ഒരു കാറിന്റെ ഒട്ടുമിക്ക സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഓഫീസ് ചെയർ ആണ് കമ്പനി പുതിയതായി വികസിപ്പിച്ചെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ കഴിയും എന്നതാണ് ഈ ഓഫീസ് കസേരയുടെ പ്രത്യേകത എന്ന് ഫോക്സ് വാഗൺ പറഞ്ഞു. ഇതിനോടകം ഇന്റർനെറ്റിൽ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഫോക്സ്വാഗണിന്റെ ഈ പുതിയ കണ്ടുടിത്തത്തിന് കഴിഞ്ഞിട്ടുണ്ട്. നോർവേയിലെ ഫോക്‌സ്‌വാഗൺ കൊമേഴ്‌സ്യൽ വെഹിക്കിൾസിൽ നിന്നുള്ള ഒരു സംഘമാണ് ഈ സവിശേഷമായ കസേര വികസിപ്പിച്ചെടുത്തത്. ഒരു മോട്ടോറും ഒരു ജോഡി വലിയ ചക്രങ്ങളും ആണ് ഈ ഓഫീസ് കസേരയുടെ പ്രധാന ഭാഗങ്ങൾ.
advertisement
"ദി ചെയർ" എന്നാണ് കമ്പനി ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയാണ് ഈ കസേര വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ഉപയോക്താവിന് ഇതിൽ 11 കിലോമീറ്റർ വരെ പോകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു ഇലക്ട്രിക് മോട്ടോറിൽ ആണ് കസേര പ്രവർത്തിക്കുന്നത്. ഇതിന് നാല് അലുമിനിയം ചക്രങ്ങളുണ്ട്. സീറ്റ് ബെൽറ്റും എൽഇഡി ഹെഡ്‌ലൈറ്റുകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കസേരയിലെ ലൈറ്റുകൾക്ക് ഒരു ഇടനാഴിയിൽ ആവശ്യമായ പ്രകാശം നൽകാനുള്ള ശേഷിയുണ്ട്. മുമ്പിൽ തടസ്സമായി വരുന്നവർക്ക് മുന്നറിയിപ്പ് നൽകാനായി കസേരയിൽ ഒരു ഹോണും ഘടിപ്പിച്ചിട്ടുണ്ട്. കസേരയ്ക്ക് വഴിയൊരുക്കാൻ ഉപയോക്താവിനെ ഇത് സഹായിക്കും.
മേൽപ്പറഞ്ഞ സവിശേഷതകൾക്ക് പുറമേ ഓഫീസിനകത്ത് മാനസികോല്ലാസത്തിനായി ഒരു സ്റ്റീരിയോയും കസേര വാഗ്ദാനം ചെയ്യുന്നുണ്ട്. പാർട്ടി മൂഡ് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവർക്കായി മിന്നികത്തുന്ന പാർട്ടി ലൈറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഉപയോക്താവിനെ അപ്‌ഡേറ്റ്ഡ് ആയിട്ടിരിക്കാൻ സഹായിക്കുന്നതിന് വേണ്ടി, കസേരയിൽ ഒരു ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 360ഡിഗ്രി സെൻസറുകൾ, ഒരു ബാക്കപ്പ് ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കസേര ബാറ്ററിയിലാണ് പ്രവർത്തിക്കുക. ഒറ്റ ചാർജിൽ 11 കിലോമീറ്റർ വരെ സഞ്ചരിക്കാനുമാകും. മാറ്റിവെയ്ക്കാവുന്ന തരത്തിലുള്ള ബാറ്ററിയാണ് കസേരയിൽ ഉള്ളത്.
ഇത്രയേറെ സവിശേഷതകൾ ഉള്ള ഈ ഓഫീസ് കസേര വാങ്ങാൻ നിങ്ങൾക്ക് ഒരു പക്ഷെ ആഗ്രഹം തോന്നിയേക്കാം എന്നാൽ, നിങ്ങൾക്ക് ഇത് ഒരിക്കലും സ്വന്തമാക്കാനാവില്ല. ഒറ്റതവണത്തേയ്ക്കാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല, വിൽപ്പനയ്ക്ക് വേണ്ടിയല്ല മറിച്ച് ബ്രാൻഡിന്റെ വാനുകളുടെയും വാണിജ്യ വാഹനങ്ങളുടെയും പരസ്യം നൽകാൻ സഹായിക്കുന്നതിന് വേണ്ടിയാണ് ഫോക്‌സ്‌വാഗൺ ഈ കസേര വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Also Read-അർബൻ ക്രൂയിസർ ഇന്ത്യയിലെ വിൽപന അവസാനിപ്പിച്ച് ടയോട്ട
കാറിന്റെ സവിശേഷതകളോടു കൂടി എത്തുന്ന ഈ കസേരയുടെ ഒരു വീഡിയോ അടുത്തിടെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. കസേര വാങ്ങാൻ നിരവധി ആളുകൾ താൽപ്പര്യം പ്രകടിപ്പിച്ചു. മേലധികാരികളിൽ നിന്നും രക്ഷപെടാൻ ഉപയോഗിക്കാം എന്നതുൾപ്പടെ രസകരമായ കാരണങ്ങളാണ് പലരും ഇതിന് കമന്റായി രേഖപ്പെടുത്തിയത്.