ഓപ്പൺ എഐ യുടെ സിഇഒ സാം ആൾട്ട്മാനോട് അമേരിക്കൻ സെനറ്റംഗം ജോഷ് ഹോലി ചോദിച്ച ചോദ്യമാണിത്. 2023 മേയ് 16ന് നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് സെനറ്റിൽ നടന്ന വാദം കേൾക്കലിലാണ് ഹോലി ഈ ചോദ്യം ഉന്നയിച്ചത്. വോട്ടർമാരെ സ്വാധീനിക്കാനും വശപ്പെടുത്താനും അവരുമായി ആശയവിനിമയത്തിൽ ഏർപ്പെടാനുമെല്ലാം ചില വ്യക്തികൾ ഈ ലാംഗ്വേജ് മോഡലുകളെ ഉപയോഗപ്പെടുത്തിയേക്കാം എന്ന ആശങ്ക തനിക്കുള്ളതായായിരുന്നു ആൾട്ട്മാന്റെ പ്രതികരണം.
ഇതേക്കുറിച്ച് ആൾട്ട്മാൻ കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും, എന്തെല്ലാം സാധ്യതകളായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിരിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയ സാങ്കേതിക വിദഗ്ധർ ഉടൻതന്നെ ‘ക്ലോഗ്ഗർ’ എന്ന പേരിൽ ഒരു സംവിധാനം വികസിപ്പിച്ചെടുക്കുമെന്ന് സങ്കൽപ്പിക്കുക. ഒരു ബ്ലാക് ബോക്‌സിൽ അടക്കം ചെയ്ത രാഷ്ട്രീയ പ്രചരണ തന്ത്രം എന്ന് വേണമെങ്കിൽ ക്ലോഗ്ഗറിനെ വിശേഷിപ്പിക്കാം. ഒരൊറ്റ ലക്ഷ്യമേ ക്ലോഗ്ഗറിനുണ്ടാകൂ – ക്ലോഗ്ഗറിന്റെ സേവനങ്ങൾ വില കൊടുത്തു വാങ്ങുന്ന രാഷ്ട്രീയപ്പാർട്ടിയുടെ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുക.
advertisement
ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബും അടക്കമുള്ളവ അതത് വെബ്‌സൈറ്റുകളിൽ ഉപയോക്താക്കൾ ചെലവിടുന്ന സമയത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കാനായാണ് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതെങ്കിൽ, ക്ലോഗ്ഗറിന്റെ എഐ സംവിധാനത്തിന്റെ ലക്ഷ്യം മറ്റൊന്നാണ് – ജനങ്ങൾ വോട്ടു ചെയ്യുന്ന രീതിയ്ക്ക് മാറ്റം വരുത്തുക.
എന്തായിരിക്കും ക്ലോഗ്ഗറിന്റെ പ്രവർത്തന രീതി?
2000ങ്ങളുടെ ആദ്യകാലം മുതൽക്ക് രാഷ്ട്രീയ പ്രചാരണ പരിപാടികൾ പിന്തുടർന്നു പോരുന്ന രീതിയാണ് വോട്ടർമാരുടെ പ്രവർത്തികളെ സ്വാധീനിക്കലും ഓരോരുത്തരെയും സൂക്ഷ്മമായി ലക്ഷ്യം വച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യലും. ഈ രീതിയുടെ വ്യാപ്തിയും ഫലപ്രാപ്തിയും അളവിൽക്കവിഞ്ഞ് വർദ്ധിപ്പിക്കാൻ ഓട്ടോമേഷൻ വഴി ക്ലോഗ്ഗറിനു കഴിഞ്ഞേക്കും. പരസ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററിയും സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് നിങ്ങൾക്ക് താൽപര്യമുണ്ടാക്കുന്ന പരസ്യങ്ങൾ തെരഞ്ഞെടുത്ത് നൽകുന്നതു പോലെത്തന്നെയാണ് ക്ലോഗ്ഗറും പ്രവർത്തിക്കുക. കോടിക്കണക്കിന് വോട്ടർമാരിൽ ഓരോരുത്തരെയും വ്യക്തിഗതമായി ശ്രദ്ധിച്ചുകൊണ്ടായിരിക്കും ക്ലോഗ്ഗറിന്റെ നീക്കങ്ങൾ.
