ലോകത്തെമ്പാടുമുള്ള പല സ്റ്റാർട്ട്അപ്പുകൾക്കും അക്കൗണ്ടുകളുള്ള സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആശങ്കയോടെയാണ് സാമ്പത്തികലോകം ഉറ്റുനോക്കുന്നത്. 2008 ൽ വാഷിംഗ്ടൺ മ്യൂച്വലിനുണ്ടായ തകർച്ചക്കു ശേഷം ഒരു ധനകാര്യ സ്ഥാപനത്തിനുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണിത്. സിലിക്കൺ വാലി ബാങ്കുമായി ബന്ധമുള്ള ചില സ്റ്റാർട്ടപ്പുകൾ തങ്ങളുടെ തൊഴിലാളികൾക്ക് ശമ്പളം നൽകാനായി നെട്ടോട്ടമോടുകയാണിപ്പോൾ. ചിലർ പ്രൊജക്റ്റുകൾ താൽക്കാലികമായി നിർത്തി വെയ്ക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടാനുള്ള ആലോചനയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
എങ്ങനെയാണ് സിലിക്കൺ വാലി ബാങ്ക് തകർന്നത്? ആരെയാണ് ഈ തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത്? ഇക്കാര്യങ്ങളെല്ലാം വിശദമായി മനസിലാക്കാം.
എന്തുകൊണ്ടാണ് സിലിക്കൺ വാലി ബാങ്ക് തകർന്നത്?
പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് പലിശനിരക്ക് വർധിപ്പിക്കാനുള്ള അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ തീരുമാനവും കഴിഞ്ഞ വർഷം ടെക്നോളജി സ്റ്റോക്കുകളിലുണ്ടായ മാന്ദ്യവും സിലിക്കൺ വാലി ബാങ്കിനെ ബാധിച്ചു. ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളായി ബാങ്ക് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബോണ്ടുകളാണ് വാങ്ങിയത്. ഈ നിക്ഷേപങ്ങൾ സാധാരണയായി സുരക്ഷിതമാണ്. എന്നാൽ പലിശനിരക്ക് ഉയർന്നതോടെ നിക്ഷേപങ്ങളുടെ മൂല്യം കുറഞ്ഞു. സാധാരണഗതിയിൽ അതൊരു വലിയ പ്രശ്‌നമാകാറില്ല.
Also read- യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകര്ന്നു; കേരളത്തിൽ എന്ത് കൊണ്ട് ആശങ്ക?
കാരണം ബാങ്കുകൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്ന നിക്ഷേപങ്ങളാണവ. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാകും ഇവ വിൽക്കുക. എന്നാൽ സിലിക്കൺ വാലിയുടെ ഉപഭോക്താക്കൾ കൂടുതലും സ്റ്റാർട്ടപ്പുകളും മറ്റ് ടെക് കമ്പനികളുമായിരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും കഴിഞ്ഞ വർഷം പണത്തിന് കൂടുതൽ ആവശ്യമുണ്ടായി. ഓഹരി വില ഇടിയുകയും നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കുകയും ചെയ്തതോടെയാണ് സിലിക്കൺ വാലി ബാങ്ക് തകർന്നത്. തുടക്കത്തിൽ, അതൊരു വലിയ പ്രശ്‌നമായിരുന്നില്ല, എന്നാൽ ഉപഭോക്താക്കൾ നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയതോടെ ബാങ്ക് സ്വന്തം ആസ്തികൾ വിൽക്കാൻ തുടങ്ങി.
സിലിക്കൺ വാലി ഉപഭോക്താക്കൾ കൂടുതലും ബിസിനസുകാരും അതി സമ്പന്നരുമായിരുന്നു. അവരിൽ പലരുടെയും നിക്ഷേപം 250,000 ഡോളറിൽ കൂടുതലുമായിരുന്നു. പുറമെ നിന്നുള്ള നിക്ഷേപകരിലൂടെ അധിക മൂലധനം സമാഹരിക്കാൻ ബാങ്ക് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ബാങ്കിൽ അവശേഷിച്ച ആസ്തികളും നിക്ഷേപങ്ങളും സംരക്ഷിക്കാൻ സിലിക്കൺ വാലി ബാങ്കിന്റെ ആസ്തികൾ കണ്ടുകെട്ടുകയല്ലാതെ ബാങ്ക് റെഗുലേറ്റർമാർക്ക് മറ്റ് മാർഗങ്ങളില്ലായിരുന്നു.
ഇനിയെന്ത്?
സിലിക്കൺ വാലി ബാങ്ക് രണ്ട് വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇവ രണ്ടും വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ആദ്യത്തെ പ്രശ്നം സിലിക്കൺ വാലി ബാങ്കിലുള്ള വലിയ നിക്ഷേപമാണ്. 250,000 ഡോളർ വരെ നിക്ഷേപങ്ങളാണ് ഫെഡറൽ ഗവൺമെന്റ് ഇൻഷ്വർ ചെയ്യുന്നത്. അതിന് മുകളിൽ ഉള്ളവയ്ക്ക് ഇൻഷുറൻസ് ഇല്ല. ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങൾ തിരികെ ലഭിക്കുമെന്ന് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
എന്നാൽ, സിലിക്കൺ വാലി ബാങ്കിന്റെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഇൻഷ്വർ ചെയ്യപ്പെടാത്തവയാണ്. പല കമ്പനികളും ശമ്പളവും ഓഫീസ് ചെലവുകളും നിറവേറ്റുന്നതിനുള്ള ഫണ്ടിൽ പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്. ഇത് പിരിച്ചുവിടലുകളിലേക്കു വരെ നയിച്ചേക്കാം. രണ്ടാമത്തെ പ്രശ്നം സിലിക്കൺ വാലി ബാങ്ക് വാങ്ങാൻ ആളില്ല എന്നതാണ്. മറ്റൊരു ബാങ്കും ഈ ഏറ്റെടുക്കലിനായി ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.
2008ലെ പ്രതിസന്ധി
2008 ൽ വാഷിങ്ടൺ മ്യൂച്വൽ തകർന്നതാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിങ് തകർച്ച. ഇതിനു ശേഷമുള്ള ഏറ്റവും വലിയ വീഴ്ച്ചയാണ് സിലിക്കൺ വാലിയുടേത്. ആഗോള തലത്തിൽ ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയെ ഇത് ബാധിച്ചു. ബാങ്കിന്റെ തകർച്ച സ്റ്റാർട്ടപ്പ് കമ്പനികളെയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.