കോടിക്കണക്കിന് ഭക്തരും അയോധ്യയിൽ ചടങ്ങുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏകദേശം 1,800 കോടി രൂപ ചെലവിൽ ആണ് രാമ ക്ഷേത്രത്തിന്റെ നിർമ്മാണം. ഏകദേശം 15 വർഷങ്ങൾക്കു മുൻപ് മുൻ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് സിംഗാളും എൽ ആൻഡ് ടി മേധാവി എഎം നായിക്കുമാണ് ക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് എല്‍ ആന്‍ഡ് ടി (ലാർസൻ ആൻഡ് ടൂബ്രോ).
advertisement
" എൽ ആൻഡ് ടി ഒരു പ്രശസ്ത സ്ഥാപനമാണ്. ക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതി 15 വർഷം മുമ്പോ മറ്റോ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള താല്പര്യം നായിക് അറിയിച്ചിരുന്നു," രാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2020 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. കേന്ദ്ര സർക്കാർ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
അതേസമയം 2019 ലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. അയോധ്യയിലെ ചരിത്രപരമായ സുപ്രീംകോടതി വിധിപ്രകാരം 2.77 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രനിർമ്മാണത്തിനായി അനുവദിച്ചത്. അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ ശില്‍പ്പി ചന്ദ്രകാന്ത് സോംപുരയാണ്. ക്ഷേത്ര വാസ്തുശില്പികളിൽ ഉന്നത പാരമ്പര്യമുള്ള അദ്ദേഹം അഹമ്മദാബാദിൽ നിന്നുള്ള ശില്പി കുടുംബത്തിലെ 15-ാം തലമുറയാണ്. നിരവധി ക്ഷേത്രങ്ങളാണ് സോംപുര കുടുംബം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സോമനാഥ ക്ഷേത്രം ഉൾപ്പെടെ 15 തലമുറകളായുള്ള ലോകമെമ്പാടുമുള്ള 100-ലധികം ക്ഷേത്രങ്ങളുടെ രൂപകൽപ്പനയിൽ ഇവരുടെ സംഭാവനയുണ്ട്.
