തെലങ്കാന സ്റ്റേറ്റ് നോർത്തേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിലെ ഡിവിഷണൽ എഞ്ചിനീയറായ പൂള രമേശ് എന്നയാൾ ഉത്തരം ലഭിക്കാൻ ചാറ്റ്ജിപിടി ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസറെ (DAO) റിക്രൂട്ട് ചെയ്യുന്നതിനുള്ള പരീക്ഷയിലാണ് കൃത്രിമം നടത്തിയത്. ബ്ലൂടൂത്ത് ഇയർബഡുകളുടെ സഹായത്തോടെ പരീക്ഷയ്ക്കിടെ ഇയാൾ ഉത്തരങ്ങൾ സഹ ഉദ്യോഗാർത്ഥികൾക്ക് കൈമാറുകയായിരുന്നു. ഈ കേസിലെ മുഖ്യ സൂത്രധാരനും രമേശാണ്.
Also read- ChatGPT കോച്ചിംഗ് സെന്ററുകള്‍ക്കും എഡ്ടെക് സ്ഥാപനങ്ങള്‍ക്കും വെല്ലുവിളിയാകുമോ?
advertisement
ജനുവരി 22നും ഫെബ്രുവരി 26നുമായി നടന്ന രണ്ട് വ്യത്യസ്ത പരീക്ഷകളിൽ ഏഴ് ഉദ്യോഗാർത്ഥികൾക്ക് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഉത്തരം നൽകുന്നതിനുള്ള വിപുലമായ പദ്ധതി തയ്യാറാക്കിയത് രമേശായിരുന്നു. ഓരോ ഉദ്യോഗാർത്ഥികളും പ്രതിഫലമായി 40 ലക്ഷം രൂപയും ഇയാൾക്ക് വാഗ്ദാനം ചെയ്തു. 35 ഉദ്യോഗാർത്ഥികളെ ഇത്തരത്തിൽ ഉത്തരങ്ങൾ നേടാൻ സഹായിച്ച് പത്തു കോടി രൂപ സമ്പാദിക്കാൻ ആയിരുന്നു ഇയാളുടെ ലക്ഷ്യം. അതേസമയം പരീക്ഷ ആരംഭിച്ച ഉടനെ ചോദ്യപേപ്പറുകളുടെ ഫോട്ടോകൾ പകർത്തി രമേശിന് അയച്ചുകൊടുത്തത് പരീക്ഷാകേന്ദ്രത്തിലെ പ്രിൻസിപ്പലായിരുന്നു.
തുടർന്ന് ചോർന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ ലഭിക്കാൻ ചാറ്റ് ജിപിടി ഉപയോഗിക്കുകയും ബ്ലൂടൂത്ത് മൈക്രോ ഇയർപീസുകൾ വഴി പണം നൽകിയ ഉദ്യോഗാർത്ഥികൾക്ക് ഉത്തരങ്ങൾ കൈമാറുകയുമായിരുന്നു. കൂടാതെ ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർ അസിസ്റ്റന്റും പ്രതിയുടെ ബന്ധുവുമായ പൂള രവി കിഷോറിൽ നിന്ന് മാർച്ച് അഞ്ചിന് നടന്ന അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷയുടെ ചോദ്യപേപ്പറും രമേശിന് മുൻകൂറായി ലഭിച്ചിരുന്നു.
Also read- ചാറ്റ്ബോട്ടിനെതിരെ ഓൺലൈൻ പീഡന പരാതി; എഐയുടെ ഇരുണ്ട വശം
ഈ ചോദ്യപേപ്പറുകൾ 30-ലധികം ഉദ്യോഗാർത്ഥികൾക്ക് പ്രതിയായ രമേഷ് വിറ്റെന്നും ഓരോരുത്തരിൽ നിന്നും 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ഈടാക്കിയെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ പോലീസിന് ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നതിന് മുമ്പ് തന്നെ ഏകദേശം 1.1 കോടി രൂപ പ്രതി കൈക്കലാക്കിയതായും അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓപ്പൺ എഐ ആയ ചാറ്റി ജിപിടിയുടെ വരവോടെ തങ്ങളുടെ ജോലി പോകുമോ എന്ന ആശങ്കയിലാണ് പലരും. ലോകത്തിലെ പല ബുദ്ധിമുട്ടേറിയ മൽസര പരീക്ഷകൾ പോലും ചാറ്റ് ജിപിടിയ്ക്ക് ജയിക്കാനാകുമെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.