ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് തടസം ആരംഭിച്ചത്. ഏതാണ്ട് രണ്ടു മണിവരെ വാട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. തുടക്കത്തിൽ ഏതാനും ഉപയോക്താക്കളെ മാത്രമാണ് ഇത് ബാധിച്ചത്. താമസിയാതെ വാട്ട്‌സ്ആപ്പ് സേവനങ്ങൾ പൂർണമായും നിലക്കുകയായിരുന്നു. ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്സാപ്പ് വെബ്ബും ലഭ്യമായിരുന്നില്ല.
സംഭവത്തിനു പിന്നിൽ സൈബർ ആക്രമണമാണോ കാരണം എന്നും ഐടി മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനാണ് (CERT-IN) പ്രശ്നത്തെക്കുറിച്ച് മെറ്റ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
advertisement
വാട്സ്ആപ്പിലെ പ്രവർത്തനത്തിലുണ്ടായ തകരാർ കമ്പനി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. തങ്ങളുടെ ഭാഗത്തുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നും അതു പരിഹരിച്ചതായും മെറ്റാ വക്താവ് അറിയിച്ചിരുന്നു.
ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്തതെന്നാണ് ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവർ വ്യക്തമാക്കി. രണ്ടുമണിയോടെ വാട്സാപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു. ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്‌തിരുന്നു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
Also read : ലോകമെമ്പാടും വാട്സാപ്പ് നിശ്ചലം; സന്ദേശങ്ങൾ കൈമാറാനാകുന്നില്ല
#whatsappdown എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രൻഡിങ്ങ് ആയിരുന്നു. വാട്സ്ആപ്പ് ഡൗൺ ആയതാണോ എന്ന് ഉറപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനെയും ഫെയ്സ്ബുക്കിനെയുമൊക്കെയാണ് ഉപയോക്താക്കൾ ആശ്രയിച്ചത്.
ഈ മാസം ആദ്യം ഫെയ്സ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും, മെസെഞ്ചറും സമാനമായ രീതിയിൽ പ്രവർത്തനരഹിതമായിരുന്നു. ഇന്ത്യയിലുൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ് ഇത്.