്യങ്ങൾ മനസിലാക്കാനൊന്നും അതിനാവില്ല. കാരണമവർക്ക് ഭാഷയറിയില്ല. ഭാഷയെന്നത് നമ്മൾ നിരന്തരമായി ഒരു ശബ്ദപ്രപഞ്ചത്തിലൂടെ കടന്നുപോകുമ്പോൾ സ്വായത്തമാകുന്നതാണ്.

ഒരു കുഞ്ഞ് ജനിച്ചു വീഴുന്ന നിമിഷം മുതൽ പടിപടിയായി ഭാഷയും സംസാരവും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വാമൊഴിയായി ഭാഷ പഠിക്കാൻ കേൾവി കൂടിയേ തീരൂ. ആദ്യത്തെ 3 വർഷങ്ങളാണ് സംസാരത്തിനും ആശയവിനിമയത്തിനും ഭാഷ കൈകാര്യം ചെയ്യാനും കുഞ്ഞിനെ പ്രാപ്തനാക്കുന്ന ഏറ്റവും പ്രധാന കാലഘട്ടം. കുട്ടിയുടെ ബുദ്ധിവികാസത്തിന് ഏറ്റവും അനിവാര്യമായ സമയവും ഇതാണ്.

advertisement

കുട്ടികളുടെ ബൗദ്ധികമായ വളർച്ചയ്ക്ക് കേൾവിയ്ക്ക് പരമമായ പ്രാധാന്യമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ശ്രവണ വൈകല്യങ്ങളുണ്ടെങ്കിൽ അതെത്രയും നേരത്തേ കണ്ടുപിടിക്കുക എന്നതാണ് ഇതിലേറ്റവും പ്രധാനകാര്യം. എന്നാൽ മാത്രമേ കൃത്യസമയത്ത് വേണ്ട ഇടപെടൽ നടത്താനും ചികിത്സ ആവശ്യമെങ്കിൽ തുടങ്ങാനും അങ്ങനെ ന്യൂനതയുടെ തോത് കുറച്ചു കൊണ്ടുവരാനും സാധിക്കൂ.

also read:BREAKING | ജയ്പൂരിലും കൊറോണ; രോഗബാധ സ്ഥിരീകരിച്ചത് ഇറ്റാലിയൻ പൗരനിൽ

പക്ഷെ ജനിച്ചു വീണൊരു കുഞ്ഞ് നമ്മൾ കേൾക്കുന്ന ശബ്ദങ്ങളൊക്കെ കേൾക്കുന്നുണ്ടോന്ന് നമുക്കറിയാൻ പാടാണ്. അതിന് പ്രത്യേകം ടെസ്റ്റുകളൊക്കെ ചെയ്ത് നോക്കണം. ഇന്ന് ഒട്ടുമിക്ക ആശുപത്രികളും പ്രസവം കഴിഞ്ഞ് വീട്ടിൽ വിടും മുമ്പേ കുഞ്ഞിൻറെ കേൾവി ടെസ്റ്റ് ചെയ്യിക്കാറുണ്ട്. എന്നിരുന്നാലും ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ ശ്രദ്ധ പതിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ചു കാര്യങ്ങൾ പറയാം.

advertisement

ഒരു കുഞ്ഞുണ്ടായാൽ കേൾവി തീർച്ചയായും പരിശോധിച്ചിരിക്കേണ്ടവർ ആരൊക്കെ?

  •  അടുത്ത ബന്ധുക്കളിൽ കേൾവിക്കുറവ് ഉണ്ടെങ്കിൽ
  • ഗർഭാവസ്ഥയിൽ അമ്മക്ക് റൂബെല്ലയോ ചിക്കൻപോക്സോ പോലുള്ള അണുബാധകൾ വന്നിട്ടുണ്ടെങ്കിൽ
  • മാസം തികയാതെ ജനിച്ച കുഞ്ഞാണെങ്കിൽ
  • പ്രസവ സമയത്ത് കരയാൻ വൈകിയ കുട്ടിയാണെങ്കിൽ
  • നവജാതശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം നിമിത്തം രക്തം മാറ്റിവക്കേണ്ടി വരുന്ന കുട്ടിയാണെങ്കിൽ
  • ജന്മനാൽ മറ്റ് ഏതെങ്കിലും അവയവങ്ങൾക്ക് പ്രശ്നങ്ങളോ ജനിതക തകരാറുകളോ ഉണ്ടെങ്കിൽ
  • നവജാതശിശുക്കൾക്ക് അണുബാധയോ അത് നിമിത്തം ആന്റിബയോട്ടിക് ഇഞ്ചക്ഷൻ എടുക്കേണ്ടിയോ വരികയുണ്ടായാൽ
  • advertisement