ഇപ്പോൾ നിലവിലുള്ള അൽഗോരിതം ഉപയോഗിച്ചുള്ള സ്വാധീനം ചെലുത്തലിനേക്കാൾ മെച്ചപ്പെട്ട മൂന്ന് മാറ്റങ്ങൾ ക്ലോഗ്ഗർ കൊണ്ടുവരും. ആദ്യത്തേത്, അതിന്റെ ലാംഗ്വേജ് മോഡൽ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കും എന്നതാണ്. ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുന്ന ഈ സന്ദേശങ്ങൾ, ടെക്സ്റ്റുകളായും സോഷ്യൽ മീഡിയ വഴിയും ഇമെയിൽ രൂപത്തിലും നിങ്ങളിലേക്കെത്തും. നിങ്ങൾക്കായി പ്രത്യേകം നിർമിക്കപ്പെട്ടതായിരിക്കും ഇവയോരോന്നും. പരസ്യക്കാർ ചില പരസ്യങ്ങൾ തന്ത്രപരമായി നിങ്ങളെ കാണിച്ചു തരുമെങ്കിൽ, ഈ ലാംഗ്വേജ് മോഡലുകൾ ഒരു പടി കൂടെ കടന്ന് അസംഖ്യം സന്ദേശങ്ങൾ നിങ്ങൾക്കു മാത്രമായി അയച്ചു തരും. ഇതെല്ലാം പ്രചരണത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും.
രണ്ടാമതായി, റീ ഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്ന മാർഗം വഴി ക്ലോഗ്ഗർ ഒരു പ്രത്യേക തരം സന്ദേശങ്ങളുടെ ശ്രേണി സൃഷ്ടിച്ചെടുക്കും. നിങ്ങളുടെ വോട്ടിംഗ് രീതികളിൽ മാറ്റം കൊണ്ടുവരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സന്ദേശങ്ങളുടെ ശ്രേണിയായിരിക്കുമത്. പല വഴികൾ മാറി മാറി പരീക്ഷിച്ച്, അവയിൽ ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്ന വഴിയേത് എന്ന് കണക്കാക്കുന്ന മെഷിൻ ലേണിംഗ് മാർഗ്ഗമാണ് റീ ഇൻഫോഴ്‌സമെന്റ് ലേണിംഗ്. മനുഷ്യരേക്കാൾ നന്നായി ചെസ്സും വീഡിയോ ഗെയിമുകളും കളിക്കുന്ന മെഷീനുകൾ പിന്തുടരുന്ന മാർഗ്ഗമാണിത്.
മൂന്നാമതായി, ക്യാംപയിൻ പുരോഗമിക്കുന്നതിനോടൊപ്പം ക്ലോഗ്ഗറിന്റെ സന്ദേശങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. ഉപയോക്താവ് നൽകുന്ന പ്രതികരണങ്ങൾ പഠിച്ച ശേഷം, അതിന് അനുസൃതമായ രീതിയിൽ പിന്നീടുള്ള സന്ദേശങ്ങളും മാറിമറിയും. ക്ലോഗ്ഗറിന് നിങ്ങളുമായി സജീവമായ ചർച്ചകളിൽ ഏർപ്പെടാൻ കഴിയും.
ശ്രദ്ധിക്കേണ്ടതായ മറ്റു മൂന്നു പ്രത്യേകതകൾ കൂടി ക്ലോഗ്ഗറിനുണ്ടാകും
ഒന്ന്, ക്ലോഗ്ഗർ അയയ്ക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം രാഷ്ട്രീയപരമായിക്കൊള്ളണമെന്നില്ല. വോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുക എന്നതു മാത്രമാണ് മെഷീനിന്റെ ലക്ഷ്യം. അതിനായി, മനുഷ്യർ ചിന്തിച്ചിട്ടുപോലുമില്ലാത്ത പല വഴികളും ക്ലോഗ്ഗർ തെരഞ്ഞെടുക്കും. രാഷ്ട്രീയവുമായി പ്രകടമായ ബന്ധമില്ലാത്ത മറ്റ് താൽപര്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരിക്കും വോട്ടർമാർക്ക് അയയ്ക്കുക. അത് കായികമത്സരങ്ങളോ വിനോദപരിപാടികളോ ആയി ബന്ധമുള്ളതാകാം. തന്റെ അടുത്ത സുഹൃദ് വലയത്തിലുള്ളവരെല്ലാം ഒരു പ്രത്യേക സ്ഥാനാർത്ഥിയെയാണ് പിന്തുണയ്ക്കുന്നത് എന്ന് ചിന്തിപ്പിക്കുന്ന തരത്തിൽ വോട്ടർമാരുടെ സമൂഹമാധ്യമ പേജുകളും ഗ്രൂപ്പുകളും ക്രമീകരിക്കുന്നതാവാം മറ്റൊരു വഴി.
