"ബറേലിയിൽ അങ്ങാടിയിൽ
വീണു പോയെൻ ജിമിക്കി
പ്രിയതമൻ വന്നെൻ വീട്ടിൽ
അതിഗൂഢമായി കള്ളനെപ്പോൽ
മെല്ലെ മെല്ലെയെൻ കാതിൽ ചൊല്ലി
അണിയിക്കാം നിന്നെ ഒരു ജിമിക്കി
അരുതെന്നു ചൊല്ലി ഞാൻ വിലക്കി .."
1966ല്‍ ഇറങ്ങിയ മേരാ സായാ എന്ന ചിത്രത്തിൽ മദന്‍ മോഹൻ ഈണമിട്ട് ആശാ ഭോസ്ലെ പാടിയ 'ജൂംകാ ഗിരാ രേ ബരേലി കി ബാസാര്‍ മേം..' എന്ന ഗാനം എഴുതിയത് രാജാ മെഹ്‍ദി അലി ഖാന്‍ ആയിരുന്നു. ഉത്തര്‍പ്രദേശിലെ പ്രശസ്തമായ ബറേലിയിലെ അങ്ങാടി എന്തു കൊണ്ടാണ് ഈ പാട്ടില്‍ മെഹ്‍ദി അലി ഖാന്‍ കൊണ്ടു വന്നതെന്നും ഈ പാട്ടുമായി ബന്ധപ്പെട്ട പ്രണയ കഥയെ പറ്റിയും ഒടുവിൽ പറയാം. കാരണം പ്രണയകഥയല്ല ഇവിടെ വിഷയം.
advertisement
വിഭജനകാലത്ത് ഉറ്റ സുഹൃത്തും എഴുത്തുകാരനുമായ സാദത്ത് ഹസന്‍ മന്തോ പാകിസ്ഥാനിലേക്ക് ഒപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചിട്ടും ഭാര്യ താഹിറക്ക് ഒപ്പം ഇന്ത്യയില്‍ തന്നെ നിന്ന രാജാ മെഹ്‍ദി അലി ഖാനെ കുറിച്ചുമല്ല ഈ കുറിപ്പ്.
പാട്ടില്‍ പറയുന്ന ജിമിക്കി എന്ന ചെറിയ ആഭരണം വന്ന വഴി തേടുകയാണ് ഇതില്‍. കുട നിവര്‍ത്തിയതു പോലെയോ മണി തൂക്കിയതു പോലെയോ സുന്ദരിമാരുടെ തലയനങ്ങുന്നതിന് താളമിട്ട് അവരുടെ കാതില്‍ ആടിക്കളിക്കുന്ന ഈ ജിമിക്കി കമ്മല്‍ എങ്ങനെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട ഒരു കര്‍ണാഭരണമായി മാറിയത്?
ചോള രാജാവായ രാജരാജ ചോളന്‍ ഒന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തില്‍ കാണുന്ന നര്‍ത്തകീശില്‍പ്പങ്ങളുടെ കാതിൽ ജിമിക്കിയുണ്ട്. ജിമിക്കിയുടെ ചരിത്രം തേടിപ്പോയവര്‍ ചെന്നെത്തിയത് ചോള കാലഘട്ടത്തിലാണ്. കുന്തവൈ എന്ന ചോള രാജകുമാരി ജിമിക്കി ധരിച്ചിട്ടുണ്ടാവാം എന്ന അനുമാനത്തിലാവണം പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിൽ കുന്തവൈയെ അവതരിപ്പിച്ച തൃഷയെ ജിമിക്കി അണിയിച്ച് ആകര്‍ഷകമാക്കിയത്. ആ ജിമിക്കി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴകത്തെ ഭരതനാട്യനര്‍ത്തകിമാരാണ് ജിമിക്കിക്ക് പ്രചാരം നേടിക്കൊടുത്തവരിൽ മുന്നിൽ. അവർ താളാത്മകമായി തലയും കഴുത്തും ചലിപ്പിക്കുമ്പോൾ ആ ചലനങ്ങളുടെ അഴക് ദ്യോതിപ്പിക്കുന്ന കർത്തവ്യം ജിമിക്കി ജോഡികള്‍ വളരെ ഭംഗിയായി നിറവേറ്റി. വിവാഹം പോലെയുള്ള മംഗളകര്‍മ്മങ്ങളില്‍ അണിഞ്ഞൊരുങ്ങുന്ന അംഗനമാര്‍ക്ക് ജിമിക്കിയില്ലാതെ വയ്യെന്നായി. അസൂയ പൂണ്ട കൂട്ടുകാരികള്‍ കല്യാണപ്പെണ്ണിന്റെ ജിമിക്കികള്‍ അമ്പലമണി മുഴക്കുന്നത് പോലെ വിരല്‍ കൊണ്ട് മെല്ലെയിളക്കി "കൊള്ളാല്ലോ നിന്റെ ജിമിക്കി" എന്ന് പറയുന്ന കാഴ്ച പതിവായി.
