എസ് ബിനുരാജ്
മൂന്നാം പിറയിലെ ‘കണ്ണേ കലൈമാനേ’ എന്ന മധുരമനോഹര ഗാനം തുടങ്ങുമ്പോള്‍ ഏത് തിരക്കിലാണെങ്കിലും നമ്മള്‍ ഒന്ന് ശ്രദ്ധിക്കും.അത്ര പ്രസിദ്ധമാണ് അതിന്റെ ഈണം. പല്ലവി തുടങ്ങും മുമ്പ് ഗിറ്റാറിന്റെ ബീറ്റ് തീരുന്നിടത്തു നിന്നും ആരംഭിക്കുന്ന ഒരു ഈണമുണ്ട് പുല്ലാങ്കുഴലില്‍. പാട്ടിലേക്ക് നയിച്ചു കൊണ്ടുപോകുന്ന ശരിക്കും ആ ഈണമാണ്. ആ പാട്ടിന് വേണ്ടി ഓടക്കുഴലില്‍ ഹൃദ്യമായ ആ ഈണം വായിച്ച സുധാകര്‍ മാര്‍ച്ച് 27ന് ഈ ലോകം വിട്ടുപോയി.
പടത്തിന്റെ പശ്ചാത്തല സംഗീതത്തിലും സുധാകറിന്റെ ശ്വാസനിശ്വാസങ്ങളിൽ പിറവി കൊണ്ട ഈണമുണ്ട്. അത് പുല്ലാങ്കുഴലില്‍ മാത്രമല്ല, അതിനേക്കാള്‍ വശ്യമായ റെക്കോഡര്‍ എന്ന അപൂര്‍വ ഉപകരണത്തിലാണ് ഈണത്തിന് ഇളയരാജയുടെ നിര്‍ദേശപ്രകാരം സുധാകര്‍ വയിച്ചത്. അധികമാരും വായിക്കാന്‍ ധൈര്യപ്പെടാത്ത ഒന്നായിരുന്നു ആ യൂറോപ്യന്‍ സംഗീതോപകരണം. ഓടക്കുഴലിനേക്കാള്‍ ഘനഗംഭീരമാര്‍ന്നതും എന്നാല്‍ സാക്സോഫോണിന്റെ ആഴത്തിലുള്ള നാദത്തിന് തൊട്ട് താഴെ നില്‍ക്കുന്നതുമായ അപൂര്‍വമായ ശബ്ദം പുറപ്പെടുവിക്കുന്ന യൂറോപ്യന്‍ സംഗീതോപകരണമാണ് റെക്കോഡര്‍. പുല്ലാങ്കുഴല്‍ പോലെ സുധാകറിന് റെക്കോഡറും നന്നായി വഴങ്ങി. അതും തനിയെ പഠിച്ചെടുത്തു.
നീലഗിരിയുടെ താഴ്വരയിലെ കെട്ടി എന്ന മലയോര ഗ്രാമത്തിലും ഊട്ടിയിലുമായി നടക്കുന്ന കഥയ്ക്ക് അനുയോജ്യമായ രീതിയിലായിരുന്നു സുധാകറിന്റെ വാദനം. നീലഗിരിയിലെ തോടരുടേയും പഹാഡികളുടെയും പരമ്പരാഗത മുളങ്കുഴല്‍ ഈണത്തിലേക്ക് മലമുകളില്‍ നിന്നും തണുത്ത കാറ്റ് ഇറങ്ങി വരുന്നത് പോലെ റെക്കോഡര്‍ ഈണം ഒഴുകിയിറങ്ങുന്നത് മൂന്നാം പിറ കാണുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.
