കഴിഞ്ഞ നവംബര്‍ 4-ന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടിയിട്ടില്ല. എന്നാല്‍ ഇക്കാലയളവില്‍ അന്താരാഷ്ട്ര വിലയില്‍ 21 ഡോളറിന്റെ വര്‍ദ്ധന ഉണ്ടായി. അടുത്ത ചൊവ്വാഴ്ച വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വില വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എണ്ണ കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു.
Also Read-Fuel price | വീണ്ടും വിലക്കയറ്റമുണ്ടായാൽ പെട്രോൾ ഡീസൽ നിരക്കുകൾ എത്രകണ്ടുയരും?
അന്താരാഷ്ട്ര വില ബാരലിന് 81.5 ഡോളറില്‍ എത്തി നില്‍ക്കുമ്പോഴാണ് രാജ്യത്ത് അവസാനമായി പെട്രോള്‍ - ഡീസല്‍ വില കൂട്ടിയത്.ഇപ്പോള്‍ 112 ഡോളറാണ് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില. ഏഴര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
advertisement
ജനുവരി 28-ന് ഒരു ബാരലിന് 90 ഡോളറിലെത്തിയ വില
യുക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണത്തോടെ 110 ഡോളര്‍ കടക്കുകയും ചെയ്തു. അന്താരാഷ്ട്ര വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധന ഉണ്ടാകുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്റിന് 70 മുതല്‍ 80 പൈസ വരെയാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ 14 മുതല്‍ 16 രൂപവരെ വര്‍ദ്ധിപ്പിക്കാനിടയുണ്ട്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ലിറ്ററിന് 10 രൂപാവീതം വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
പെട്രോള്‍ -ഡീസല്‍ വില കൂട്ടുന്നതോടെ പൊതു വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് അടക്കം വന്‍ വിലക്കയറ്റം ഉണ്ടാകും.സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കൂടുമെന്ന് ഉറപ്പ്. ചരക്ക് ലോറികള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതോടെ അരിയും പച്ചക്കറിയും അടക്കമുള്ളവയുടെ വില കൂടും.