അതേസമയം 2022-23 കാലയളവിൽ 17.2 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയ സിംഗപ്പൂരാണ് ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപകരായി ഒന്നാം സ്ഥാനത്തുള്ളത്. മൗറീഷ്യസ് (6.1 ബില്യൺ യുഎസ് ഡോളർ), യു.എസ് (6 ബില്യൺ യുഎസ് ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ” ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, യുഎഇയിൽ നിന്നുള്ള നിക്ഷേപങ്ങളിലെ വളർച്ച, ബിസിനസ് കൂടുതൽ സുഗമമാക്കുന്നതിനുള്ള നയ പരിഷ്‌കാരങ്ങൾ എന്നിവയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ ഉഭയകക്ഷി ബന്ധങ്ങളും നിക്ഷേപ സഹകരണവും അതിവേഗം വളർത്തുന്നത് ” ശാർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കമ്പനിയുടെ പങ്കാളികളിൽ ഒരാളായ രുദ്ര കുമാർ പാണ്ഡെ പറഞ്ഞു.
advertisement
ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം പ്രധാനമായും സേവനങ്ങൾ, കടൽ ഗതാഗതം, വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ്. “യുഎഇയിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വർദ്ധിക്കുന്നതിനുള്ള നിർണായക ഘടകങ്ങളിലൊന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) 2022 ഫെബ്രുവരി 18-ന് (2022 മെയ് 1 മുതൽ പ്രാബല്യത്തിൽ) ഒപ്പുവെച്ചതാണെന്നും” പാണ്ഡെ പറഞ്ഞു. അതേസമയം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് പുറമേ ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 75 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ യുഎഇ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. പുനരുപയോഗ ഊർജ മേഖലയിലും ഇന്ത്യയുമായി സഹകരിക്കാൻ യുഎഇ കരാറിലേർപ്പെട്ടിട്ടുണ്ട്.
ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം മെയ് 1 മുതലാണ് സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നത്. ഉടമ്പടി പ്രകാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് അയവുവരുത്തിയ മാനദണ്ഡങ്ങൾക്ക് പുറമേ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് പരസ്പരം വിപണികളിലേക്ക് നികുതി രഹിത വില്‍പ്പനയും സാധ്യമാണ്. ഈ വ്യാപാര കരാർ രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചു എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കമ്പനികളിൽ യുഎഇയിൽ നിന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കാനും ഇത് സഹായിച്ചു.