വിമാനത്താവളത്തിലെ സുരക്ഷാ സൗകര്യങ്ങളെ ലംഘിച്ചാണ് കാർലോസൺ ഇവിടേക്ക് നുഴഞ്ഞുകയറിയത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ചിറകിലാണ് 45 മിനിട്ടോളം ഇയാൾ കയറിയിരുന്നത്. ചിറകിൽ നിന്ന് താഴേക്ക് വീണ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലാസ് വെഗാസിൽ നിന്ന് പോർട്ട്‌ലാൻഡിലേക്കുള്ള 1367 വിമാനം ടേക്ക് ഓഫ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് വിമാനത്തിനടുത്തേക്ക് ഒരാൾ നടന്നു വരുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കൺട്രോൾ ടവറിനെ അറിയിക്കുകയായിരുന്നുവെന്ന് അലാസ്ക എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
വിമാനത്തിനുള്ളിലെ യാത്രക്കാരോട് ശാന്തരായി ഇരിപ്പിടങ്ങളിൽ തുടരാൻ എയർ മാർഷലുകൾ നിർദ്ദേശിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഏകദേശം 45 മിനിറ്റിനു ശേഷം ഉദ്യോഗസ്ഥർ എമർജൻസി എക്സിറ്റ് വഴി ചിറകിലേക്ക് കയറുകയും പ്രതിയുടെ അടുത്തെത്തുകയും ചെയ്തു.
ഇതിനിടെ ഇയാൾ സോക്സും ഷൂസും നീക്കം ചെയ്ത് വിമാനത്തിന്റെ ചിറകിന്റെ മുകൾ ഭാഗമായ വിംഗ്‌ലെറ്റിൽ കയറാൻ ശ്രമിച്ചു. താഴെവീണ ഇയാളെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരിയായിരുന്ന എറിൻ ഇവാൻസ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്തി.
നിസാര പരുക്കേറ്റ കാർലോസണിനെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് ചെയ്തു.