  • വളർച്ചയുടെ ഏത് ഘട്ടത്തിലായാലും കുട്ടിയെ പരിചരിക്കുന്നയാൾ/സംരക്ഷിക്കുന്നയാൾ കുട്ടിക്ക് കേൾവിക്കുറവ് ഉണ്ടെന്ന് സംശയം തോന്നിയാൽ ഈ പറഞ്ഞ എല്ലാവരിലും പ്രത്യേക ശ്രദ്ധ നൽകി കേൾവി പരിശോധന നടത്തേണ്ടതാണ്. 

കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ നേരത്തെ കണ്ടെത്താന്‍

കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ EHDI 2019 ( Early Hearing detection and intervention Program) ചില നിർദ്ദേശങ്ങൾ മുന്നോട്ട് വക്കുന്നുണ്ട്. അതിനായി ആവശ്യം വരുന്ന പരിശോധനകൾ ഇവയാണ്,

  1. OAE അഥവാ ഓട്ടോ അക്കോസ്റ്റിക് എമിഷൻ പരിശോധന.
  2. OAE പരിശോധനയാണ് പൊതുവേ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികളിലെ സ്ക്രീനിംഗിന് ഉപയോഗിക്കുന്നത്. OAE യിൽ ശ്രവണത്തകരാർ ഉണ്ടെങ്കിൽ Refer ( റഫർ) എന്നും ഇല്ലെങ്കിൽ Pass (പാസ്സ് ) എന്നും ആണ് ഫലം കാണിക്കുക.

  3. BERA ( Brainstem Evoked Response Audiometry)OAE പരിശോധനയിൽ റഫർ എന്ന് കണ്ടാൽ ആ കുട്ടിയെ BERA എന്ന പരിശോധനയ്ക്കും മറ്റ് കൂടുതൽ പരിശോധനകൾക്കും വിധേയമാക്കണം.

OAE പാസ് എന്നത് കൊണ്ട് ശ്രവണത്തകരാർ ഇല്ലെന്ന് 100% ഉറപ്പിച്ചു പറയാൻ സാധിക്കില്ല. അതിനാൽ തന്നെ മേൽ പറഞ്ഞ സാഹചര്യത്തിൽ അപകട സാധ്യത കൂടുതൽ ഉള്ളവരിൽ OAE പാസ് കണ്ടാലും റഫർ കണ്ടാലും BERA ചെയ്യണം.

ഉദാ: OAE പാസ് ആണെങ്കിലും ശ്രവണ ഞരമ്പിനെ ബാധിക്കുന്ന Auditary Neuropathy പോലെയുള്ള അസുഖങ്ങൾ BERA ടെസ്റ്റ് കൂടി ചെയ്യാതെ കണ്ടെത്താൻ സാധിക്കില്ല. അങ്ങനെയുണ്ടാവാൻ സാധ്യതയുണ്ടെന്ന് ഡോക്ടർക്ക് തോന്നിയാൽ BERA കൂടി ചെയ്യണം.

