ഒരു പരിധിവരെ, സിലിക്കൺ വാലി ബാങ്കിന്റെ പതനവും തുടർന്നുണ്ടായ പരിഭ്രാന്തിയും സിഗ്‌നേച്ചർ ബാങ്കിനെ ബാധിച്ചു എന്നു തന്നെ പറയാം. നികുതിദായകർക്ക് ഒരു നഷ്ടവും ഉണ്ടാകില്ലെന്നും സിഗ്നേച്ചർ ബാങ്കിലെയും സിലിക്കൺ വാലി ബാങ്കിലെയും നിക്ഷേപകർക്ക് മുഴുവൻ നഷ്ടപരിഹാരം ലഭിക്കുമെന്നും യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റും മറ്റ് ബാങ്ക് അധികാരികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
സിഗ്നേച്ചർ ബാങ്ക്
2001-ലാണ് സിഗ്നേച്ചർ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ക്രിപ്‌റ്റോകറൻസി നിക്ഷേപകരിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന പ്രധാന ബാങ്കാണിത്. സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടിയതിനുശേഷം, സിഗ്നേച്ചർ ബാങ്കിന്റെ ബിസിനസ് ഉപഭോക്താക്കൾ പലരും അവരുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണോ എന്ന് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. ബാങ്ക് പൂട്ടി പോയാൽ 250000 ഡോളർ വരെയായിരുന്നു നിക്ഷേപിച്ച പരമാവധി തുകക്കുള്ള ഇൻഷുറൻസ് ലഭിക്കുക.
advertisement
എന്നാൽ ഇതിലധികം നിക്ഷേപമുള്ളവർക്ക് തങ്ങളുടെ തുക നഷ്ടപ്പെടുമോ എന്ന ഭീതിയുണ്ടായി. താമസിയാതെ, നിക്ഷേപകർ തങ്ങളുടെ പണം പിൻവലിക്കാൻ തുടങ്ങിയതോടെ സിഗ്നേച്ചർ ബാങ്ക് തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഓഹരികൾക്കൊപ്പം അതിന്റെ സ്റ്റോക്കുകളും കുറയാൻ ആരംഭിച്ചു. ഏകദേശം 88 ബില്യൺ ഡോളറാണ് സിഗ്നേച്ചർ ബാങ്കിലെ മൊത്തം നിക്ഷേപം. അതിൽ 79 ബില്യൺ ഡോളറിലധികം കഴിഞ്ഞ വർഷാവസാനം വരെ ഇൻഷ്വർ ചെയ്തിട്ടില്ല.
2018-ലാണ് ബാങ്ക് ക്രിപ്‌റ്റോ ആസ്തികളുടെ നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയത്. ക്രിപ്‌റ്റോ കമ്പനികളുടെ വരവ് സിഗ്നേച്ചർ ബാങ്കിന്റെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിച്ചു. എഫ്‌ടിഎക്‌സ് പ്രതിസന്ധിക്ക് ശേഷം, സിഗ്‌നേച്ചർ ബാങ്ക് ചില ക്രിപ്‌റ്റോ ക്ലയന്റുകളുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചെന്നും നിക്ഷേപകരെ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഉപഭോക്താക്കൾക്ക് ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുമോ?
സിഗ്നേച്ചർ ബാങ്കിലെ ഇടപാടുകാരെ സഹായിക്കാനായി ഒരു ബ്രിഡ്ജ് ബാങ്ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഫണ്ടുകൾ ആക്‌സസ് ചെയ്യാൻ സാധിക്കും. സിഗ്നേച്ചർ ബാങ്കിന്റെ നിക്ഷേപകരും കടം വാങ്ങിയവരുംബ്രിഡ്ജ് ബാങ്കിന്റെ ഉപഭോക്താക്കളായി മാറും. ഫിഫ്ത്ത് തേർഡ് ബാൻകോർപ്പിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഗ്രെഗ് കാർമൈക്കിളിനെ ബ്രിഡ്ജ് ബാങ്കിന്റെ സിഇഒ ആയി ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) നിയമിച്ചു.
സിഗ്നേച്ചർ ബാങ്കിന്റെ ഓഹരികളിൽ വെള്ളിയാഴ്ച 23 ശതമാനം ഇടിവുണ്ടായിരുന്നു. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച മൂലമുണ്ടായ പരിഭ്രാന്തിയെത്തുടർന്ന് ഉപഭോക്താക്കൾ പലരും മറ്റ് ബാങ്കുകളിലേക്ക് പണം മാറ്റാൻ തുടങ്ങിയിരുന്നു.