കൊപ്പാറക്കടവിലെ പാലത്തിനായി പുരയിടവും പുത്തൻ വീടും നാടിനു നൽകിയ ഗോപാലന്റെ കുടുംബം വർഷങ്ങൾക്ക് ശേഷവും സ്വന്തമായി ഒരു കൂരയെന്ന സ്വപ്നം പൂർത്തികരിക്കാനാകാത്ത അവസ്ഥയിലാണ്. നിലം നികത്താൻ അനുമതി നൽകിയവർ തന്നെ ഒറ്റുകാരുടെ പക്ഷത്തായ വിചിത്ര സാഹചര്യമാണ് ഇനി പറയുന്നത്.
2013 ഫെബ്രുവരി നാല്. ഗോപാലന്റെ ജീവിതത്തിലെ നിർണ്ണായക ദിനം. അന്നാണ് യു.ഡി. എഫ്. സർക്കാരിൻ്റെ നിർദ്ദേശാനുസരണം ഗോപാലന്റെ പക്കൽ നിന്നും 34 സെന്റ് ഭൂമിയും പാലുകാച്ചൽ കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ വീടും ചെറുതന ഗ്രാമ പഞ്ചായത്ത് ഏറ്റെടുക്കുന്നത്. വീയപുരം ഗ്രാമപഞ്ചായത്തിനെയും ചെറുതന ഗ്രാമ പഞ്ചായത്തിനെയും കരുവാറ്റ ഗ്രാമപഞ്ചായത്തിനെയും യോജിപ്പിച്ച് കരുവാറ്റയിലെ ദേശീയ പാതയിലേക്കുള്ള ബഹുദൂരം അതിവേഗം എത്താൻ സഹായിക്കുന്ന പാലത്തിൻ്റെ നിർമ്മാണത്തിനായിരുന്നു ഭൂമി ഏറ്റെടുക്കൽ.
advertisement
കരാർ ഉടമ്പടി ഇങ്ങനെ.
1.സ്ഥലം വിട്ടു നൽകുന്നതിന് പകരമായി കുടുംബത്തിന് 10 ലക്ഷം രൂപ നൽകും.
2.വീടും സ്ഥലവും നഷ്ടപ്പെടുന്നതിനാൽ വാസയോഗ്യമായ സ്ഥലം ഇല്ലാത്ത കുടുംബത്തിന് അവശേഷിക്കുന്ന നിലം വീടുവെക്കാനായി പഞ്ചായത്ത് നികത്തി നൽകും.
3,തൊഴിൽ നഷ്ടപ്പെടുന്ന ഗോപാലൻ്റെ മകൾക്ക് സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി നൽകും.
4.ടി വ്യവസ്ഥകൾ പ്രകാരം വരുന്ന ചിലവുകൾ ചെറുതന കരുവാറ്റ ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി വഹിക്കും.
തലസ്ഥാനം വരെ നീണ്ട ചർച്ചകൾക്കൊടുവിൽ വർഷങ്ങൾക്കു മുമ്പ് കഠിനാധ്വാനം കൊണ്ട് കട്ടകുത്തി നികത്തിയെടുത്ത 34 സെൻ്റ് സ്ഥലവും ഒരായുസിൻ്റെ സാമ്പാദ്യം കൊണ്ട് നിർമ്മിച്ചെടുത്ത പുത്തൻ വീടും ഗോപാലൻ വിട്ടു നൽകി. നാടിൻ്റെ വികസനത്തിനായി ഗോപാലന്റെ കൺമുന്നിൽ സമ്പാദ്യങ്ങൾ പിഴുതെറിയപ്പെട്ടു. അങ്ങനെ ചെറുതന- പായിപ്പാട് റോഡിനേയും ദേശീയ പാതയേയും ബന്ധിപ്പിച്ച് കൊണ്ട് കൊപ്പാറക്കടവ് പാലം തല ഉയർത്തി.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം അന്നത്തെ ആഭ്യന്തര മന്ത്രിയും സ്ഥലം എം എൽ എയും കൂടിയായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി. ആഭ്യന്തര മന്ത്രി തന്നെ വാഗ്ദാനങ്ങളുടെ പട്ടിക ആ കുടുംബത്തിന് മുന്നിലേക്ക് നിരത്തി. ഒരു നാടിൻ്റെ പ്രതീക്ഷ വാനോളമുയർത്തി പാലം യാഥാർഥ്യമായി. പക്ഷേ വീട് നഷ്ടപ്പെട്ട ആ ദളിത് കുടുംബം വാടക വീട്ടിലേക്ക് പറിച്ച് നടപ്പെട്ടു.
