രണ്ട് എസ്‌യുവികളുടെയും വലിപ്പത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും പുതിയ തലമുറയിൽപ്പെട്ട വാഹനം പുതിയ ജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ചേസിസിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസൈനിലും ഘടനയിലും മാറ്റം വരുത്തി കരുത്ത് വർധിപ്പിച്ചെങ്കിലും ഇതിന്റെ ഭാരം 200 കിലോഗ്രാം കുറച്ചിട്ടുണ്ട്. ലാൻഡ് ക്രൂയിസർ എൽസി 300ന്റെ ഇന്റീരിയർ കൂടുതൽ ലക്ഷ്വറി ഭാവം നൽകും വിധം പരിഷ്‌ക്കരിച്ചിട്ടുമുണ്ട്.
advertisement
3D മൾട്ടി ടെറൈൻ സെൻസർ, ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയത് എൽസി 300നെ അതിന്റെ ഓഫ് റോഡ് കഴിവുകൾ (ഇകെഡിഎസ്എസ്) മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. കൂടാതെ, നിലവിലെ മോഡലിൽ ഉപയോഗിച്ചിരുന്ന വി 8 ഡീസൽ എഞ്ചിനുകൾക്ക് ഉപേക്ഷിച്ച് ട്വിൻ ടർബോ പെട്രോൾ വി 6 എഞ്ചിനുകളാണ് പുതിയ എസ്യുവിക്ക് ടൊയോട്ട നൽകിയിരിക്കുന്നതെന്ന് സിഗ്‌വീൽസ് റിപോർട്ട് ചെയ്യുന്നു. ലാന്റ് ക്രൂയിസറിൽ സ്ഥിരമായുള്ള 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് തന്നെയാണ് പുതിയ മോഡലിനുമുള്ളത്. ടൊയോട്ടയുടെ കരുത്തനായ ലാന്റ് ക്രൂയിസർ ഗൾഫ് മേഖലയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്.
അന്താരാഷ്ട്ര വിപണിയിൽ ഇറക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ 300ന് 3.3 ലിറ്റർ വി 6 ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 308 ഹോഴ്സ്പവറും 700 ന്യൂട്ടൻ മീറ്ററിന്റെ കൂറ്റൻ ടോർക്കുമാണ് ഈ എഞ്ചിൻ പുറത്തെടുക്കുന്നത്. എന്നാൽ, മിഡിൽ ഈസ്റ്റിനായുള്ള വേരിയന്റിന് 3.5 ലിറ്റർ വി 6 പെട്രോൾ എഞ്ചിനും 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. ഈ എഞ്ചിന് 414 ഹോഴ്സ്പവറും 650 എൻഎം ടോർക്കും പുറത്തെടുക്കാൻ സാധിക്കും.
നിലവിൽ ദുബായ് പൊലീസ് ഉപയോഗിക്കുന്ന ആഡംബര വാഹന ശ്രേണിയിൽ ആസ്റ്റൺ മാർട്ടിൻ വൺ -77, ലൈകാൻ ഹൈപ്പർ സ്പോർട്ട്, ഔഡി ആർ 8, ബെന്റ്ലി കോണ്ടിനെന്റൽ ജിടി എന്നിവ ഉൾപ്പെടുന്നുണ്ട്. നിലവിലെ വാഹനങ്ങളോടൊപ്പം ഇപ്പോൾ അവതരിപ്പിച്ച ടൊയോട്ടയുടെ എൽസി 300 പൊലീസ് സേനയില്‍ കരുത്തനാവുമെന്നതിൽ സംശയമില്ല.
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ ലോകത്തിലെ ആദ്യത്തെ ലാഡർ വേരിയന്റായ ടിഎൻജിഎ പ്ലാറ്റ്‌ഫോമിലാണ് എൽസി 300 നിർമിച്ചിരിക്കുന്നത്. ഇതിന് മുമ്പിറങ്ങിയ എൽസി 200 എന്ന ആഡംബര എസ്‌യുവി മോഡലിനെക്കാൾ ഭാരം കുറഞ്ഞതും ഇന്ധന ക്ഷമവുമാണ്. കൂടാതെ, എൽസി 200നേക്കാൾ കൂടുതൽ ആധുനിക ടെക്നോളജികൾ ഉൾപ്പെടുത്തിയാണ് എൽസി 300 പുറത്തിറങ്ങുന്നത്.