“ഇന്ത്യയിൽ ഇപ്പോൾ ആകെ 13.34 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗത്തിൽ ഉള്ളത്. അതേസമയം നിലവിൽ ഉപയോഗത്തിലുള്ള ഇലക്ട്രിക് ഇതര വാഹനങ്ങളുടെ എണ്ണം 27.81 കോടിയാണ് ,” ഘനവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ അറിയിച്ചു. ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുക, വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് 2015ൽ കേന്ദ്ര സർക്കാർ ഫെയിം ഇന്ത്യ (Faster Adoption and Manufacturing of (Hybrid and Electric Vehicles) in India- FAME INDIA) പദ്ധതി അവതരിപ്പിച്ചതെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.
advertisement
ഫെയിം ഇന്ത്യ സ്കീമിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണിപ്പോൾ. 2019 ഏപ്രിൽ 1 ന് ആരംഭിച്ച പദ്ധതിയുടെ കാലയളവ് അഞ്ച് വർഷമാണ്. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വിലയിൽ കുറവ് വരുത്തുന്നതിനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇത് ലക്ഷ്യമിട്ട് ഇന്ത്യയിൽ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
മന്ത്രി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് ഡൽഹിയിലാണ്. നിലവിൽ 1,56,393 ഇലക്ട്രിക് വാഹനങ്ങളാണ് ഡൽഹിയിൽ ഉപയോഗത്തിലുള്ളത്. തൊട്ടു പിന്നിൽ മഹാരാഷ്ട്രയാണ്, ഇവിടെ 1,16,646 ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗത്തിലുള്ളത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വർഷങ്ങളിൽ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഇപ്പോൾ വർധിച്ചതായി കാണാം. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യകതയിലും വിതരണത്തിലും വിപണിയില്‍ വൻ കുതിപ്പ് പ്രകടമായി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയർന്നിട്ടുണ്ട്. ബാറ്ററിയുടെ വില കുറയുന്നതും മെച്ചപ്പെട്ട ചാര്‍ജിങ് സൗകര്യങ്ങളും ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഈ വളര്‍ച്ചയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ പുറന്തള്ളല്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളും ഇലക്ട്രിക് വാഹന വില്‍പ്പന ഉയരാൻ കാരണമാകുന്നുണ്ട്. ഇന്ധനവില വര്‍ധന കാരണം നിരവധി പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറ്റാൻ തുടങ്ങിയതാണ് മറ്റൊരു കാരണം. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ മേഖലയിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാകുമെന്നാണ് പ്രതീക്ഷ.