ഇളയരാജ സ്വതന്ത്ര സംഗീത സംവിധായകന്‍ ആകുന്നതിന് മുമ്പേ സുധാകര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ഇളയരാജയും സഹോദരങ്ങളായ ഭാസ്ക്കറും ഗംഗൈ അമരനും ചേര്‍ന്ന് മദിരാശിയില്‍ പാവലര്‍ ബ്രദേഴ്സ് എന്ന പേരില്‍ ഓര്‍ക്കസ്ട്ര നടത്തിയിരുന്നു. ഇവരുടെ മൂത്ത സഹോദരന്‍ പാവലര്‍ വരദരാജന്റെ ഓര്‍മ്മയ്ക്കായിരിക്കണം ഓര്‍ക്കസ്ട്രയ്ക്ക് ഇങ്ങനെ ഒരു പേര് നല്‍കിയത്. 33 ാം വയസില്‍ മരണമടഞ്ഞ പാവലര്‍ വരദരാജന്‍ തൊഴിലാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. കമ്യൂണിസ്റ്റുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ഒട്ടേറെ വേദികളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. 1958ല്‍ ദേവികുളം മണ്ഡലത്തിലെ വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിന് വേണ്ടി വരദരാജനും ഇളയരാജയുമൊക്കെ പാട്ട് പാടി വോട്ട് പിടിച്ചു. റോസമ്മയുടെ വിജയത്തിന് പിന്നില്‍ വരദരാജന്റെ പാട്ടും വലിയൊരു പങ്ക് വഹിച്ചുവെന്ന് ഇ എം എസ് പറഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സുധാകര്‍ ഒഴിവു വേളകളില്‍ മാത്രം പാവലര്‍ ബ്രദേഴ്സിന് വേണ്ടി ഓടക്കുഴല്‍ വായിക്കുമായിരുന്നു. അതിന് മുമ്പ് ഇളയരാജയുടെ ഗുരു എന്ന് പറയാവുന്ന ജി കെ വെങ്കടേഷിന്റെ ഒരു തെലുങ്ക് പടത്തിലെ ചില പാട്ടുകള്‍ക്ക് വേണ്ടിയാണ് സുധാകര്‍ ആദ്യമായി ഫ്ലൂട്ട് ബിറ്റ് വായിച്ചത്. മലയാളത്തില്‍ ചേച്ചി, അരപ്പവന്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് വെങ്കടേഷ് ഈണം നല്‍കിയിട്ടുണ്ട്.
1975ല്‍ അന്നക്കിളി എന്ന പടത്തിന് സംഗീതം നല്‍കാന്‍ ഒരു പുതുമുഖം ആകാമെന്ന് നിര്‍മ്മാതാവ് പഞ്ചു അരുണാചലം തീരുമാനിക്കുന്നു. അന്ന് ഓര്‍ക്കസ്ട്രയും മ്യൂസിക്ക് കണ്ടക്ടിംഗും ഒക്കെ ആയി നടന്ന കുറച്ചു പേരോട് ഓരു പാട്ട് ചെയ്തു കൊടുക്കാന്‍ അരുണാചലം ആവശ്യപ്പെട്ടു. അതിലൊരാള്‍ ആയിരുന്നു ഇളയരാജ . അന്ന് വിജയമണി എന്നറിയപ്പെട്ടിരുന്ന രാഘവേന്ദ്ര എന്ന സംഗീതജ്ഞനും അന്നക്കിളിക്ക് പാട്ട് ഒരുക്കാന്‍ ഗാനം തയ്യാറാക്കി നല്‍കി. അരുണാചലത്തിന് ഇഷ്ടപ്പെട്ടത് ഇളയരാജയുടെ ഈണം. പിന്നെയുള്ളത് ചരിത്രം.
രാഘവേന്ദ്രയുടെ ചരിത്രം അവിടെ തീരുന്നില്ല. അദ്ദേഹം പിന്നെ തമിഴിലെ നല്ലൊരു നടനായി. ‘സിന്ധുഭൈരവി’യിലെ ജഡ്ജിന്റെ വേഷവും ‘വൈദേഹി കാത്തിരുന്താളിലെ’ രേവതിയുടെ അച്ഛന്‍ വേഷവും ശ്രദ്ധേയം. അദ്ദേഹത്തിന്റെ മകളുടെ മകളാണ് ഒരു തവണ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായ കല്‍പ്പന.
അന്നക്കിളിക്ക് ശേഷം ‘കവിക്കുയില്‍’ എന്ന പടത്തിലെ പാട്ട് ചെയ്യുമ്പോഴാണ് ഇളയരാജ തന്റെ ഒപ്പം വരാന്‍ സുധാകറിനെ ക്ഷണിക്കുന്നത്. സര്‍ക്കാര്‍ ജോലി കളയാന്‍ ആദ്യം മടിയായിരുന്നു. എങ്കിലും അതിലെ യാന്ത്രികത സുധാകറിന് മടുപ്പുളവാക്കുന്നുണ്ടായിരുന്നു. തന്റെ വഴി സംഗീതമാണെന്ന് സുധാകറിന് തോന്നിയ സമയം. പിന്നെ വൈകിയില്ല. സുധാകര്‍ മുഴുവന്‍ സമയ പിന്നണി വാദകനായി.
