7th Pay Commission | കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 18 മാസം തടഞ്ഞുവച്ചത് കോവിഡ് കാരണമെന്ന് കേന്ദ്രം; പ്രശ്നം ഉടൻ പരിഹരിച്ചേക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി, എന്നീ സമയത്ത് നല്‍കേണ്ട ക്ഷാമബത്തയാണ് മരവിപ്പിച്ചിരുന്നത്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ (ക്ഷാമബത്ത) ആനുകൂല്യങ്ങൾ ഏകദേശം 18 മാസം സര്‍ക്കാരിന് മരവിപ്പിക്കേണ്ടി വന്നിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഈ നടപടിയ്ക്ക് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 3 തവണത്തെ ഡിഎ ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്‌ക്കേണ്ടി വന്നത്. 2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി, എന്നീ സമയത്ത് നല്‍കേണ്ട ക്ഷാമബത്തയാണ് മരവിപ്പിച്ചത്,’ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും ജനങ്ങള്‍ക്കായി സ്വീകരിച്ച ക്ഷേമ പദ്ധതികളുമാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ജീവനക്കാരുടെ ക്ഷാമബത്ത ആനുകൂല്യങ്ങള്‍ കൂടി നല്‍കുക എന്നത് പ്രായോഗികമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ നടന്ന ചോദ്യോത്തര വേളയിലാണ് പങ്കജ് ചൗധരിയുടെ പ്രതികരണം.
advertisement
അതേസമയം പതിനെട്ട് മാസത്തെ ഡിഎ കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍, ഓള്‍ ഇന്ത്യ റിട്ടയേര്‍ഡ് റെയില്‍വെ മെന്‍ ഫെഡറേഷന്‍, ഭാരതീയ റെയില്‍വെ കരംചാരി തുടങ്ങിയ നിരവധി സംഘടനകളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.
എന്നാല്‍ ഡിഎ/ ഡിആര്‍ തടഞ്ഞ് വെച്ചതിലൂടെ കേന്ദ്രത്തിന് ഏകദേശം 34,402 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ മുമ്പ് പറഞ്ഞിരുന്നു. 2021 ജൂലൈ 1ന് ശേഷം ഡിഎ തടഞ്ഞുവെച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം ഡിഎ/ഡിആര്‍ എന്നിവ നാലിരട്ടിയായി വര്‍ധിപ്പിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ധനകാര്യമന്ത്രിയുടെ പ്രതികരണം.
advertisement
അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വരും മാസങ്ങളില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ ശമ്പളത്തിലെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തൊഴിലാളി സംഘടനകള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നത് ഒരു പൊതുമൂല്യമാണ്. അടിസ്ഥാന ശമ്പളത്തെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ കൊണ്ട് ഗുണിച്ചാണ് ജീവനക്കാരുടെ മൊത്തം ശമ്പളം കണക്കാക്കുന്നത്.
advertisement
കൂടാതെ ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2023 മാര്‍ച്ചോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ആനുകൂല്യങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലായി ഡിഎ വര്‍ധനയുണ്ടായത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്. 4 ശതമാനം വര്‍ധനയാണ് അന്ന് രേഖപ്പെടുത്തിയത്. ഏകദേശം 48 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ ആനൂകുല്യം ലഭിച്ചത്.
ഡിഎ ആനുകൂല്യങ്ങള്‍ 3 ശതമാനം വര്‍ധിപ്പിക്കണമെന്ന ഏഴാം ശമ്പളക്കമ്മീഷന്റെ നിര്‍ദ്ദേശം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. 2006ലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ/ ഡിആര്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിന് സര്‍ക്കാര്‍ ഏകീകൃത മാതൃക രൂപീകരിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2022 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
7th Pay Commission | കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 18 മാസം തടഞ്ഞുവച്ചത് കോവിഡ് കാരണമെന്ന് കേന്ദ്രം; പ്രശ്നം ഉടൻ പരിഹരിച്ചേക്കും