ഇന്ത്യന്‍ വസ്ത്രാഭരണ സംസ്ക്കാരത്തില്‍ ധാരാളിത്തം കൊണ്ടുവന്ന മുഗളന്‍മാര്‍ ജിമിക്കിയെയും സമ്പന്നമാക്കി. ജിമിക്കിയില്‍ നിന്നും ഒരു മാല ഘടിപ്പിച്ച് തലയിലൂടെ പോകുന്ന ശംഖിലി എന്ന ആഭരണം മുഗള്‍ കാലത്തിന്റെ സംഭാവനയാണ്. തട്ടുകള്‍ കൂടുതലുള്ള വൈവിധ്യമാര്‍ന്ന ജിമിക്കികള്‍ മുഗള്‍ കാലത്ത് രൂപപ്പെട്ടു. മുഗള്‍കാല ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ജിമിക്കിയുടെ ഈ രൂപമാറ്റം വ്യക്തമാകും. മുഗള്‍ ശൈലികള്‍ സ്വാധീനിച്ച നവാബുമാരുടെ സദസിലെ നര്‍ത്തികമാരുടെ ചലനങ്ങള്‍ക്കും ജിമിക്കി മാറ്റ് കൂട്ടി. തവായിഫുകള്‍ എന്നറിയപ്പെട്ട ഈ നര്‍ത്തികമാരില്‍ ഒരാളുടെ കഥയായിരുന്നു ഉമ്രാവോ ജാന്‍ എന്ന സിനിമ . ഉമ്രാവോ ആയി വേഷമിട്ട രേഖ ധരിച്ചിരിക്കുന്ന ജിമിക്കി മുഗള്‍ ശൈലിയിലുള്ള ഒന്നാണ്.
"പാവാടക്കാരി. വയസ് പതിനെട്ട്. കൈത്തണ്ടയില്‍ നനുത്ത രോമാവലികള്‍. കാതില്‍ ജിമിക്കി. നെറ്റിയില്‍ കുങ്കുമപ്പൊട്ട് ".
ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ നാഴികമണി എന്ന നോവലിലെ രാമകൃഷ്ണന്‍ എന്ന കഥാപാത്രം ഒരു പെണ്‍കുട്ടിയെ ആദ്യമായി കാണുന്നതിനെ കുറിച്ചാണ് ഈ വിവരണം. തമിഴ്നാട്ടില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ മുഗുളന്‍മാര്‍ സമ്പന്നമാക്കിയ ജിമിക്കി കമ്മലിന്റെ ഇളക്കങ്ങള്‍ സ്വാഭാവികമായും ഇങ്ങ് കേരളത്തിലുമെത്തി. ജിമിക്കികള്‍അന്നത്തെ കൗമാര സൗന്ദര്യ സങ്കല്‍പ്പത്തിന് മാറ്റ് കൂട്ടിയിരിക്കണം.
കശ്മീരി ജിമിക്കികള്‍ കൊത്തുപണികള്‍ കൊണ്ട് സമ്പന്നമാണെങ്കില്‍ രാജസ്ഥാനി ജിമിക്കികള്‍ ഇനാമല്‍ നിറങ്ങളുടെ വൈവിധ്യം പേറുന്നവയാണ്. ഗുജറാത്തി-കച്ചി ജിമിക്കികളില്‍ കണ്ണാടി കഷ്ണങ്ങളുടെ ഇന്ദ്രജാലം കാണാം. എന്നാല്‍ കേരളീയ ജിമിക്കികള്‍ക്ക് തനതായ രൂപകല്‍പ്പനയില്ല. മലയും കടലും കടന്ന് എത്തുന്ന എല്ലാത്തിനെയും സ്വീകരിക്കുന്ന മലയാളികള്‍ എല്ലാ ദേശങ്ങളിലെയും ജിമിക്കി വൈവിധ്യത്തെയും ഇരു കയ്യും നീട്ടി സ്വീകരിച്ചു, ഇരു ചെവികളിലും അണിഞ്ഞു.
