“അയാള്‍ ആരുമാകാം, ജീവിതം അയാള്‍ക്ക് സ്വൈരം കൊടുത്തില്ല, വിരമിക്കാന്‍ ഒരു ചാരുകസേര കൊടുത്തില്ല”- ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സംതൃപ്തി എന്ന കവിതയില്‍ നിന്ന്
പണിയെടുത്ത് തളരുമ്പോള്‍ നടുവ് നിവര്‍ത്തി ഇരുന്ന് ഒന്ന് വിശ്രമിക്കാന്‍ ഒരു കസേര ആരും ആഗ്രഹിച്ചു പോകും. തിരക്കുള്ള ബസില്‍ കയറുമ്പോഴും മനസിലെ ചിന്ത ഇരിക്കാന്‍ ഒരു സീറ്റ് കിട്ടുമോ എന്നതാണ്. കസേര സ്വസ്ഥതയുടെ സ്വപ്നമാണ് എന്നത് പോലെ അധികാരത്തിന്റെ ചിഹ്നവുമാണ്. വീട്ടിലേക്ക് കയറി വരുന്ന അതിഥിയോട് നമ്മള്‍ ആദ്യം പറയുന്ന വാക്കുകളിലൊന്ന് ഇരിക്കൂ എന്നാണ്. നടന്നു തളര്‍ന്നു വരുന്ന യാത്രികനെ സ്വീകരണ മുറിയിലെ കസേര പോലെ മറ്റൊന്നും മോഹിപ്പിക്കില്ല.
advertisement
മലയാളി കസേരയില്‍ ഇരുന്ന് തുടങ്ങിയിട്ട് എത്ര കാലമായിട്ടുണ്ടാവും?
Cadeira എന്ന പോര്‍ച്ചുഗീസ് വാക്കില്‍ നിന്നാണ് കസേര എന്ന പദമുണ്ടായത്. എങ്കിലും പോര്‍ച്ചുഗീസുകാരുടെ വരവിന് ശേഷമാവണം നമ്മള്‍ ഇന്ന് കാണുന്ന കസേര കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയതെന്ന് കരുതാന്‍ വയ്യ. ഇത്തരം ഒരു ഇരിപ്പിടത്തിന് കസേര എന്ന പേര് മാത്രമേ അങ്ങനെ വന്നതാവാന്‍ വഴിയുള്ളു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട മതിലകം രേഖകളില്‍ പറങ്കി നാല്‍ക്കാലി എന്നാണ് കസേരയെ വിശേഷിപ്പിക്കുന്നത്. ദേവനെ പറങ്കി നാല്‍ക്കാലിയില്‍ എഴുന്നള്ളിക്കുന്നു എന്നൊക്കെ മതിലകം രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Also Read-ആരാധകരുടെ രോമാഞ്ചം; വെറും മിനി എങ്ങനെ ‘മിനി കൂപ്പറായി’ ?
പത്മനാഭപുരം കൊട്ടാരത്തിലെ കസേരകള്‍ക്ക് ചൈനീസ് കസേരകളുമായി വളരെയധികം സാദൃശ്യമുള്ളതായി കാണാം. കൊട്ടാരത്തിലെ മന്ത്രശാലയിലാണ് രാജാവ് സുപ്രധാന യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. രാജാവും രാജസദസിലെ പ്രധാന ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന കസേരകള്‍ ഇപ്പോഴും മന്ത്രശാലയില്‍ പ്രദര്‍ശനത്തിനുണ്ട്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന മിങ് രാജവംശം ഉപയോഗിച്ചിരുന്ന കസേരകളുടെ മാതൃകയില്‍ ഉള്ള ചില കസേരകള്‍ പത്മനാഭപുരം കൊട്ടാരത്തിലും കാണാം. വേണാടും ചൈനയുമായുള്ള വ്യാപാരബന്ധം പന്ത്രണ്ടാം നൂറ്റാണ്ട് മുതലേ തുടങ്ങിയിരുന്നുവെന്നാണ് ചരിത്രം. അപ്പോള്‍ കേരളമെന്ന ഭൂപ്രദേശത്തിന് അന്നേ കസേര പരിചിതമായിരുന്നിരിക്കണം.