രണ്ട്, ക്ലോഗ്ഗറിന് സത്യത്തോട് പ്രത്യേക ആഭിമുഖ്യമില്ല. സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാനുള്ള കഴിവ് അതിനുണ്ടായിരിക്കില്ല. വോട്ടു ചെയ്യിപ്പിക്കുക എന്നതു മാത്രമാണ് അതിന്റെ ലക്ഷ്യം. ശരിയായ വിവരങ്ങൾ കൈമാറുക എന്നതല്ല. മൂന്ന്, ക്ലോഗ്ഗറിന്റെ നിർമിത ബുദ്ധി ബ്ലാക്ക് ബോക്‌സ് ശൈലിയിലുള്ളതായതിനാൽ, അത് സ്വീകരിക്കുന്ന മാർഗ്ഗങ്ങളെന്തെല്ലാമാണെന്ന് ഉപയോക്താക്കൾക്ക് തിരിച്ചറിയാനാകില്ല.
ക്ലോഗ്ഗർ ആധിപത്യം
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രചരണ പ്രവർത്തനങ്ങൾക്കായി ക്ലോഗ്ഗറിനെ ഉപയോഗപ്പെടുത്തുന്നു എന്നു കരുതുക. സമാനമായ രീതിയിൽ പ്രതികരിക്കാൻ ഡെമോക്രാറ്റുകളും നിർബന്ധിതരാകും. അവർ അത്തരമൊരു സംവിധാനം നിർമിച്ചെടുക്കും. അതിനെ നമുക്കു ഡോഗ്ഗർ എന്നു വിളിക്കാം. അങ്ങനെ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്ലോഗ്ഗറും ഡോഗ്ഗറും തമ്മിലുള്ള തുറന്ന യുദ്ധമായി മാറും. കൂടുതൽ മെച്ചപ്പെട്ട സംവിധാനം ആരുടേതാണോ, അയാൾ തെരഞ്ഞെടുപ്പിൽ ജയിക്കും.
എന്തു കാരണം കൊണ്ടാണ് ഒരു നിർമിത ബുദ്ധി പരാജയപ്പെട്ടതെന്നും മറ്റൊന്ന് വിജയിച്ചതെന്നും ആർക്കും തിരിച്ചറിയാനാകില്ല. പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ നയപ്രഖ്യാപനങ്ങൾ കൊണ്ടോ രാഷ്ട്രീയ നിലപാടുകൾ കൊണ്ടോ ആയിരിക്കില്ല, മറിച്ച് അദ്ദേഹം ഉപയോഗപ്പെടുത്തിയ നിർമിത ബുദ്ധിയുടെ പ്രത്യേകതകൾ കൊണ്ടായിരിക്കും.
Also read- ChatGPT കോച്ചിംഗ് സെന്ററുകള്‍ക്കും എഡ്ടെക് സ്ഥാപനങ്ങള്‍ക്കും വെല്ലുവിളിയാകുമോ?
ഈയർത്ഥത്തിൽ നോക്കിയാൽ, തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഒരു വ്യക്തിയായിരിക്കില്ല, മറിച്ച് ഒരു മെഷീനായിരിക്കും. ജനാധിപത്യ വ്യവസ്ഥയുടേതായ എല്ലാ പ്രവർത്തനങ്ങളും ആ തെരഞ്ഞെടുപ്പിൽ നടന്നിരിക്കും. പ്രസംഗങ്ങളും പരസ്യങ്ങളും സന്ദേശങ്ങളും വോട്ടിംഗും വോട്ടെണ്ണലും എല്ലാം മുറ പോലെ നടക്കും. എന്നാൽ, തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കില്ല.