രാജാ രവിവര്‍മ്മയുടെ ഒട്ടേറെ ചിത്രങ്ങളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട് ജിമിക്കി. ഫലങ്ങളേന്തിയ സ്ത്രീ, സ്വരബത്ത് വായിക്കുന്ന സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലെ സുന്ദരിമാര്‍ ജിമിക്കി ധരിച്ചതായി കാണാം. എന്തിനേറെ രവിവര്‍മ്മയുടെ ശകുന്തളയ്ക്ക് പോലും ജിമിക്കിയുണ്ട്. ശകുന്തളയുള്ള രണ്ട് രവിവര്‍മ്മ ചിത്രങ്ങളിലും ഈ ആശ്രമകന്യക ജിമിക്കിയാണ് ധരിച്ചിരിക്കുന്നത്. ദമയന്തി വിഷയമായി വരുന്ന രണ്ട് പ്രസിദ്ധ ചിത്രങ്ങള്‍ രവിവര്‍മ്മ വരച്ചിട്ടുണ്ട്. രണ്ട് ദമയന്തികള്‍ക്കും ജിമിക്കിക്ക് പകരം ഒരു തരം ഞാത്ത് ആണ് നല്‍കിയിരിക്കുന്നത്.
Also Read- ആ മനോഹര ഈണങ്ങൾക്ക് ശ്വാസം നൽകിയ അജ്ഞാതനെ അറിയാമോ?
ഹൈന്ദവ വിശ്വാസമനുസരിച്ച് നടത്തുന്ന 16 പ്രധാന ചടങ്ങുകളില്‍ പെട്ടതാണ് കര്‍ണവേധം അഥവാ കാതുകുത്ത്. കാതിന്റെ അറ്റം മനുഷ്യശരീരത്തിന്റെ തന്നെ ചെറുപതിപ്പ് അഥവാ microcosm ആണെന്നാണ് ഹൈന്ദവ സങ്കല്‍പ്പം. അതുകൊണ്ടാണ് കാതുകുത്തിന് ഇത്രയും പ്രാധാന്യം ഉണ്ടായത്. അമ്പലമണികളുടെ ആകൃതിയിലുള്ള ജിമിക്കി ധരിക്കുന്നത് ശുഭകരമായ ഒന്നാണത്രെ. മാത്രമല്ല ഇതില്‍ നിന്നുണ്ടാവുന്ന നേരിയ കിലുക്കം ദുഷ്ടശക്തികളെ അകറ്റുമത്രെ!
മണി എന്നര്‍ത്ഥം വരുന്ന ജുമുക്കാ എന്ന ഹിന്ദി വാക്കില്‍ നിന്നാണ് ഈ കമ്മലിന് ഇങ്ങനെ പേരുണ്ടായതെന്ന് പറയപ്പെടുന്നു.
നമുക്ക് വീണ്ടും ആ സുന്ദരിയുടെ ജിമിക്കി വീണുപോയ ബറേലി അങ്ങാടിയിലേക്ക് പോകാം. ആ സുന്ദരിയുടെ പേര് തേജി സുരി എന്നായിരുന്നു. ഇന്ത്യാ വിഭജനത്തിന് മുമ്പ് അവള്‍ ലാഹോര്‍ സര്‍വകലാശാലയില്‍ മന:ശാസ്ത്രം പഠിപ്പിക്കുകയായിരുന്നു. ഒരിക്കല്‍ റായ് ബറേലി സന്ദര്‍ശിച്ചപ്പോള്‍ അന്ന് നടന്ന കവിസമ്മേളനത്തില്‍ കവിത വായിച്ച യുവകവി അവളുടെ ഹൃദയം കവര്‍ന്നു. ആ കൂടിക്കാഴ്ച നടന്ന ദിവസങ്ങളിലൊന്നിലാണ് തിരക്കേറിയ ബറേലി ചന്തയില്‍ വച്ച് അവളുടെ ജിമിക്കി കമ്മല്‍ താഴെ വീണു പോകുന്നത്.
തേജി സുരിയുടെ ഹൃദയം കവര്‍ന്ന ആ യുവകവിയുടെ പേര് ഹരിവംശ റായ് ബച്ചന്‍ എന്നാണ്. ഇവരുടെ മൂത്ത മകനെ നാമെല്ലാവരും അറിയും. സാക്ഷാൽ അമിതാഭ് ബച്ചൻ. കവിയും എഴുത്തുകാരനുമായ രാജാ മെഹ്‍ദി അലി ഖാന് നല്‍കിയ അഭിമുഖത്തിലാണ് തേജി സുരി ബറേലി ചന്തയില്‍ വീണുപോയ ജിമിക്കിയെ കുറിച്ചും ഹരിവംശറായ് ബച്ചനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും പറഞ്ഞത്. അതീവ രസകരമായി തോന്നിയ ഈ സംഭവമാണ് മെഹ്‍ദി അലി ഖാന്‍ 'ജൂംകാ ഗിരാ രേ ബരേലി കി ബാസാര്‍ മേം..' എന്ന ഗാനത്തില്‍ ചേര്‍ത്തത്.
ഇനി ജിമിക്കി അണിയുമ്പോള്‍ അല്ലെങ്കിൽ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ ജിമിക്കി തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ഓര്‍മ്മിക്കുമോ ഈ ചരിത്രം?