ബിലേറ്റഡ് ഐടിആർ
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139(4) പ്രകാരം, നിർദേശിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യാനാകും. സെക്ഷൻ 234 എഫ് പ്രകാരം, 5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള നികുതിദായകർ ജൂലൈ 31 ന് ശേഷം ഐടിആർ ഫയൽ ചെയ്താൽ 5,000 രൂപ പിഴ അടയ്‌ക്കേണ്ടതുണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർ 1,000 രൂപയാണ് പിഴയടക്കേണ്ടത്. ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പിഴ അടക്കേണ്ടതില്ല.
advertisement
ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യുന്നതിന്, ടാക്സ് റിട്ടേൺ ഫോമിലെ സെക്ഷൻ 139(4) ആണ് തിരഞ്ഞെടുക്കേണ്ടത്. ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. ഈ സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനു ശേഷമേ അത് ഫയൽ ചെയ്യാനാകൂ.
പുതുക്കിയ ഐടിആർ
ജൂലൈ 31-നുള്ളിൽ നിങ്ങൾ ഐടിആർ ഫയൽ ചെയ്‌തെങ്കിലും അതിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് തിരുത്തി ഡിസംബർ 31-നകം പുതുക്കിയ ഐടിആർ ഫയൽ ചെയ്യാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(5) ൽ ഇതിനുള്ള വ്യവസ്ഥയുണ്ട്. പുതുക്കിയ ഐടിആർ (Revised ITR) ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആദ്യം ചെയ്തതിന് സമാനമാണ്. പക്ഷേ ആദായനികുതി റിട്ടേൺ ഫോമിലെ സെക്ഷൻ 139(5) ആണ് തിരഞ്ഞെടുക്കേണ്ടതെന്നു മാത്രം. ഈ സമയത്ത് ഒറിജിനൽ ഐടിആറിൽ നൽകിയിരിക്കുന്ന കണക്കുകളെല്ലാം ആവശ്യമാണ്. ഇവിടെയും അതു തന്നെയാണ് നൽകേണ്ടത്.
”ബിലേട്ടഡ് ഐടിആർ ഫയൽ ചെയ്യുന്നവർക്കും പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും. മുൻപ്, നിർദേശിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്ത നികുതിദായകർക്ക് മാത്രമേ അവരുടെ റിട്ടേണുകൾ പുതുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു”, ചാർട്ടേർഡ് അക്കൗണ്ടന്റ് കമ്പനിയായ ഐപി പരിഷ & കോ (I.P. Pasricha & Co) യുടെ പാർട്ണർമാരിലൊരാളായ മനീത് പാൽ സിങ് ന്യൂസ് 18 നോട് പറഞ്ഞു.
