മെട്രോ എജിയുടെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ മെട്രോ ഇന്ത്യ 2003-ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ B2B വിപണിയിലെ ഒരു മുൻനിര കമ്പനിയാണ് മെട്രോ ഇന്ത്യ. ഇപ്പോൾ രാജ്യത്തെ 21 നഗരങ്ങളിലായി ഏകദേശം 3,500 ജീവനക്കാരും 31 സ്റ്റോറുകളും ഇവർക്കുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 7,700 കോടി രൂപയുടെ വിൽപന നടത്തിയിരുന്നു. ഇന്ത്യയിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്.
‘പുതിയ ഏറ്റെടുക്കലിലൂടെ റിലയൻസ് റീട്ടെയിലിന്റെ വ്യാപ്തി വീണ്ടും വർദ്ധിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും കൂടുതൽ മികച്ച സേവനം നൽകാനും സാധിക്കും. ചെറുകിട വ്യാപാരികളുമായും സംരംഭങ്ങളുമായും സഹകരിച്ച് പുതിയ ബിസിനസ് മാതൃക സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്’ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.
advertisement
മെട്രോ ഇന്ത്യയെ വിജയകരമായി നയിക്കാൻ സാധിക്കുന്ന ഒരു പങ്കാളിയെ റിലയൻസിലൂടെ തങ്ങൾ കണ്ടെത്തിയതായി മെട്രോ എജി സിഇഒ ഡോ. സ്റ്റെഫൻ ഗ്രൂബെൽ പറഞ്ഞു. “ഇത് ഞങ്ങളുടെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും പ്രയോജനം ചെയ്യും. അവരുടെ വിശ്വസ്തതയ്ക്കും സേവനത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
2023 മാർച്ചോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് അമേരിക്കൻ ഫാഷൻ ബ്രാൻഡായ ഗ്യാപ്പിനെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് റീട്ടെയിൽ ഗ്യാപ് ഇൻകോർപറേഷനുമായി ദീർഘകാല പങ്കാളിത്ത കരാറിൽ ഒപ്പു വെച്ചിരുന്നു. ദീർഘകാല ഫ്രാഞ്ചൈസി കരാറിലൂടെ റിലയൻസ് റീട്ടെയിൽ ഗ്യാപ്പിന്റെ ഔദ്യോഗിക റീട്ടെയിലറായി മാറി. ഇതോടെ റിലയൻസ് റീട്ടെയിൽ ഗ്യാപ്പിന്റെ ഏറ്റവും പുതിയ ഫാഷൻ ഉത്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളിൽ എത്തിക്കും.
എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകൾ, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയാകും ഉത്പന്നങ്ങൾ എത്തിക്കുക. ഒരു പ്രമുഖ കാഷ്വൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് എന്ന നിലയിൽ ഗ്യാപ്പിന്റെ സ്ഥാനം പ്രയോജനപ്പെടുത്തുക എന്നതാണ് റിലയൻസ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 1969ൽ സാൻഫ്രാൻസിസ്കോയിലാണ് ഗ്യാപ് സ്ഥാപിച്ചത്. റിലയൻസ് റീട്ടെയിൽ ഗ്യാപ്പിന്റെ ഷോപ്പിംഗ് അനുഭവം ഇന്ത്യയിലെ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനാകും ശ്രമിക്കുക.