ഇന്ത്യയിൽ 5 ജി സേവനങ്ങൾ ആരംഭിച്ചതിനുശേഷം ജിയോയുടെയും എയർടെലിന്റെയും എൽടിഇ (LTE) സ്പീഡ് കൂടിയതായും ഊക്‌ല പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 2022 ഒക്ടോബറിൽ 5 ജി ആദ്യമായി ആരംഭിച്ചപ്പോൾ, 5 ജി സപ്പോർട്ടുള്ള ഉപകരണങ്ങളിൽ ഉപയോക്താക്കൾക്ക് അതുവരെ ലഭിച്ചിരുന്ന സ്പീഡിൽ പ്രകടമായ മാറ്റം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ആന്ധ്രാപ്രദേശ്, കൊൽക്കത്ത, നോർത്ത് ഈസ്റ്റ്, ഹരിയാന, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ്, കേരളം, ഉത്തർപ്രദേശ് വെസ്റ്റ് എന്നീ ഒൻപത് ടെലികോം സർക്കിളുകളിൽ ശരാശരി 5 ജി ഡൗൺലോഡ് വേഗത 100 Mbps-ൽ താഴെയാണ്. ഈ മേഖലകളിലെ നെറ്റ്‌വർക്കുകൾ പരീക്ഷണ ഘട്ടത്തിലാണ്. 2023 ജനുവരിയിൽ 5 ജി അവതരിപ്പിച്ച രാജ്യത്തെ ഭൂരിഭാഗം ടെലികോം സർക്കിളുകളിലും ഡൗൺലോഡ് സ്പീഡ് വൻതോതിൽ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
advertisement
Also read: 5G | എന്താണ് 5ജി? സവിശേഷതകൾ എന്തെല്ലാം? എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാകും?
5 ജിയുടെ വരവോടെ 4 ജി ഓപ്പറേറ്റർമാരും എൽടിഇ സ്പീഡ് വർദ്ധിപ്പിക്കാൻ തുടങ്ങിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ 5 ജി ആരംഭിച്ച് ആദ്യഘട്ടത്തിലാണ് ഈ നേട്ടങ്ങളെന്നും ഈ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി കൂടുതൽ വ്യാപിച്ചു കഴിഞ്ഞാൽ പ്രകടനം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേരളത്തിൽ ആദ്യമായി 5 ജി സേവനം ലഭ്യമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത മേഖലകളിലാണ് 5 ജി ലഭ്യമാക്കിയത്. ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകൾ ജിയോ നവീകരിച്ചുകഴിഞ്ഞു. 5 ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറാം. സിം കാർഡിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. അർഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5 ജിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്ക് എത്തും.