നഞ്ചപ്പ റെഡ്യാർ, ഗുണ സിംഗ് തുടങ്ങിയ കൊടികെട്ടിയ പുല്ലാങ്കുഴല്‍ വാദകര്‍ വാണിരുന്ന കാലത്താണ് സുധാകറുടെ വരവ്. എംഎസ് വിശ്വനാഥന്റെ വലംകൈ ആയിരുന്ന നഞ്ചപ്പയുടെ പുല്ലാങ്കുഴല്‍ വാദനം സംഗീത സംവിധായകരെ ഒരുതരം ലഹരി പോലെ ബാധിച്ചിരുന്നതിനാല്‍ അതിനുപകരം വരുന്നയാളില്‍ നിന്നും അത്രയും പ്രതീക്ഷിക്കുക സ്വാഭാവികം. ഗുണസിംഗ് ആകട്ടെ മികച്ച ഒരു മ്യൂസിക്ക് കണ്ടക്ടര്‍ കൂടിയാണ്. പടയോട്ടം പോലെയുള്ള ചില മലയാളം പടങ്ങള്‍ ഗുണസിംഗിന്റെയാണ്.
നഞ്ചപ്പയുടെയും ഗുണസിംഗിന്റെയും ഇടയില്‍ താനെന്ത് ചെയ്യാനാണ് എന്ന ഭയത്തോടെയാണ് കവിക്കുയില്‍ എന്ന പടത്തിന് വേണ്ടി പുല്ലാങ്കുഴല്‍ വായിക്കാന്‍ പോയതെന്ന് സുധാകര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കവിക്കുയിലില്‍ നഞ്ചപ്പയ്ക്ക് ഒപ്പമായിരുന്നു സുധാകര്‍ ഓടക്കുഴല്‍ വായിച്ചത്. 1976ല്‍ ഇറങ്ങിയ ഭദ്രകാളി എന്ന പടത്തിലാണ് ഇളയരാജയ്ക്ക് ഒപ്പം ഒരു സ്വതന്ത്ര ഓടക്കുഴല്‍ വാദകനായി സുധാകര്‍ ആദ്യമായി പ്രവര്‍ത്തിച്ചത്.
ഓടക്കുഴല്‍ വായനയില്‍ ശാസ്ത്രീയമായ യാതൊരു പരിശീലനവും സുധാകറിന് ഉണ്ടായിരുന്നില്ല. റേഡിയോ ആയിരുന്നു ആദ്യ ഗുരു. സുധാകറിന്റെ അച്ഛന്‍ പുല്ലാങ്കുഴല്‍ അടക്കമുള്ള ചില സംഗീതോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ആളായിരുന്നു. അച്ഛനാണ് സുധാകറിന് ആദ്യമായി പുല്ലാങ്കുഴല്‍ സമ്മാനിച്ചത്.
സംഗീതത്തില്‍ ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ട് തന്നെ സുധാകറിനെ ആദ്യം ബുദ്ധിമുട്ടിച്ചത് ഇളയരാജ നല്‍കുന്ന നോട്ടുകള്‍ തന്നെയായിരുന്നു. പക്ഷേ ഇളയരാജയുടെ സഹായി ഗോവര്‍ധന്‍ മാസ്റ്ററുടെ ഇടപെടലോടെ ഇത് പെട്ടെന്ന് പരിഹരിക്കപ്പെട്ടു. ഗോവര്‍ധന്‍ മാസ്റ്റര്‍ നോട്ട് വായിച്ച് കൃത്യമായി ഈണങ്ങള്‍ പറഞ്ഞു കൊടുക്കും. അത് മനഃപാഠമാക്കി സുധാകര്‍ വായിക്കും. ഈണങ്ങള്‍ പഠിക്കുന്നതിൽ കമ്പ്യൂട്ടറെ കവച്ചു വച്ച മികവാണ് സുധാകര്‍ കാട്ടിയതെന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സംഗീത സംവിധായകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
