തകരാറുള്ള 15 ലക്ഷം വാഹനങ്ങൾ സമയബന്ധിതമായി തിരികെ വിളിക്കുന്നതിൽ ഹ്യുണ്ടായിയും കിയയും പരാജയപ്പെട്ടതായി യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) അറിയിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ എഞ്ചിന് തീപിടിക്കാൻ സാധ്യതയുള്ള തകരാറാണ് ഈ വാഹനങ്ങൾക്ക് ഉണ്ടായിരുന്നത്.
advertisement
സംഭവത്തിൽ ഹ്യുണ്ടായി 1035 കോടി രൂപയും കിയ 518 കോടി രൂപയുമാണ് പിഴയായി ഒടുക്കേണ്ടത്. ഇത് നൽകാമെന്ന് ഇരു കമ്പനികളും സമ്മതിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പിഴയായി ഈടാക്കിയ തുകയിൽ വലിയൊരു പങ്ക് വാഹനത്തിന്‍റെ സുരക്ഷ മെച്ചപ്പെടുത്താനായി ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ, വീണ്ടും വൻ തുക പിഴയായി നൽകണമെന്നും നിർദേശമുണ്ട്.
എഞ്ചിൻ തകരാർ, നിർമ്മാണ തകരാർ തുടങ്ങിയ പ്രശ്നങ്ങളുടെ പേരിൽ 2015, 2017 വർഷങ്ങളിലും ഹ്യൂണ്ടായി വൻ തുക പിഴയായി അടച്ചിരുന്നു. ഇതേത്തുടർന്ന് അമേരിക്കയിൽ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തുന്നതിന് ഒരു ലാബ് സ്ഥാപിക്കാമെന്ന് ഹ്യുണ്ടായ് സമ്മതിച്ചിരുന്നു. 2014 ഓഗസ്റ്റിൽ ബ്രേക്ക് തകരാറായതിനെ തുടർന്ന് 43500 ജെനസിസ് കാറുകൾ ഹ്യൂണ്ടായ് തിരിച്ചുവിളിച്ചിരുന്നു. അന്നു വൻതുക പിഴയായി കമ്പനിയ്ക്ക് അടയ്ക്കേണ്ടിവന്നിരുന്നു.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ വിപണികളിൽ വാഹന സുരക്ഷ വളരെ ഗൗരവമായി എടുക്കുന്നു, ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി പല ഉപഭോക്താക്കളും കാർ വാങ്ങുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.