ഇങ്ങനെ നിർമിത ബുദ്ധി വഴി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് സഞ്ചരിക്കാൻ രണ്ടു വഴികളുണ്ട്. ഒന്നുകിൽ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിന്റെ ആവരണം കൊണ്ട് മറച്ച് തന്റെ പാർട്ടി നയങ്ങൾ നടപ്പിൽ വരുത്താം. പാർട്ടിയുടെ നയങ്ങളും ആശയങ്ങളുമല്ല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് എന്നതിനാൽ, പ്രസിഡന്റിന്റെ പ്രവൃത്തികൾക്ക് വോട്ടർമാരുടെ താൽപര്യങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ല.
രണ്ടാമത്തെ വഴി, നിർമിത ബുദ്ധിയെ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു കയറണമെങ്കിൽ, ഏതെല്ലാം തരത്തിലുള്ള നയങ്ങളും പ്രവൃത്തികളുമാണ് പിന്തുടരേണ്ടത് എന്ന് നിർമിത ബുദ്ധി വഴി പ്രവചിക്കാം. അതിനു ശേഷം, അത്തരം നീക്കങ്ങൾ മാത്രം നടത്താം. ഈ മാർഗ്ഗത്തിലാണെങ്കിൽ, അധികാരം നിലനിർത്തുക എന്നതിൽക്കവിഞ്ഞ് പ്രസിഡന്റിന് മറ്റു പ്രത്യേക അജണ്ടകളൊന്നുമുണ്ടായിരിക്കില്ല. വീണ്ടും ക്ലോഗ്ഗർ വഴി വോട്ടർമാരെ സ്വാധീനിക്കുക എന്നതു മാത്രമാകും പ്രസിഡന്റിന്റെ പ്രവർത്തനങ്ങളുടെ രീതി.
ക്ലോഗ്ഗർ ആധിപത്യം ഒഴിവാക്കാനാകുമോ?
സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രചാരകരും ഉപദേശകരുമെല്ലാം ഇത്തരമൊരു നിർമിത ബുദ്ധിയുടെ ഉപയോഗം മുൻകൂട്ടി കണ്ട് പ്രവർത്തിച്ചാൽ, ഇത്തരം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞേക്കും. എന്നാൽ, ഇതിന് സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായം. ഇത്തരമൊരു നിർമിത ബുദ്ധി വികസിപ്പിക്കപ്പെട്ടാൽ, അത് ഉപയോഗപ്പെടുത്താനുള്ള ത്വര നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. ഒരു സ്ഥാനാർത്ഥി ഇതുപയോഗിച്ചു തുടങ്ങിയാൽ, മറ്റുള്ളവർ മാറി നിൽക്കും എന്നു കരുതാനാവില്ല.
Also read- ചാറ്റ്ബോട്ടിനെതിരെ ഓൺലൈൻ പീഡന പരാതി; എഐയുടെ ഇരുണ്ട വശം
സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നത് ഇക്കാര്യത്തിൽ സഹായിച്ചേക്കും. വ്യക്തികളിലേക്ക് എത്താനും അവരെ ലക്ഷ്യം വച്ച് പ്രത്യേകം സന്ദേശങ്ങൾ നിർമിച്ചെടുക്കാനുമെല്ലാം ക്ലോഗ്ഗറിന് സ്വകാര്യ ഡാറ്റ അത്യാവശ്യമാണ്. അത് ലഭിക്കുന്ന മാർഗ്ഗങ്ങളെല്ലാം അടച്ചു കഴിഞ്ഞാൽ, പിന്നെ നിർമിത ബുദ്ധിയ്ക്ക് നിലനിൽപ്പില്ല.
തെരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തിൽ ശക്തമായി ഇടപെടാവുന്നതാണ്. ഇത്തരം സംവിധാനങ്ങളെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാനുള്ള അധികാരം കമ്മീഷനുണ്ട്. അമേരിക്ക പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അങ്ങേയറ്റം വില കൽപ്പിക്കുന്ന രാജ്യങ്ങളിൽ അത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പരിമിതികളുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
യൂറോപ്യൻ യൂണിയൻ ഇതിനോടകം ഇത്തരം കാര്യങ്ങളിൽ നിലപാടെടുത്തു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രചരണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന നിർമിത ബുദ്ധിയെ നിയന്ത്രിക്കാനുള്ള അധികാരം യൂറോപ്യൻ യൂണിയൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കാലിഫോർണിയയിലും ചെറിയ തോതിലുള്ള പ്രതിരോധങ്ങൾ നടപ്പിൽ വന്നുകൊണ്ടിരിക്കുന്നു.