പേഴ്സണൽ ലോൺ ഏത് ആവശ്യത്തിനും ഉപയോഗിക്കാം. എന്നാൽ കാർ ലോൺ കാർ അല്ലെങ്കിൽ വാഹനം വാങ്ങാനായി മാത്രമേ ഉപയോഗിക്കാനാകൂ. ഈ രണ്ട് വായ്പകളുടെയും ഗുണദോഷങ്ങൾ പരിശോധിക്കാം.
പേഴ്സണൽ ലോണിന്റെ ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങൾ
വായ്പ തുകയുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ലോൺ തുക ഏത് ആവശ്യത്തിനും ഉപയോഗിക്കാം.
പേയ്‌മെന്റ് ഓപ്ഷനിലും ഇളവുകൾ ഉണ്ടാകും.
ദോഷങ്ങൾ
സുരക്ഷിതമല്ലാത്ത വായ്പ ആയതിനാൽ തന്നെ വ്യക്തിഗത വായ്പ അഥവാ പേഴ്സമൽ ലോണിന്റെ പലിശ നിരക്ക് കൂടുതലായിരിക്കും.
advertisement
സുരക്ഷിതമല്ലാത്തത് കൊണ്ട് തന്നെ പേഴ്സണൽ ലോൺ കൂടുതൽ കർശനമായ വായ്പാ മാനദണ്ഡങ്ങളോടെയാകും ലഭിക്കുക.
വായ്പയ്ക്കുള്ള നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിൽ ക്രെഡിറ്റ് സ്കോർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കാർ ലോണിന്റെ ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങൾ
കാർ ലോണുകൾക്ക് സാധാരണയായി പലിശ നിരക്ക് കുറവാണ്.
കാർ ലോൺ വളരെ എളുപ്പത്തിൽ ലഭിക്കും.
സുരക്ഷിതമായ വായ്പയായതിനാൽ, ശരാശരി ക്രെഡിറ്റ് സ്‌കോറുള്ള ഏതൊരു വ്യക്തിയ്ക്കും വായ്പ എടുക്കാൻ യോഗ്യതയുണ്ടാകും.
വാഹനം തന്നെ ലോണിനെതിരെ ഒരു ഈടായി പ്രവർത്തിക്കുന്നു.
ദോഷങ്ങൾ
കാർ ലോണെടുക്കുമ്പോൾ നിങ്ങൾ ആദ്യം ഒരു ഡൗൺ പേയ്‌മെന്റ് നൽകേണ്ടതുണ്ട്.
വായ്പ പേയ്‌മെന്റുകൾ മുഴുവൻ പൂർത്തിയായ ശേഷം മാത്രമേ നിങ്ങൾക്ക് കാറിന്റെ പൂർണ്ണമായ ഉടമസ്ഥാവകാശം ലഭിക്കൂ.
വിവിധ ബാങ്കുകളിലെ കാർ ലോണുകൾ താരതമ്യം ചെയ്ത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.
കാർ ലോൺ എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ
നിങ്ങളുടെ പക്കൽ കാർ വാങ്ങാനുള്ള മുഴുവൻ പണവുമില്ലെങ്കിലും ഒരു കാർ വാങ്ങാൻ ഇത്തരം വായ്പ്പകൾ നിങ്ങളെ സഹായിക്കും.
മിക്ക കാർ ലോണുകളും കാറിന്റെ ഓൺ-റോഡ് വിലയ്ക്ക് തുല്യമായ വായ്പ വാ ഗ്ദാനം ചെയ്യാറുണ്ട്. ചില കാർ ലോണുകൾ ഓൺ-റോഡ് വിലയുടെ 100% തുകയും വായ്പയായി നൽകാറുണ്ട്. അതായത് ഡൗൺ പേയ്‌മെന്റുകൾ ഇല്ലാതെ തന്നെ വായ്പ ലഭിക്കും.
Also Read- Car Loan| കാർ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും അറിയാം
ഇന്ത്യയിലെ മിക്ക കാർ ലോൺ ഓഫറുകളും സുരക്ഷിത വായ്പകളാണ്. ലോണിന്റെ ഈടായി കാർ തന്നെ പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം.
മറ്റ് ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കാർ ലോൺ സ്വന്തമാക്കുന്നത് സാധാരണയായി വളരെ ലളിതമാണ്. ക്രെഡിറ്റ് സ്‌കോർ കുറവുള്ളവർക്കും കാർ ലോൺ എളുപ്പത്തിൽ ലഭിക്കും. എന്നാൽ ഇതിന് ഓരോ ബാങ്കിനും വ്യത്യസ്ത നയങ്ങളാണുള്ളത്. ഇന്ത്യയിലെ കാർ ലോണുകൾ പലപ്പോഴും നിശ്ചിത പലിശ നിരക്ക് ഓപ്‌ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പലബാങ്കുകളും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുത. അതിനാൽ നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കുന്നതിന് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം. ലഭിക്കും. കാർ ലോണുകൾ പുതിയ കാറുകൾ വാങ്ങാൻ മാത്രമല്ല യൂസ്ഡ് കാർ വാങ്ങാനും ലോൺ ലഭിക്കും.