EHDI പ്രകാരമുള്ള നിർദ്ദേശങ്ങൾ

  • എല്ലാ നവജാത ശിശുക്കൾക്കും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകും മുന്നേ ആദ്യഘട്ട സ്ക്രീനിംഗ് പരിശോധന OAE ഉപയോഗിച്ച് ചെയ്യണം.
  •  ഒരു തവണ OAE യിൽ റഫർ എന്നു കണ്ടാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടും ചെയ്തു നോക്കണം.
  •  ശിശുവിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ OAE ഫലം റഫർ എന്നാണെങ്കിൽ രണ്ടാഴ്ചക്കു ശേഷം BERA പരിശോധന ചെയ്യണം.
  • ചെവിയിൽ, മദ്ധ്യകർണത്തിൽ നീർക്കെട്ട് ഉണ്ടെങ്കിൽ Tympanometry പരിശോധനയും നീർക്കെട്ടിനുള്ള ചികിത്സയും വേണ്ടി വരും. ചിലപ്പോൾ ചെവിയുടെ പാടയിൽ (കർണപുടം) നേർത്ത ട്യൂബ് ഇട്ട് നീര് കളയേണ്ടിവരും. അതിനു ശേഷം മാത്രമേ BERA ചെയ്യാൻ സാധിക്കുകയുള്ളു
  • ശിശുവിന് രണ്ട് മാസം പ്രായം ആകുമ്പോഴേക്കും ശ്രവണത്തകരാർ ഉണ്ടോ എന്ന് തീർച്ചപ്പെടുത്തിയിരിക്കണം
  • ശ്രവണത്തകരാർ ഉണ്ടെന്ന് തീർച്ചപ്പെടുത്തിയാൽ ശിശുവിന് 3 മാസം ആകുമ്പോഴേക്കും ശ്രവണ സഹായി (Hearing Aid) നൽകുകയും സ്പീച്ച് തെറാപ്പി തുടങ്ങുകയും വേണം
  • ഇതിന് സമാന്തരമായി തലയുടെ എം ആർ ഐ ഉൾപ്പെടെയുള്ള സ്കാനിംഗ് പരിശോധനകളും മറ്റ് ശ്രവണ പരിശോധനകളും ചെയ്യുകയും കോക്ലിയർ ഇംപ്ലാന്റ് പോലെയുള്ള ഇപ്ലാന്റുകളുടെ സഹായത്തോടെ ശ്രവണശേഷി ലഭിക്കുമോ എന്ന് ഉറപ്പിക്കുകയും വേണം.
  • ശേഷം കോക്ലിയർ ഇംപ്ലാന്റ് വേണമെങ്കിൽ ഒരു വയസിനു മുൻപ് ചെയ്യുകയും സ്പീച്ച് തെറാപ്പി തുടങ്ങുകയും വേണം.

തുടർ പരിശോധനകൾ ആർക്കെല്ലാം? എങ്ങനെ?

ശ്രവണത്തകരാർ വരാൻ കൂടുതൽ സാധ്യത ഉള്ളവരെ കുറിച്ച് മുൻപ് സൂചിപ്പിച്ചല്ലോ. അത്തരം കുട്ടികളിൽ OAE, BERA എല്ലാം നോർമലാണെങ്കിലും ഒന്നര വയസിൽ വീണ്ടും കേൾവി പരിശോധന നടത്തണം. തുടർന്ന് 4,5, 6, 8, 10 വയസുകളിലും പരിശോധന ചെയ്യണം. മൂന്നു വയസിനു ശേഷം PTA (Pure Tone Audiometry ) വഴി കുറച്ചു കൂടി കൃത്യമായ പരിശോധന നടത്താവുന്നതാണ്. മറ്റ് പ്രത്യേക ശ്രദ്ധയും പരിശോധനകളും ആവശ്യമായ കുട്ടികൾ ഇവരാണ് -

  • പരിമിതമായ സംസാരം/സംസാരം തീരെ ഇല്ലാത്തവർ
  • മറ്റുള്ളവരുടെ സംഭാഷണം കുട്ടിക്ക് മനസിലാകാതെയിരിക്കുന്ന അവസ്ഥ
  • ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുന്നു എന്ന് അധ്യാപകർ പരാതിപ്പെടുക.
  • ഉയർന്ന ശബ്ദത്തിൽ TV, റേഡിയോ എന്നിവ പ്രവർത്തിപ്പിക്കുന്നവർ
  • ഹെഡ്സെറ്റ് വയ്ക്കുമ്പോൾ ഒരു ചെവിയിൽ മാത്രം ശബ്ദം കേൾക്കുന്നില്ല എന്ന് പരാതിപ്പെടുക. ഒരു ചെവിയിൽ മാത്രം കേൾവിയുള്ളവർ എല്ലാ വർഷവും കേൾവി പരിശോധിക്കേണ്ടതാണ്
  • മുപ്പത് ഡെസിബലിൽ താഴെയുള്ള കേൾവിക്കുറവ് OAE, BERA മുതലായ പരിശോധനകളിൽ മനസിലാകണം എന്നില്ല. എന്നാൽ ഇത് കുട്ടിയുടെ പഠനത്തെ കാര്യമായി ബാധിക്കാം. ആയതിനാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളിലും കേൾവിക്കുറവ് സംശയിക്കുകയും ടെസ്റ്റ് ചെയ്യുകയും വേണം.

