തിങ്കളാഴ്ച വ്യാപാരത്തുടക്കത്തില്‍ തന്നെ 720.33 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. 73,288.78ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 187 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 22,081ല്‍ എത്തി. സെന്‍സെക്‌സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിപ്രോയാണ്. 11 ശതമാനമാണ് വിപ്രോ ഓഹരിവിലകളിലെ ഉയര്‍ച്ച. മൂന്നാം ക്വാര്‍ട്ടറില്‍ ലാഭത്തില്‍ ഇടിവുണ്ടായെന്ന, വിപ്രോയുടെ ഫലം പുറത്തുവന്നത് വെള്ളിയാഴ്ചയാണ്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് എന്നിവ 2-5 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.57 ശതമാനവും സ്‌മോള്‍ ക്യാപ് 0.72 ശതമാനവും നേട്ടത്തിലാണ്.
advertisement
ഏഷ്യല്‍ സൂചികകളിലും കുതിപ്പ് പ്രകടമാണ്. ജപ്പാന്റെ നിക്കി 1.2 ശതമാനം ഉയര്‍ന്ന് 34 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ച സൂചികയില്‍ 6.6ശതമാനം മുന്നേറിയിരുന്നു. ചൈനയുടെ ഷാങ്ഹായ കോമ്പോസിറ്റ് 0.36 ശതമാനം നേട്ടമുണ്ടാക്കി. ഹോങ്കോങ് 0.11 ശതമാനം ഉയര്‍ന്നു.
ജനുവരിയില്‍ ഇതുവരെ വിദേശ സ്ഥാപന നിക്ഷേപകര്‍ 3,864 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അതേസമയം, വെള്ളിയാഴ്ച 340 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റൊഴിഞ്ഞിരുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,911 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു.
എണ്ണവിതരണം സംബന്ധിച്ച ആശങ്കകൾ നീങ്ങിയതും ഓഹരി വിപണിയിൽ ഗുണം ചെയ്തു. ചെങ്കടലിലെ സംഘര്‍ഷം തടയുന്നതിന് യുഎസ്-ബ്രിട്ടീഷ് സേനകള്‍ രംഗത്തുവന്നതോടെ വിതരണ തടസ്സം സംബന്ധിച്ച ആശങ്കകള്‍ നീങ്ങിയത് എണ്ണവില കുറയാനിടയാക്കി. ബ്രന്റ് ക്രൂഡ് വില ബാരലിന് 77.89 ഡോളര്‍ നിലവാരത്തിലെത്തി.
രൂപയുടെ മൂല്യം ഉയര്‍ന്നതും ഡോളര്‍ സൂചിക താഴുന്നതും വിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് താഴെയായതിനാല്‍ വിപണിയെ കാര്യമായി ബാധിച്ചുമില്ല.