മികച്ച പലിശ നിരക്കിൽ കാർ ലോൺ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളും പലിശ നിരക്കും
- ബാങ്ക് ഓഫ് ബറോഡ - 7.00%
- കാനറ ബാങ്ക് - 7.30%
- ആക്സിസ് ബാങ്ക് - 7.45%
- ഫെഡറൽ ബാങ്ക് - 8.50%
- എസ്ബിഐ - 7.20%
- ഐസിഐസിഐ ബാങ്ക് - 7.90%
ഇന്ത്യയിലെ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പേഴ്സണൽ ലോൺ പലിശ നിരക്കുകൾ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 9.60% മുതൽ 15.65% വരെ
- ഐസിഐസിഐ ബാങ്ക് - 10.5% മുതൽ 19% വരെ
- എച്ച്ഡിഎഫ്സി ബാങ്ക് - 10.5% മുതൽ 21.00% വരെ
- യെസ് ബാങ്ക് - 13.99% മുതൽ 16.99% വരെ
- സിറ്റി ബാങ്ക് - 9.99% മുതൽ 16.49% വരെ
- ആക്സിസ് ബാങ്ക് - 12% മുതൽ 21% വരെ
- ബാങ്ക് ഓഫ് ബറോഡ - 10.50% മുതൽ 12.50% വരെ
- എച്ച്എസ്ബിസി ബാങ്ക് - 9.75% മുതൽ - 15.00% വരെ
കാർ ലോൺ എടുക്കാൻ ആവശ്യമായ ക്രെഡിറ്റ് സ്കോർ
മിക്ക ലോണുകളെയും പോലെ, 750ന് മുകളിലുള്ള ഉയർന്ന ക്രെഡിറ്റ് സ്കോറാണ് എപ്പോഴും ഏറ്റവും അനുയോജ്യം. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 600ന് മുകളിലാണെങ്കിൽ തന്നെ നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാം. എന്നാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ കുറവാണെങ്കിൽ ചിലപ്പോൾ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
പേഴ്സണൽ ലോൺ എടുക്കാൻ ആവശ്യമായ ക്രെഡിറ്റ് സ്കോർ
ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പേഴ്സണൽ ലോണിന് അർഹത ലഭിക്കൂ. ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള അപേക്ഷകർക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്യാറുണ്ട്. അതിനാൽ, ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കേണ്ടതാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750ൽ കുറവാണെങ്കിൽ, അത് മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്തണം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750ൽ കൂടുതലാണെങ്കിൽ കുറഞ്ഞ പലിശയിൽ നിങ്ങൾക്ക് വ്യക്തിഗത വായ്പ ലഭിക്കും.
കാർ ലോൺ എടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും
വിവിധ ബാങ്കുകൾക്ക് കാർ ലോൺ യോഗ്യതാ മാനദണ്ഡം വ്യത്യസ്തമായിരിക്കും. പൊതുവായ ചില മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്
- അപേക്ഷകന്റെ പ്രായം 18 വയസ്സിനും 75 വയസ്സിനും ഇടയിലായിരിക്കണം
- കുറഞ്ഞ പ്രതിമാസ വരുമാനം 20,000 രൂപയെങ്കിലും ഉണ്ടായിരിക്കണം
- നിലവിലെ തൊഴിലുടമയുടെ കീഴിൽ കുറഞ്ഞത് 1 വർഷം ജോലി ചെയ്തിരിക്കണം
- ഒരു സർക്കാർ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ ജോലി ചെയ്യുന്നവരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം
ഇന്ത്യയിൽ ഏത് തരം കാറുകൾക്കാണ് കാർ ലോൺ ലഭിക്കുക?
മിക്കവാറും എല്ലാത്തരം ചെറുകിട ഇടത്തരം കാറുകൾക്കും കൊമേഴ്‌സ്യൽ വെഹിക്കിൾ ലോൺ ലഭിക്കും. സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾസ് (എസ്‌യുവി), മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾസ് (എംയുവി) എന്നിവ ഇന്ത്യയിൽ ലഭ്യമായ കാർ ലോണുകളുടെ പരിധിയിൽ വരും.
കാർ ലോണിന് അപേക്ഷിക്കുമ്പോൾ ജാമ്യം അല്ലെങ്കിൽ ഈട് ആവശ്യമുണ്ടോ?
ഇന്ത്യയിൽ ലഭ്യമായ മിക്കവാറും എല്ലാ കാർ ലോണുകളും സുരക്ഷിതമായ വായ്പകളാണ്. വാങ്ങുന്ന വാഹനം തന്നെ സാധാരണ രീതിയിൽ സെക്യൂരിറ്റിയായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകളും കാർ ലോണിന് ജാമ്യക്കാരെ ആവശ്യപ്പെടാറില്ല. എന്നാൽ നിങ്ങളുടെ വാർഷിക വരുമാനം ബാങ്ക് പ്രതീക്ഷിക്കുന്നത്ര ഇല്ലെങ്കിൽ നിങ്ങൾ ഒരു സഹ-അപേക്ഷകന്റെയോ ജാമ്യക്കാരന്റെയോ സഹായം തേടേണ്ടി വരും.
സാധാരണയായി ലഭ്യമായ കാർ ലോൺ തിരിച്ചടവ് കാലാവധികൾ
തിരിച്ചടവ് കാലാവധി സാധാരണയായി 12 മാസം മുതൽ 84 മാസം വരെയാണ്. അതായത് 1 മുതൽ 7 വർഷം വരെ.