ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. മുഴുവന്‍ സമയ ജോലിക്കാരും താല്‍ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 27, 28 തീയതികളിലായി ടോപ്പര്‍, വൈറ്റ് ഹാറ്റ് വിഭാഗങ്ങളില്‍ നിന്ന് 1500 ജീവിനക്കാരെ പിരിച്ചുവിട്ടു. 29-ാം തീയതി 1000ത്തോളം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നാണ് മണികണ്‍ട്രോൾ റിപ്പോർട്ട്.
കണ്ടന്റ്, ഡിസൈന്‍ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പുതിയ തീരുമാനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളെ ഇതിനോടകം പിരിച്ചു വിട്ടു. നേരത്തെ ബൈജൂസ് ആപ്പ് ഏറ്റെടുത്ത കമ്പനികളില്‍ നിന്നായിരുന്നു ജീവനക്കാരെ പിരിച്ചു വിട്ടിരുന്നത്. അതിനാല്‍ അക്കാര്യങ്ങൾ പുറത്തേയ്ക്ക് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ പ്രധാന വിഭാഗങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിവാക്കുന്നത്.
advertisement
Also Read- Gold Price Today| മൂന്ന് ദിവസത്തിനു ശേഷം സ്വർണവില കൂടി; പവന് 960 രൂപയുടെ വർധനവ്
ടോപ്പറില്‍ നിന്ന് മാത്രം 1200 ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. ഇതില്‍ 300-350 പേര്‍ സ്ഥിരം ജീവനക്കാരാണ്. 300ഓളം പേരോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജി നല്‍കിയില്ലെങ്കില്‍ 1-1.5 മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കില്ല. 600 കോണ്‍ട്രാക്ട് ജീവനക്കാരെയും പറഞ്ഞു വിട്ടു കഴിഞ്ഞതായാണ് വിവരം. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് എഗ്രിമെന്റ് പ്രകാരമുള്ള ഇവരുടെ കാലാവധി അവസാനിക്കുക.
ചെലവ് ചുരുക്കലാണ് കൂട്ടപ്പിരിച്ചു വിടലിന്റെ പ്രധാന കാരണമെന്നാണ് സൂചന. ഓരേ ജോലി ചെയ്യാന്‍ നിരവധി ആളുകള്‍ ഉള്ളതും പ്രശ്‌നമായിട്ടുണ്ട്. ടോപ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കമ്പനിയുമായി കൂട്ടിച്ചേര്‍ക്കാനാണ് ബൈജൂസ് ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെ, അധ്യാപകര്‍ ഒഴികെയുള്ള പല തസ്തികകളും ആവശ്യത്തില്‍ അധികമാകും. 100 ജീവനക്കാരോളം മാത്രമാണ് ടോപ്പറില്‍ അവശേഷിക്കുന്നത്.
ടോപ്പറില്‍ നിന്ന് രാജിസന്നദ്ധത അറിയിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനിയില്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തെയും 15 ദിവസത്തെ ശമ്പളം അധികമായി നല്‍കുമെന്നാണ് വാഗ്ദാനം. ഒപ്പം ജൂണ്‍ മാസത്തെ മൊത്ത ശമ്പളവും ബോണസും നല്‍കും. രണ്ട് കമ്പനികളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ചില തസ്തികകള്‍ അധികമാണെന്ന് കമ്പനി മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും തള്ളുകയാണ് ബൈജൂസ് ചെയ്തിരിക്കുന്നത്. 500 ജീവനക്കാരില്‍ താഴെ മാത്രമാണ് ഒഴിവാക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായി ചില ക്രമീകരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സ്‌കൂളുകളും കോളേജുകളും കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി എഡ്ടെക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ ചെലവു ചുരുക്കലുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ മേഖലയിലേയ്ക്കുള്ള നിക്ഷേപവും ഇപ്പോള്‍ കുറഞ്ഞു വരികയാണ്. 800 മില്യണ്‍ ഡോളറിന്റെ മുന്നേറ്റം ബൈജൂസ് ഈ വര്‍ഷത്തിന്റെ ആദ്യം നടത്തിയിരുന്നു. 1 ബില്യണ്‍ ഡോളറിന്റെ വിദേശ ധനസമാഹരണ ചര്‍ച്ചകളും കമ്പനി നടത്തുന്നുണ്ട്.