ചിലരൊക്കെ തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഇൻസ്റ്റഗ്രാം സ്റ്റോറികളായി പങ്കിടാറുണ്ട്. ചിലർ ഒരുപാട് സ്റ്റോറികൾ ഒന്നിനു പിറകേ ഒന്നൊന്നായും പങ്കിടാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഇൻസ്റ്റഗ്രാം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച പുതിയ ലേഒട്ട് കമ്പനി ബ്രസീലിൽ പരീക്ഷിച്ചു വരികയാണ്. ഫോളോവേഴ്സിനെ ഒരു സമയം മൂന്ന് സ്റ്റോറികൾ മാത്രം കാണിക്കുകയും ബാക്കിയുള്ളവ മറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. ബാക്കിയുള്ളവ "Show All" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മാത്രമേ കാണാനാകൂ. ബ്രസീലിന് പുറമെ, മറ്റേതൊക്കെ രാജ്യങ്ങളിലാണ് ഈ രീതി നടപ്പിലാക്കുക എന്ന് വ്യക്തമായിട്ടില്ല.
advertisement
ഇൻസ്റ്റാഗ്രാം പുതിയ ഈ ലേഔട്ട് മറ്റു രാജ്യങ്ങളിലേക്കു കൂടി വിപുലീകരിക്കുകയാണെങ്കിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നവർക്ക് മികച്ച മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇൻസ്റ്റഗ്രാമിലെ സ്‌പാം ഉള്ളടക്കം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഇൻസ്റ്റഗ്രാമിൽ പലരുടെയും പ്രൊഫൈൽ പല വിധത്തിലാണ്. ചിലരുടെയൊക്കെ പ്രൊഫൈൽ തുറന്നു നോക്കിയാൽ അതിൽ ഒരു നീല ടിക്ക് മാർക്ക് കാണാം. ഇത്തരം അക്കൗണ്ടുകൾ വേരിഫൈഡ് ആണ് എന്നാണ് ഇതിനർഥം. സാധാരണയായി പ്രശസ്തരായവർക്കും പ്രശസ്ത ബ്രാൻഡുകളുടെയും കമ്പനികളുടെയുമൊക്കെ പേജുകൾക്കും ഇൻഫ്ളുവൻസേഴ്സിനും ഒക്കെയാണ് ഇൻസ്റ്റഗ്രാം വേരിഫൈഡ് അക്കൗണ്ടുകൾ നൽകാറുള്ളത്. ആപ്പിലൂടെയുള്ള പ്രൊമോഷനുകളിലൂടെയും മറ്റും ഇവർ പണം സമ്പാദിക്കുകയും ചെയ്യുന്നു.
നീല ടിക്ക് മാർക്ക് ലഭിക്കാൻ അല്ലെങ്കിൽ നിങ്ങളുടേത് ഒരു വേരിഫൈഡ് അക്കൗണ്ട് ആക്കാൻ വേണ്ട പ്രക്രിയകൾ വളരെ ലളിതമാണ്. എന്നാൽ എല്ലാവർക്കും ഈ നീല ടിക്ക് മാർക്ക് ലഭിക്കില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിനായി ചില രേഖകളും വ്യക്തിഗത വിവരങ്ങളുമൊക്കെ ഇൻസ്റ്റഗ്രാമിന് നൽകേണ്ടതുണ്ട്. അക്കൗണ്ട് വേരിഫൈ ചെയ്യാനുള്ള നിങ്ങളുടെ അപേക്ഷ വിശദമായി പഠിച്ച ശേഷമായിരിക്കും അത് നൽകണോ വേണ്ടയോ എന്ന് ഇൻസ്റ്റഗ്രാം തീരുമാനിക്കുക.
ഹൈപ്പ് ഓഡിറ്റർ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ വരുമാനത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന ചില കണക്കുകൾ പുറത്തു വിട്ടിരുന്നു. മികച്ച പോസ്റ്റുകളിടുന്ന ഇൻഫ്ലുവൻസർമാർക്ക് വരുമാനമായി ലഭിക്കുന്നത് വൻ തുകയാണ്. 1,865 ഓളം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരിലാണ് ഹൈപ്പ് ഓഡിറ്റർ സർവേ നടത്തിയത്. ഇവരുടെ വരുമാനം, ജോലിഭാരം, ജോലിക്കായി മാറ്റിവയ്ക്കുന്ന സമയം, പ്രധാന വരുമാന സ്രോതസ്സുകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സർവ്വേ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരിൽ 45.74% സ്ത്രീകളും 28% 25നും 34നും ഇടയിൽ പ്രായമുള്ളവരും ആണ്.
