ഇലക്ട്രിക് വാഹന വ്യവസായം രാജ്യത്ത് ആരംഭിച്ചിട്ട് അധിക നാൾ ആയിട്ടില്ല. ഈ മേഖലയെ പ്രത്സോഹിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരികയുമാണ്. പക്ഷേ, സുരക്ഷയുടെയും ജനങ്ങളുടെ ജീവന്റെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളിൽ നിർമാതാക്കൾക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് മന്ത്രിയുടെ പുതിയ പരാമർശം.
രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ സംഭവത്തിൽ കേന്ദ്രഗതാഗത മന്ത്രാലയം ഇടപെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇക്കാര്യത്തിൽ കമ്പനികളുടെ ഭാഗത്തു നിന്നുള്ള വീഴ്ച കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും പരിഹാരം നിർദേശിക്കാനും ഒരു കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും നിതിൻ ഗഡ്കരി അറിയിച്ചു. അതിനു മുൻപ് തകരാറുള്ള മുഴുവന്‍ വാഹനങ്ങളും കമ്പനികൾ ഉടൻ തിരിച്ചു വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
advertisement
ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിക്കുന്ന സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. വീട്ടിൽ വെച്ച് ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് നാൽപതുകാരൻ മരിച്ച വാർത്ത ആന്ധ്രാപ്രദേശിൽ നിന്നും അടുത്തിടെ പുറത്തു വന്നിരുന്നു. തെലങ്കാനയിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിസാമബാദ് സ്വദേശിയായ രാമസ്വാമിയാണ് തെലങ്കാനയിലെ വീട്ടിൽ വെച്ച് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.
തമിഴ്നാട്ടിലും ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചെന്നൈയ്ക്ക് സമീപം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
ജിതേന്ദ്ര ഇവി എന്ന കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടെയ്നറിനുള്ളിൽ വെച്ച് പൊട്ടിത്തെറിച്ചതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു. നാസിക്കിലെ ഫാക്ടറിയിൽ നിന്നും കൊണ്ടുപോകുകയായിരുന്ന സ്കൂട്ടറുകളാണ് പൊട്ടിത്തെറിച്ചത്. 40 സ്കൂട്ടറുകളാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇതിൽ 20 എണ്ണത്തിനും തീപിടിച്ചു. ഏപ്രിൽ 9 ന് സംഭവിച്ച അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.