ഇലോണ്‍ മസ്‌ക്
ട്വിറ്ററിന്റെ നേതൃസ്ഥാനത്തേക്ക് ടെസ്‌ലയുടെ സിഇഒ ആയ ഇലോണ്‍ മസ്‌ക് എത്തുന്നു എന്ന വാര്‍ത്തയാണ് 2022ല്‍ ഏറ്റവും വലിയ ചര്‍ച്ചയായത്. എന്നാല്‍ ട്വിറ്ററുമായുണ്ടാക്കിയ ആദ്യ കരാറില്‍ നിന്ന് അദ്ദേഹം പിന്നോട്ടു പോയി. കമ്പനി മേധാവികള്‍ കോടതി വഴി പുതിയൊരു കരാറിന് ഇലോണ്‍ മസ്‌കില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതോടെ മസ്‌കിന് അത് അനുസരിക്കേണ്ടി വന്നു. ട്വിറ്ററിന്റെ സ്ഥാനം ഏറ്റെടുത്ത മസ്‌ക് ആദ്യം തന്നെ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണുണ്ടായത്. ഏകദേശം 7500 ലധികം ജീവനക്കാരാണ് ഈ പിരിച്ചുവിടലിന്റെ ഫലം അനുഭവിച്ചത്. ട്വിറ്ററില്‍ നടത്തിയ ചില മാറ്റങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ച മസ്‌കിന്റെ നടപടിയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.
advertisement
സാം ബാങ്ക്മാന്‍ ഫ്രൈയ്ഡ്
ക്രിപ്‌റ്റോ കറന്‍സി സ്ഥാപനമായ എഫ്ടിഎക്‌സ് തങ്ങളുടെ സഹോദര സ്ഥാപനമായ അല്‍മേഡ റിസര്‍ച്ച്‌സ് എന്ന ബെറ്റിംഗ് കമ്പനിയ്ക്ക് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉപഭോക്തൃ ഫണ്ടുകള്‍ കൈമാറ്റം ചെയ്തതാണ് വിവാദത്തിന് തുടക്കമായത്. കമ്പനിയ്ക്കുള്ളിലെ സുതാര്യതക്കുറവിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന്റെ തലവനായ ബാങ്ക്മാന്‍ ഫ്രൈഡിന്റെ തലയിലായി. തുടര്‍ന്ന് വിവാദത്തിന് ഒടുവില്‍ എഫ്ടിഎക്‌സ് സിഇഒ സ്ഥാനത്ത് നിന്ന് സാം ബാങ്ക്മാന്‍ പടിയിറങ്ങി. ജോണ്‍ ജെ റേയെ പുതിയ സിഇഒആയി തെരഞ്ഞെടുക്കുകയും ചെയ്തു.കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ചവരില്‍ ഒരാളാണ് പുതിയ സിഇഒ ആയ ജോണ്‍ ജെ റേ.
Also Read- ആരാണ് പ്രണയ് പാത്തോൾ? ഇലോൺ മസ്‌കിന്റെ ട്വിറ്റർ സുഹൃത്തായി മാറിയത് എങ്ങനെ?
എലിസബത്ത് ഹോംസ്
തെരാനോസ് തട്ടിപ്പ് കേസില്‍ 11 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച അമേരിക്കന്‍ ബയോടെക്ക് കമ്പനി മേധാവിയാണ് എലിസബത്ത് ഹോംസ്. രക്തപരിശോധനയിലൂടെ രോഗങ്ങള്‍ സ്വയം കണ്ടുപിടിക്കാന്‍ കഴിയുന്ന ചില ഉപകരണങ്ങള്‍ എലിസബത്തിന്റെ കമ്പനി പുറത്തിറക്കിയിരുന്നു. എന്നാല്‍ കമ്പനി വാഗ്ദാനം ചെയ്തത് പോലെ പ്രവര്‍ത്തിക്കുന്നവയായിരുന്നില്ല ഈ ഉപകരണങ്ങള്‍ എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് എലിസബത്തിന് നേരെ നിയമനടപടികള്‍ സ്വീകരിച്ചത്. അതേസമയം നിലവില്‍ ഗര്‍ഭിണിയായ എലിസബത്തിന് ഉടനെ തന്നെ ജയിലിലേക്ക് പോകെണ്ടി വരില്ല. അടുത്ത ഏപ്രിലോടെയായിരിക്കും എലിസബത്തിന്റെ ശിക്ഷ ആരംഭിക്കുക. കേസില്‍ അപ്പീല്‍ പോകുമെന്നാണ് എലിസബത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.
ശാന്തനു ദേശ്പാണ്ഡെ
ബോംബെ ഷേവിംഗ് കമ്പനിയുടെ സിഇഒ ആണ് ശാന്തനു ദേശ്പാണ്ഡേ. കമ്പനിയിലെ ചെറുപ്പക്കാരായ ജോലിക്കാരോട് ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ശാന്തനു ഉത്തരവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ചെയ്യുന്ന തൊഴിലിനെയാണ് ആരാധിക്കേണ്ടത് എന്ന് പറഞ്ഞ ശാന്തനു തൊഴിലാളികള്‍ക്ക് വിശ്രമ സമയം നല്‍കുന്നത് തടഞ്ഞതോടെയാണ് കമ്പനിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
ജോലിയെ ആരാധിക്കുക. ബാക്കിയെല്ലാം ഒഴിവാക്കുക. അശ്രാന്തമായി പരിശ്രമിക്കുക എന്നായിരുന്നു ശാന്തനുവിന്റെ കമന്റ്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ തന്റെ പോസ്റ്റ് പിന്‍വലിച്ച ശാന്തനു മാപ്പ് പറയുകയും ചെയ്തിരുന്നു.
അഷ്‌നീര്‍ ഗ്രോവര്‍
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാരോപിച്ച് ഭാരത് പേ ഉദ്യോഗസ്ഥനായ അഷ്‌നീര്‍ ഗ്രോവറെ പിരിച്ചുവിട്ടതോടെയാണ് ഈ സ്ഥാപനവും വാര്‍ത്തകളില്‍ ഇടം നേടിയത്. താനും കുടുംബവും തങ്ങളുടെ ആഡംബര ജീവിതത്തിന് പണം തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഗ്രോവർ ഭാരത്പേയുടെ ബോര്‍ഡിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം ഗ്രോവര്‍ ഇപ്പോള്‍ മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ജൂണില്‍ പുതിയ കമ്പനിയെപ്പറ്റിയുള്ള സൂചനകള്‍ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.