പാലം വന്നതോടെ കടത്തില്ലാതായി. അങ്ങനെ കൂലി ഇല്ലാതായി. കുടുംബത്തിൻ്റെ വരുമാനം നിലച്ചു.ജോലി നഷ്ടപ്പെട്ട ഗോപാലന്റെ മകൾ സുനിത ചെറുതന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി തുടങ്ങി. അതിനോടൊപ്പം പഞ്ചായത്ത് നികത്തി നൽകിയ ഗോപാലൻഖെ തന്നെ ഭൂമിയിൽ വീട് നിർമ്മാണവും ആരംഭിച്ചു.
ഇനിയാണ് വഞ്ചനയുടെ ചരിത്രം ആരംഭിക്കുന്നത്. . ആറു മാസം തികഞ്ഞില്ല മകളുടെ ജോലി അവസാനിച്ചു. കുടുംബത്തിൽ ആശങ്ക ഉയർന്നു. കിട്ടിയ പണം തീർന്നതോടെ വീട് പണി നിലച്ചു. ആഗ്രഹങ്ങൾ ഒന്നൊന്നായി കൺമുന്നിൽ തകർന്നടിഞ്ഞപ്പോൾ ഗോപാലൻ വിഭ്രാന്തിയുടെ ലോകത്തേക്ക് കൂപ്പുകുത്തി.
കനത്ത മഴ പെയ്ത ഒരു ദിവസമാണ് എല്ലാം നഷ്ടപ്പെട്ട ഗോപാലന്റെ ഹൃദയം എന്നന്നേക്കുമായി നിലച്ചത്. ഗൃഹനാഥന്റെ മൃതദേഹം വാടക വീട്ടിൽ വെക്കാൻ അനുവാദമില്ലാതെ ആ കുടുംബം പകച്ചു നിന്നു. ഒടുവിൽ ഗോപാലന്റെ നിലത്തിൽ തന്നെ കട്ട കുത്തി ഉയർത്തി നാട്ടുകാർ ഗോപാലന് ചിതയൊരുക്കി. ഒരു വഞ്ചനയുടെ സ്മാരകമായി ഗോപാലൻ ചെളിക്കുണ്ടിൽ അന്ത്യവിശ്രമം കൊള്ളുന്നു .
വായ്പ എടുത്താണെങ്കിലും വീടിന്റെ പണി പൂർത്തിയാക്കാനായി ശ്രമിച്ചപ്പോഴാണ് കുടുംബം മറ്റൊരു കൊടും ചതി തിരിച്ചറിയുന്നത്. ചെറുതന ഗ്രാമ പഞ്ചായത്തിൻ്റെ രേഖകളിൽ ഗോപാലൻ്റെ കുടുംബം അനധികൃത നിലം നികത്തുകാരായി.നിലം നികത്തി വീട് വെച്ചവർക്ക് ഒരു ബാങ്ക് വായ്പ പോലും ലഭിക്കില്ല. പ്രതീക്ഷകൾ പൂർണ്ണമായി അസ്തമിച്ച ഈ കുടുംബം ആത്മഹത്യയുടെ വക്കിലാണ്.മേൽക്കൂര പോലുമാകാതെ വീട് പാതി വഴിയിലായി.നാടിൻ്റെ വികസനത്തിന് നാഴികക്കല്ലായ ഗോപാലൻ്റെ കുടുംബമാകട്ടെ കൊപ്പാറക്കടവ് പാലത്തിന് അരികിൽ തകർന്നു വീഴാറായ കൂരയിൽ അന്തിയുറങ്ങുന്നു.
പാലം കടക്കുവോളം ഗോപാലനെ വേണ്ടിയിരുന്നവർക്ക് പാലം കടന്നു കഴിഞ്ഞപ്പോൾ ഗോപാലനെ അറിയില്ല എന്നതാണ് യാഥാർഥ്യം.