കേരളത്തിലെ നാട്ടുരാജാക്കന്‍മാര്‍ കസേര എന്ന അര്‍ത്ഥത്തില്‍ സിംഹാസനം ഉപയോഗിച്ചിരുന്നു. മറ്റുള്ളവരുടെ കസേരകളില്‍ നിന്നും വ്യത്യസ്തവും ആഢംബരപൂര്‍ണവുമായിരുന്നു രാജാവിന്റെ സിംഹാസനം. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന സിംഹാസനം അത്ര ആഢംബരപൂര്‍ണമായ ഒന്നായിരുന്നില്ല. സ്വാതി തിരുനാളിന് ശേഷം 1846ല്‍ അധികാരത്തിലേറിയ ഉത്രം തിരുനാളിന് ഈ സിംഹാസനം അത്ര പോരെന്ന് തോന്നി. രാജ്യത്തെ മികച്ച കരകൗശല വിദഗ്ധരെയും മരപ്പണിക്കാരെയും വിളിച്ചു കൂട്ടി ഗംഭീരമായ ഒരു ദന്തസിംഹാസനം തന്നെ ഒരുക്കാന്‍ ഉത്തരവ് നല്‍കി.
സിംഹാസനം എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അതിന്റെ കാലുകള്‍ സിംഹത്തിന്റെ കാലുകള്‍ പോലെ തന്നെ രൂപകല്‍പ്പന ചെയ്തു. കൈപ്പിടിയുടെ അറ്റത്ത് സിംഹത്തലകള്‍. പിന്‍ഭാഗത്ത് ഇതിനെ താങ്ങിനിര്‍ത്തുന്നതോ ആനകളുടെ രൂപങ്ങള്‍. വജ്രവും പവിഴവും മാണിക്യവും പതിച്ച ഈ കലാശില്‍പ്പം തിരുവിതാംകൂര്‍ ശില്‍പ്പികളുടെ കരവിരുതിന്റെ മകുടോദാഹണമായിരുന്നു. പക്ഷേ ഈ സിംഹാസനത്തെ തിരുവിതാംകൂറിന് നഷ്ടമായി.
1851 ല്‍ ലണ്ടനില്‍ നടന്ന ഗ്രേറ്റ് എക്സിബിഷനില്‍ തിരുവിതാംകൂറില്‍ നിന്നുമുള്ള എന്തെങ്കിലും വേണമെന്ന് വിക്ടോറിയ രാജ്ഞിയുടെ ഭര്‍ത്താവിന് നിര്‍ബന്ധമായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നതും അദ്ദേഹമായിരുന്നു. രാജ്ഞിയുടെ താല്‍പര്യവും ഇതാണെന്ന് മനസിലാക്കിയ ഉത്രം തിരുനാള്‍ വൈകാതെ സിംഹാസനം ലണ്ടനിലേക്ക് കയറ്റി അയച്ചു. പിന്നീട് ഇതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെങ്കിലും രാജ്ഞിക്ക് ഇത് പെരുത്ത് ഇഷ്ടമായിയെന്ന് ഉത്രം തിരുനാളിന് മനസിലായത് 1877ലാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്ത്യയടക്കമുള്ള ഭൂപ്രദേശങ്ങളുടെ ചക്രവര്‍ത്തിനിയായി അവരോധിക്കപ്പെട്ട വിക്ടോറിയ രാജ്ഞി അന്ന് ഒരു ചിത്രം പുറത്തു വിട്ടു. അതില്‍ അവര്‍ ഇരുന്നത് ഈ സിംഹാസനത്തിലാണ്! തിരുവിതാംകൂറിലേക്ക് ഒരിക്കലും മടങ്ങി വരാത്ത ആ സിംഹാസനം ഇപ്പോള്‍ വിഖ്യാതമായ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്.
