600 കോടിയുടെ കെട്ടിക്കിടക്കുന്ന ചലാനുകളുടെ ബാക്ക്‌ലോഗ് നീക്കം ചെയ്യാനുള്ള പദ്ധതികളുടെ ഭാഗമാണിത്. സംസ്ഥാനത്തുടനീളമുള്ള എല്ലാ പോലീസ് യൂണിറ്റുകളില്‍ നിന്നുമായി ആറ് കോടിയിലധികം ട്രാഫിക് ചലാനുകള്‍ വഴി പിഴയായി ഈടാക്കാനുള്ള കുടിശ്ശിക തുക 1,750 കോടി രൂപയാണ്.
'തീര്‍പ്പാക്കാത്ത ചലാനുകളില്‍ കിഴിവ് വാഗ്ദാനം ചെയ്ത് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ചു,' ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറഞ്ഞു.
advertisement
പുതുതായി നടപ്പിലാക്കിയ കിഴിവ് അനുസരിച്ച്, എല്‍എംവി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ്), കാറുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവയ്ക്ക് അവര്‍ അടയ്ക്കേണ്ട തുകയില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ആര്‍ടിസി (റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകള്‍ക്ക് അവരുടെ കുടിശ്ശികയില്‍ 70 ശതമാനം കിഴിവ് ലഭിക്കും. അതേസമയം ഇരുചക്ര വാഹനങ്ങള്‍ക്ക് ചലാന്‍ തുകയില്‍ 75 ശതമാനം കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, ഒരു ബൈക്ക് യാത്രക്കാരന് 1000 രൂപയുടെ ചലാന്‍ ബാക്കിയുണ്ടെങ്കില്‍ കുടിശ്ശിക തീര്‍ക്കാന്‍ 250 രൂപ മാത്രം നല്‍കിയാല്‍ മതി. ഹെല്‍മെറ്റ് ധരിക്കാത്തതിനും അമിതവേഗതയിൽ വാഹനം ഓടിച്ചതിനുമുള്ളതാണ് മിക്ക ചലാനുകളും.
കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷങ്ങളില്‍ ചലാന്‍ ലഭിച്ച ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് (pushcart vendors) പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. അവരുടെ കുടിശ്ശികയില്‍ പോലീസ് 80 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.
കോവിഡ് വ്യാപന സമയത്ത് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നൽകിയ ചലാനുകളില്‍ 90% കിഴിവാണ് പൗരന്മാരെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഓഫര്‍. ''ഫേസ് മാസ്‌ക് ധരിക്കാത്തതിനും ശരിയായി ധരിക്കാത്തതിനുമുള്ള പിഴ 1,000 രൂപയാണ്. ഇത്തരത്തിൽ പിഴ ലഭിച്ച പൌരന്മാര്‍ക്ക് 100 രൂപ മാത്രം അടച്ച് ചലാനുകളില്‍ നിന്ന് രക്ഷ നേടാം,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'' ഇ-ചലാനെതിരെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ട്. എന്നാൽ പൗരന്മാരുടെ സുരക്ഷയ്ക്കായാണ് ഈ ആശയം അവതരിപ്പിച്ചത്, അത് തുടരും. മഹാമാരി പലരെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിനാല്‍ അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്നും '' ഓഫീസര്‍ പറഞ്ഞു.
