2022 സെപ്റ്റംബറിൽ ചുമതലയേറ്റ എൽബേഴ്സിന്റെ നേതൃത്വത്തിൽ ഇൻഡിഗോ വലിയ വളർച്ച കൈവരിച്ചിരുന്നു. എന്നാൽ 2025 ഡിസംബറിലുണ്ടായ വൻ പ്രവർത്തന പരാജയമാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന. പൈലറ്റുമാരുടെ ജോലിസമയം സംബന്ധിച്ച പുതിയ നിയമങ്ങൾ (FTDL) നടപ്പിലാക്കുന്നതിലെ വീഴ്ചയെത്തുടർന്ന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് അന്ന് ദുരിതത്തിലായത്. ഡിസംബർ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ മാത്രം രണ്ടായിരത്തോളം സർവീസുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ ഡിജിസിഎ (DGCA) നടത്തിയ അന്വേഷണത്തിൽ ഇൻഡിഗോയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. മതിയായ മുന്നൊരുക്കമില്ലാതെ സർവീസുകൾ ആസൂത്രണം ചെയ്തതും സാങ്കേതിക പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനെത്തുടർന്ന് ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും സിഇഒ പീറ്റർ എൽബേഴ്സിന് ഡിജിസിഎ താക്കീത് നൽകുകയും ചെയ്തിരുന്നു.
advertisement
കെഎൽഎം റോയൽ ഡച്ച് എയർലൈൻസിൽ 30 വർഷത്തെ പ്രവൃത്തിപരിചയവുമായാണ് എൽബേഴ്സ് ഇൻഡിഗോയിലെത്തിയത്. എൽബേഴ്സിന്റെ കാലത്താണ് ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്കായി ചരിത്രപ്രധാനമായ ഓർഡർ നൽകിയതും കമ്പനിയുടെ വരുമാനം 10 ബില്യൺ ഡോളർ കടന്നതും.