ഉത്രം തിരുനാളിന്റെ നയതന്ത്രത്തിന്റെ ഭാഗമായാണ് വിലപിടിപ്പുള്ള ഈ ദന്തസിംഹാസനം രാജ്ഞിക്ക് നല്‍കിയത് എന്നാണ് ചരിത്രകാരന്‍ മനു എസ് പിള്ള എഴുതിയിട്ടുള്ളത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാനായി നേരിട്ട് രാജ്ഞിയുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നത്രെ ഉത്രം തിരുനാളിന്റേത്. ഉത്രം തിരുനാളിന് മുമ്പ് അധികാരത്തില്‍ ഇരുന്ന സ്വാതി തിരുനാള്‍ ഉപയോഗിച്ചിരുന്ന സിംഹാസനം കുതിരമാളിക മ്യൂസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശനത്തിനുണ്ട്.
രാജാവ് സിംഹാസനം ഉപയോഗിച്ചിരുന്നുവെങ്കിലും രാജസദസിലെ മറ്റുള്ളവര്‍ പീഠത്തിലോ നിലത്തോ ഒക്ക തന്നെയാവും ഇരുന്നിരുന്നത്. ചാരാനുള്ള സൗകര്യവും കൈപ്പിടിയും ഉള്ള ഇരിപ്പിടങ്ങള്‍ പ്രഭുക്കള്‍ക്ക് മാത്രമായിരുന്നു ഉള്ളതെന്നും കരുതാം.
പഴയ കേരളീയ ഭവനങ്ങളിലെല്ലാം ചാരുപടി ഉണ്ടായിരുന്നു. അതുകൊണ്ട് ഉമ്മറത്ത് എത്തുന്ന അതിഥികള്‍ക്ക് ഇരിക്കാന്‍ മറ്റ് കസേര വേണ്ടായിരുന്നു. ഇറയം, കോലായ എന്നിങ്ങനെയുള്ള നിര്‍മിതികളിലും ഇരിക്കാനായി കസേര ഇടുന്ന ശീലം മലയാളിക്ക് ഉണ്ടായിരുന്നില്ല. കൈവരി, തിണ്ണ എന്നിവയില്‍ ഇരുന്ന് നേരമ്പോക്കുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നവരുടെ പഴയകാല ദൃശ്യങ്ങള്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.
ഇറയത്ത് ഉടമ്പറ എന്നൊരു ഇരിപ്പിടവും പഴയകാല സമ്പന്ന ഭവനങ്ങളില്‍ ഉപയോഗിച്ചിരുന്നു. പൂര്‍ണമായും തടിയില്‍ തീര്‍ക്കുന്ന ഇത് കാരണവരുടെ ഇരിപ്പിടത്തിന് പുറമെ ഒരു ചെറിയ പത്തായത്തിന്റെ ധര്‍മ്മവും വഹിച്ചു പോന്നു. ഉടയവൻ ഇരിക്കുന്ന അറ ആണ് ഉടമ്പറ. ഇതിന് മുകളില്‍ ഇരിക്കുന്ന കാരണവര്‍ക്ക് ഇതില്‍ നിന്ന് തന്നെ ധാന്യവും മറ്റ് എടുത്ത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയും. ചെറിയ രഹസ്യ അറകളുള്ള ഉടമ്പറയും പ്രചാരത്തിലുണ്ടായിരുന്നു.
കേരളത്തില്‍ കസേര എത്തുന്നതിന് മുമ്പ് ലോകത്ത് പലയിടത്തും അത് രൂപം കൊണ്ടിട്ടുണ്ടാവണം. അത് എവിടെയായിരുന്നു? എങ്ങനെയായിരുന്നു?
നിസാര സംഗതിയല്ല കസേരയിലെ ഇരിപ്പ്. കുറച്ച് നേരമായി ഇരുന്ന് ഞാനെഴുതുന്നു, പ്രിയപ്പെട്ട വായനക്കാരേ നിങ്ങള്‍ ഇരുന്ന് വായിക്കുന്നു. അധിക നേരം ഇരിക്കുന്നത് ആരോഗ്യത്തിന് നലതല്ല. അതു കൊണ്ട് കൂടുതല്‍ കസേര വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍.
summary- a brief history of Keralites habit of using chairs