ഇത്തരത്തിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടത് കുട്ടിയുടെ ഭാഷ, പഠനം, ആശയ വിനിമയം, വൈകാരികവും ബുദ്ധിപരവുമായ വികാസം എന്നിവയ്‌ക്കെല്ലാം അത്യാവശ്യമാണ്. എത്രയും നേരത്തേ ശബ്ദത്തെ സംവേദിക്കാൻ തലച്ചോറിനു സാധിച്ചാൽ മാത്രമേ അതിനോട് ആനുപാതികമായി ആ ഭാഗം വികസിക്കുകയും വ്യക്തി വികസനം ഉണ്ടാവുകയും ചെയ്യുകയുള്ളൂ. അതിനാൽ തന്നെ ബുദ്ധിപരമായ പരിമിതികൾ ഉള്ള കുട്ടികൾക്ക് പോലും കേൾവി കാര്യത്തിൽ കൃത്യസമയത്ത് ആവശ്യമായ ഇടപെടലുകൾ നടത്തിയാൽ ഒരു പരിധി വരെ ബൗദ്ധിക വികാസം ഉണ്ടാക്കാൻ സാധിക്കും.

അതായത് ശ്രവണകുറവ് കണ്ടെത്താൻ വൈകുന്ന ഓരോ നിമിഷവും കുട്ടിയുടെ വളർച്ചക്കുള്ള സാധ്യതകളെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ച് സമയബന്ധിതമായി ഇടപെടാൻ സാധിച്ചാൽ ശ്രവണക്കുറവ് സാധാരണ ജീവിതത്തിൽ ഒരു പരിമിതിയേ ആവില്ല. ഉദാഹരണത്തിന് കേൾവിക്കുറവ് നേരത്തേ കണ്ടെത്തുകയും ഒരു വയസിനു മുൻപ് കോക്ലിയർ ഇമ്പ്ലാന്റും തുടർന്ന് കൃത്യമായി സ്പീച്ച് തെറാപ്പിയും ലഭിച്ച ഒരു കുട്ടിക്ക് മൂന്നു വയസാകുമ്പോൾ ഏതൊരു സാധാരണ കുട്ടിയെയും പോലെ ഉള്ള വളർച്ചയും വികാസവും ഭാഷ കൈകാര്യം ചെയ്യാൻ ഉള്ള കഴിവും ഉണ്ടാകും.

സുരക്ഷിതമായ ശബ്ദത്തെ പറ്റിയും കേൾവിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റിയും ഒക്കെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും മാർച്ച് 3 ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 'ലോക ശ്രവണദിന'മായി ആചരിക്കുന്നത്. 'ശ്രവണനഷ്ടം നിങ്ങളെ പരിമിതപ്പെടുത്തരുത് (Dont Let hearing Loss Limit You)' എന്ന മുദ്രാവാക്യത്തോടെ ആചരിക്കപ്പെടുന്ന ഇക്കൊല്ലത്തെ ശ്രവണദിനം മേൽസൂചിപ്പിച്ച പോലെ സമയബന്ധിതവും കൃത്യവുമായ ഇടപെടലുകളെ പറ്റി ആണ് നമ്മളെ ഓർമ്മിപ്പിക്കുന്നത്.

ലോകത്തിനെ ഏറ്റവും മനോഹരമായ സംഗീതം കേൾപ്പിച്ച ബീഥോവൻ, ആശയ വിനിമയത്തിനായി ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബൽ, ബധിരവിലാപം എഴുതിയ വള്ളത്തോൾ

തുടങ്ങി ശ്രവണ തകരാറുകളെ അതിജീവിക്കുകയോ അതിനാൽ പ്രചോദനം ഉൾകൊള്ളുകയോ ചെയ്ത ഒരുപാട് പേരുടെ ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്.

എങ്കിലും...

മാറിയ സാഹചര്യത്തിൽ...

പുതിയ യുഗത്തിൽ..

ശ്രവണകുറവ് മൂലം ഒരു കുട്ടി പോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുത് എന്നതാവണം നമ്മുടെ ലക്ഷ്യം.

(എഴുതിയത് -ഡോ. നീതു ചന്ദ്രൻ(ENT Surgeon))

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കടപ്പാട്: Info Clinic

മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ന് ലോക ശ്രവണദിനം; തുടക്കത്തിലേ തിരിച്ചറിയാം ശ്രവണ വൈകല്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories