ഇന്റർഫേസ് /വാർത്ത /Opinion / അപ്പം, എല്ലാം പറഞ്ഞ പോലെ; മുട്ടക്കറിയോ മട്ടന്‍ സ്റ്റൂവോ ചേര്‍ന്ന ഒരു പ്രാതലിനോളം രുചികരമായ ഒന്ന് ഇനി വരേണ്ടിയിരിക്കുന്നു

അപ്പം, എല്ലാം പറഞ്ഞ പോലെ; മുട്ടക്കറിയോ മട്ടന്‍ സ്റ്റൂവോ ചേര്‍ന്ന ഒരു പ്രാതലിനോളം രുചികരമായ ഒന്ന് ഇനി വരേണ്ടിയിരിക്കുന്നു

അപ്പം ക്രൈസ്തവ ചടങ്ങുകളുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. അപ്പം മൂടലും അപ്പം നിവേദ്യവും ഹൈന്ദവ ക്ഷേത്രങ്ങളിലുമുണ്ട് (അപ്പത്തിന്റെ ചരിത്രം രണ്ടാം ഭാഗം)

അപ്പം ക്രൈസ്തവ ചടങ്ങുകളുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. അപ്പം മൂടലും അപ്പം നിവേദ്യവും ഹൈന്ദവ ക്ഷേത്രങ്ങളിലുമുണ്ട് (അപ്പത്തിന്റെ ചരിത്രം രണ്ടാം ഭാഗം)

അപ്പം ക്രൈസ്തവ ചടങ്ങുകളുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. അപ്പം മൂടലും അപ്പം നിവേദ്യവും ഹൈന്ദവ ക്ഷേത്രങ്ങളിലുമുണ്ട് (അപ്പത്തിന്റെ ചരിത്രം രണ്ടാം ഭാഗം)

  • News18 Malayalam
  • 3-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

എസ്. ബിനുരാജ്

ഇംഗ്ലീഷ് പ്രാതലായ ബ്രഡ്ഡും പഴവും ഓംലെറ്റും കഴിച്ച് മടുത്ത അമ്മാല ഒരു ദിവസം തീന്‍മേശയിലിരുന്ന് ഗ്രാന്‍മയോട് ചോദിച്ചു: ” ഒന്നു രണ്ടുകണ പുട്ടുണ്ടാക്കിയാലോ? ഞങ്ങടെ അരിപ്പുട്ടേ…” ” ഹ..ഹ.ഞങ്ങടെ പുട്ടോ? ആരുടെ പുട്ട്? എന്റെ കനകേ, ഞങ്ങടെ മുതുമുത്തച്ഛന്മാർ പോര്‍ച്ചുഗലിലുള്ളപ്പളേ ഉണ്ടാക്കിയിരുന്നതാ ഈ പുട്ട്. അവര് ഇവിടെ വന്നപ്പ അത് ഈ നാടിന്റേം ആയി. അത്രേ ഒള്ളു കേട്ടാ..” ഗ്രാന്‍മയുടെ ഉശിരന്‍ മറുപടി കേട്ട് അമ്മാല നാണിച്ച് ചെറുതായൊന്ന് കൂനിക്കൂടി.

(ആദര്‍ശ് എം എസ് എഴുതിയ പേറ്റുത്തുരുത്ത് എന്ന് കഥയില്‍ നിന്നും)

അപ്പം മാത്രമല്ല പുട്ടും പോര്‍ച്ചുഗീസ് സംഭാവനയെന്നാണ് ഭക്ഷ്യചരിത്രകാരന്മാര്‍ പൊതുവേ വിലയിരുത്തുന്നത്. തേങ്ങയും അരിയുമാണ് പുട്ടിലെയും പ്രധാന ഘടകങ്ങള്‍ എന്നതിനാല്‍ കേരളത്തിലെന്ന പോലെ ശ്രീലങ്കയിലും സുലഭമായ ഇവ ചേര്‍ന്ന പുട്ട് ഒരു ജനകീയ വിഭവമാണ്. ശ്രീലങ്കയിലും പോര്‍ച്ചുഗീസ് കോളനികള്‍ ഉണ്ടായിരുന്നു. പക്ഷേ പുട്ടിന് ഇല്ലാത്ത ഒരു പ്രാധാന്യം അപ്പത്തിനുണ്ട്. അത് ദൈവിക ആരാധനയുമായി ബന്ധപ്പെട്ട പലഹാരമാണ്.

അപ്പം ക്രൈസ്തവ ചടങ്ങുകളുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. അപ്പം മൂടലും അപ്പം നിവേദ്യവും ഹൈന്ദവ ക്ഷേത്രങ്ങളിലുമുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അപ്പം മൂടല്‍ വഴിപാട് പ്രസിദ്ധമാണ്. ഇത് നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന അപ്പമല്ല ഉണ്ണിയപ്പമാണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. അപ്പമുണ്ടാക്കി ഗണപതി വിഗ്രഹം മുഴുവന്‍ മൂടും. അരിയും നെയ്യും ശര്‍ക്കരയും പഴവുമാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. അപ്പം മൂടല്‍ വിശേഷത്തിന് അമ്പലപരിസരമാകെ ഇവയുടെ ഗന്ധം അലയടിക്കും. ഗണപതി ഭഗവാന് അപ്പം വഴിപാട് കഴിച്ചാല്‍ ഏത് കാര്യവും നടക്കുമെന്നാണ് വിശ്വാസം.

Also Read- കേരളത്തിലേക്ക് ആദ്യം അപ്പം എത്തിച്ചത് ആര്? കുറച്ച് അപ്പ വിശേഷങ്ങള്‍

കേരളത്തില്‍ ഒരു കാര്‍ഷികോത്സവുമായി ബന്ധപ്പെട്ട സൂര്യാരാധനയിലും അപ്പം ഒരു പ്രധാന വിഭവമായി വരുന്നുണ്ട്. ഉദയം പൂജ എന്ന പേരില്‍ ചേര്‍ത്തല, വൈക്കം താലൂക്കുകളില്‍ നടത്തുന്ന ഒരു ചടങ്ങുണ്ട്. മീനം മേട മാസങ്ങളില്‍ കൊടും വെയിലത്ത് വയലില്‍ വച്ചാണ് ഇത് നടത്തുന്നത്. പാടത്തും പൂജ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. വയലില്‍ ഒരു പന്തലിട്ട് അവിടെ കള്ളില്‍ കുഴച്ച അപ്പം പാത്രങ്ങളില്‍ വച്ച് സൂര്യന് നിവേദിക്കുന്നു. ചെണ്ട മേളവും മറ്റ് ആഘോഷങ്ങളോടെയുമാണ് ഇത് നടത്തുന്നത്. സൂര്യനെ പൂജിച്ച് നിവേദിക്കുന്നത് ആയതിനാല്‍ ഇതിനെ പൂജയപ്പം എന്നും വിശേഷിപ്പിക്കുന്നു. പാടത്തിന്റെ ഒരു വശത്ത് ഇടുന്ന നീളന്‍ പന്തലില്‍ വച്ചാണ് പൂജ നടത്തുന്നത്. അപ്പവും മറ്റ് പൂജാദ്രവ്യങ്ങളും നിറച്ച താലം എല്ലാവരും ഒരുമിച്ച് സൂര്യന് നേരെ എടുത്തുയര്‍ത്തുന്നു. രാമായണത്തിലെ ആദിത്യമന്ത്രമോ മറ്റോ ചൊല്ലിയാണ് പൂജ. ഈ താലം നിലത്തു വയ്ക്കാതെ നടന്നു തന്നെ വീടുകളിലും എത്തിക്കുന്നു. ഈ പ്രദേശങ്ങളില്‍ ഇത് പോലെ ചന്ദ്രനും അപ്പം നിവേദിക്കാറുണ്ട്. ഈ അപ്പത്തില്‍ ശര്‍ക്കര കൂടി ചേര്‍ക്കും. ചന്ദ്രന് നേരെ താലം ഉയര്‍ത്തുന്നതിന് നിലാത്താലം എന്നാണ് പറയുക. കൃഷി കുറഞ്ഞതോടെ ഉദയം പൂജ പോലെയുള്ള ആചാരങ്ങളും അന്യം നിന്നു പോവുകയാണ്.

കുംഭാരന്‍മാര്‍ അഥവാ മണ്‍പാത്ര വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമുദായത്തിനും അപ്പം വിശേഷപ്പെട്ട ഒരു നിവേദ്യമാണ്. അവരുടെ കുലദൈവം മാരിയമ്മയാണ്. അരി, ശര്‍ക്കര എന്നിവയ്ക്കൊപ്പം കുരുമുളക്, കറുവാപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ചതുരാകൃതയില്‍ ഉണ്ടാക്കുന്ന അപ്പം വേവിക്കാതെ അവര്‍ മാരിയമ്മന് നിവേദിക്കും. ചില പ്രത്യേകതരം അപ്പമുണ്ടാക്കുന്നതിന് അതിന്റേതായ ചട്ടിയും വേണം. അത് ചിട്ടയോടെ ഉണ്ടാക്കി നല്‍കുന്നത് കുംഭാരന്മാരാണ്.

ക്രൈസ്തവ, ഹൈന്ദവ ആരാധനാലയങ്ങളില്‍ മാത്രമല്ല ചില മുസ്ലിം പള്ളികളിലെ പെരുന്നാളിലും അപ്പവുമായി ബന്ധപ്പെട്ട ചില ആഘോഷങ്ങളുണ്ട്. കോഴിക്കോട്ട് ഇടിയങ്ങര ശൈഖിന്റെ പള്ളിയില്‍ എല്ലാ വര്‍ഷവും റജബ് മാസത്തില്‍ അപ്പവാണിഭ നേര്‍ച്ചയുണ്ട്. ഇവിടെയും ഒരു പോര്‍ച്ചുഗീസ് ബന്ധമുണ്ട് എന്നതാണ് രസകരം. എവിടെ അപ്പമുണ്ടോ അവിടെ പോര്‍ച്ചുഗീസുകാരുണ്ടെന്ന് പറയാന്‍ തോന്നും. കോഴിക്കോട് കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ പല തവണ മുസ്ലീങ്ങള്‍ക്കും തദ്ദേശീയരായ ഹൈന്ദവര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടു. ഒരു റമസാന്‍ മാസത്തില്‍ പൊന്നാനി കടപ്പുറത്ത് നടത്തിയ ആക്രമണത്തില്‍ ഒരു മുസ്ലീം പള്ളി പറങ്കികള്‍ തകര്‍ത്തു. നിരവധി മുസ്ലീങ്ങളെ കൊല ചെയ്തു. ശൈഖ് മാമുക്കോയയുടെ അനുഗ്രഹത്തോടെ കുഞ്ഞാലി മരയ്ക്കാര്‍ പറങ്കികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്ന് പറയപ്പെടുന്നു. പിന്നീട് കോഴിക്കോട് കുറ്റിച്ചിറ പള്ളിയില്‍ ധ്യാനമിരുന്ന ശൈഖ് മാമുക്കോയ ഇവിടെ വച്ച് നിരവധി പേര്‍ക്ക് അനുഗ്രഹം നല്‍കി. ശൈഖ് മാമുക്കോയയുടെ ഭൗതിക ദേഹം ഇടിയങ്ങര പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്.

അനുഗ്രഹവും ഉപദേശവും തേടി ശൈഖിനെ കാണാനെത്തുന്നവര്‍ ഇദ്ദേഹത്തിന് അപ്പങ്ങള്‍ കാഴ്ച വച്ചിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് അപ്പവാണിഭം നേര്‍ച്ച നടത്തുന്നത്. രോഗശമനത്തിനും മറ്റും അപ്പവാണിഭം നേര്‍ച്ച മികച്ചതാണെന്നാണ് വിശ്വാസം. ഏതെങ്കിലും അവയവത്തിനാണ് അസുഖമെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയുള്ള അപ്പം നിവേദിക്കും. കാലപ്പം, കൈയ്യപ്പം, നാക്കപ്പം, ചെവിയപ്പം, കുടലപ്പം അങ്ങനെയങ്ങനെ. ബാന്റ് മേളവും ആനയും ഒക്കെ ആയിട്ടാണ് അപ്പക്കൊട്ടകള്‍ കൊണ്ടു വരുന്നത്. “കാരയ്ക്കാപ്പം, മണിയപ്പം, ചുക്കപ്പം, പൂവപ്പം, അമ്പായത്തിലട, ഉണ്ട അങ്ങനെ നൂറു കൂട്ടം” അപ്പങ്ങള്‍ ഇടിയങ്ങര അപ്പവാണിഭത്തിനുണ്ടാകുമെന്ന് എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേരളത്തില്‍ അപ്പങ്ങള്‍ പലതുണ്ടെങ്കിലും കള്ളപ്പം തന്നെയാണ് രാജാവ്. കള്ള് ചേര്‍ത്തുണ്ടാക്കുന്ന ഈ അപ്പത്തിന്റെ പ്രത്യേകത ദീര്‍ഘ നേരം കേടു കൂടാതെ ഇരിക്കും എന്നതാണ്. 48 മണിക്കൂറായാലും അപ്പം കേട് വരില്ല. അതായത് നിങ്ങള്‍ വില്‍ക്കുന്നത് കള്ളപ്പമാണെങ്കില്‍ തീവണ്ടി കയറി പോകേണ്ട കാര്യമില്ല, കൊറിയര്‍ ചെയ്താല്‍ മതിയെന്ന് ചുരുക്കം. മധ്യ തിരുവിതാംകൂറിലെ വിശേഷിച്ച് വടക്കന്‍ പ്രദേശങ്ങളിലെ സുറിയാനി ക്രിസ്ത്യാനികളാണ് കള്ളപ്പം പാചകത്തിന് പേര് കേട്ടവര്‍.

കള്ളപ്പം രാജാവ് ആണെങ്കില്‍ പാലപ്പം രാജ്ഞിയാണ്. പാലപ്പവും സുറിയാനി ക്രിസ്ത്യാനികളുടെ തനത് വിഭവമാണ്. ക്രിസ്തുമസിന് പാലപ്പവും കോഴിക്കറിയും വിശേഷപ്പെട്ട വിഭവങ്ങളാണ്. സുറിയാനി വിവാഹ സല്‍ക്കാരത്തിലും പാലപ്പത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പാലപ്പത്തിന്റെ ചേരുവകളില്‍ വെളുത്ത അവല്‍ കൂടി ചേര്‍ത്താല്‍ സുന്ദരിയപ്പം ആയി. ചിലയിടങ്ങളില്‍ ഇത് ഓമനയപ്പം എന്നും അറിയപ്പെടുന്നു. ഇതും മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ ഭവനങ്ങളില്‍ ഉണ്ടാക്കാറുണ്ട്.

വെള്ളയപ്പത്തെ അപ്പങ്ങളുടെ രാജകുമാരി എന്ന് വിശേഷിപ്പിക്കാം. നല്ല മാര്‍ദ്ദവമുള്ള നേര്‍ത്ത മധുരമുള്ള അപ്പം. ചൂടു പാലാണ് ഇതിന് മാര്‍ദ്ദവം നല്‍കുന്നത്. മധുരത്തിന് പഞ്ചസാര ചേര്‍ക്കും.

ഇനി അധികം ആര്‍ക്കും അറിയാത്ത ചില അപ്പങ്ങളെ കുറിച്ച് കൂടി പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിപ്പിക്കാം. ഇതിന് പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടാവും.

അമ്മായിയപ്പം

മരുമകന്റെ വീട്ടിലേക്ക് അല്ലെങ്കില്‍ മകളെ കല്യാണം കഴിച്ചു കൊണ്ടു പോയ വീട്ടിലേക്ക് അമ്മായി ആദ്യമായി ചെല്ലുമ്പോള്‍ കൊണ്ടു പോകുന്ന പലഹാരങ്ങളെ പൊതുവെ അമ്മായിയപ്പം എന്ന് വിശേഷിപ്പിക്കും. ഓരോ സമുദായത്തിലും ഇത് ഓരോ രീതിയില്‍ നടത്തി വരുന്നു.

അരീരപ്പം

മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പലഹാരമാണിത്. അരിപ്പൊടി, ശര്‍ക്കര, തേങ്ങ എന്നിവയാണ് പ്രധാന ഘടകങ്ങള്‍.

ആനയപ്പം

നമുക്കെല്ലാം അറിയാവുന്ന ഇഡ്ഡലിയുടെ വലിയ രൂപമാണ് ആനയപ്പം. ഇഡ്ഡലിപ്പാത്രത്തിന്റെ ആവിത്തട്ടില്‍ മാവ് ഒന്നിച്ചൊഴിച്ച് ആവി കയറ്റി ഉണ്ടാക്കുന്നു. വലിപ്പം കൊണ്ടാണ് ഈ പേര് വന്നത്.

ഉണ്ടയപ്പം

പുഴുക്കലരി കുതിര്‍ത്ത് ഉണ്ടാക്കുന്നതാണ് ഉണ്ടയപ്പം. വേറെ സവിശേഷ ചേരുവകള്‍ ഒന്നുമില്ല.

ഉണ്ണിയപ്പം

ഏറെ രുചികരവും നമുക്കേറെ സുപരിചിതവുമാണ് ഉണ്ണിയപ്പം. അരി, ശര്‍ക്കര, തേങ്ങ, പഴം എന്നിവയാണ് ചേരുവകള്‍. അപ്പക്കാരയില്‍ മാവ് ഒഴിച്ച് വെളിച്ചെണ്ണയില്‍ മുക്കി എടുക്കുന്നു. വള്ളുവനാടന്‍ പ്രദേശത്ത് ഇത് കാരോലപ്പം എന്നാണ് അറിയപ്പെടുന്നത്. നമ്പൂതിരി സമുദായത്തിലെ വിശേഷപ്പെട്ട ചടങ്ങുകളില്‍ കാരോലപ്പം നിര്‍ബന്ധമാണ്. നവവിവാഹിതരെ മുന്നിലിരുത്തി വിളമ്പുന്ന കാരോലപ്പത്തിന്റെ എണ്ണം നോക്കി ജനിക്കാനിരിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് പറയുന്ന ഒരു ആചാരവും നമ്പൂതിരിമാര്‍ക്കിടയിലുണ്ടത്രെ.

കണ്ണോപ്പം

മൂടിയുള്ള മണ്‍ചട്ടിയിലാണ് ഈ അപ്പം ഉണ്ടാക്കുന്നത്. അരിപ്പൊടിയും ഉപ്പും മാത്രമാണ് ചേരുവകള്‍. വയനാട്ടിലെ നായര്‍ സമുദായത്തില്‍ പെട്ടവര്‍ക്കിടയിലും കുംഭാരന്‍മാര്‍ക്കിടയിലും കണ്ണോപ്പം പ്രശസ്തമാണ്.

കിണ്ണത്തപ്പം, കലത്തപ്പം, ചേമ്പിലയപ്പം, തെരളിയപ്പം എന്നിങ്ങനെ അപ്പത്തിന്റെ പട്ടിക നീണ്ടു പോകും. എന്തിനേറെ പറയുന്നു പുളിങ്കുരു മാവ് ചേര്‍ത്ത് അപ്പം വരെ നമ്മള്‍ ഉണ്ടാക്കിയിരുന്നു. മുരിങ്ങയില, മത്തങ്ങ എന്നിവ ചേര്‍ന്ന അപ്പങ്ങളും അപൂര്‍വമായെങ്കിലും കേരളത്തില്‍ ഉപയോഗിച്ചിരുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും കാര്‍ഷിക സംസ്ക്കൃതിക്കും അനുയോജ്യമായ വിഭവങ്ങള്‍ ആയിരുന്നു അതത് കാലത്ത് നമ്മള്‍ ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് ചിങ്ങം കന്നി മാസത്തില്‍ ധാരാളമായി മത്തന്‍ ഉണ്ടാവുമായിരുന്നു. ആ സമയത്താണ് മത്തങ്ങയും പയറും ചേര്‍ത്ത മത്തങ്ങാപ്പാലപ്പം എന്നൊരു അപ്പം ഉണ്ടാക്കിയിരുന്നത്.

അപ്പത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. മുട്ടക്കറിയും അല്ലെങ്കില്‍ മട്ടന്‍ സ്റ്റൂവും ചേര്‍ന്ന ഒരു പ്രാതലിനോളം രുചികരമായ ഒന്ന് ഇനി വരേണ്ടിയിരിക്കുന്നു

First published:

Tags: Kerala food, Pesaha appam, Unniya