‘പയണങ്ങള്‍ മുടിവതില്ലൈ’ (യാത്രകള്‍ അവസാനിക്കുന്നില്ല-1982) എന്ന സിനിമയിലെ ‘ഇളയനിലാ പൊഴികിറുത് ‘ കേട്ടു നോക്കുക. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മികച്ച പത്ത് ഗാനങ്ങളില്‍ ഒന്ന്. പല്ലവി കഴിഞ്ഞ് തുടങ്ങുന്ന ഗിറ്റാര്‍ വാദനത്തിനും ഡ്രം ബീറ്റുകള്‍ക്കും ശേഷം തുടങ്ങുന്ന ഓടക്കുഴല്‍ നാദം ഒന്നു ശ്രദ്ധിക്കൂ. ഗായകന്റെ ശബ്ദത്തിനും പാട്ടിന്റെ പൊതുവായ ഈണത്തിനും ഒപ്പം നില്‍ക്കുന്ന അനുപമമായ മുളങ്കുഴല്‍ നാദമാണത്. കുറച്ച് വിഷമം പിടിച്ച ഇതിന്റെ നോട്ട്സും ഗോവര്‍ധന്‍ മാസ്റ്റര്‍ സുധാകറിന് പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ അത് സുധാകര്‍ പഠിച്ചെടുത്തു. പിന്നെ രണ്ടോ മൂന്നോ തവണ റിഹേഴ്സല്‍. അതിനു ശേഷം തന്റേതായ മികവോടെ ഓടക്കുഴല്‍ നാദത്തിന്റെ പട്ടുനൂല്‍ കൊണ്ട് പാട്ടിന്റെ ചേലയിൽ സുധാകര്‍ ചേലോടെ തൊങ്ങലുകള്‍ ചേര്‍ത്തു.
1979ല്‍ ഇറങ്ങിയ ‘ഉതിരിപ്പൂക്കള്‍’ സുധാകറിനെയും ഇളയരാജയെയും സംബന്ധിച്ച് സുപ്രധാനമായിരുന്നു. ഇതിലെ അഴകിയ കണ്ണേ എന്ന ഗാനം ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൊന്നായി. പടത്തിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. റെക്കോഡറിലാണ് ഇതിന്റെ തീം മ്യൂസിക്ക് സുധാകര്‍ വായിച്ചത്.
1985ല്‍ ഇറങ്ങിയ മുതല്‍ മര്യാദയിലെ പാട്ടുകള്‍ ഇളയരാജയുടെ സംഗീത ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണ്. എല്ലാ പാട്ടുകളും ഒന്നിനൊന്ന് ഹിറ്റ്. ഓരോ പാട്ടിലും പശ്ചാത്തല സംഗീതത്തിലും സുധാകറിന്റെ ഓടക്കുഴില്‍ നാദത്തിന്റെ സ്പര്‍ശവുമുണ്ടായിരുന്നു.
1981 ലാണ് ‘അലൈകള്‍ ഓയ് വതില്ലൈ’ (തിരകള്‍ ഒടുങ്ങുന്നില്ല) ഇറങ്ങുന്നത്. ഇതില്‍ എസ്. ജാനകി പാടിയ ‘പുത്തന്‍ പുതു കാലൈ’ കേട്ടു നോക്കുക. പാട്ട് തുടങ്ങുന്നത് തന്നെ റെക്കോഡറുടെയോ കീ ഫ്ലൂട്ടിന്റെയോ എന്ന് വേര്‍തിരിക്കാനാവാത്ത ഒരു ഗംഭീര നോട്ടിലാണ്. അതു കഴിഞ്ഞാല്‍ ഇടയ്ക്കിടെ മുറ്റത്തെ മരക്കൊമ്പില്‍ വന്നിരുന്ന് ഒരു ചകോരം വിളിക്കുന്നത് പോലെ റെക്കോഡറുടെ നാദം പാട്ടിലേക്ക് എത്തിനോക്കുന്നുണ്ട്. ഹോളണ്ടില്‍ നിന്നും വന്ന നിന്‍കെ എന്ന പുല്ലാങ്കുഴല്‍ വാദക ഈ പാട്ടിനു വേണ്ടി പുല്ലാങ്കുഴല്‍ വായിച്ചു എന്നതാണ് ജെമിനി സ്റ്റുഡിയോയില്‍ നടന്ന റെക്കോഡിംഗിന്റെ സവിശേഷത. സുധാകറും നിന്‍കെയും ഒരുമിച്ച് റെക്കോഡറും പുല്ലാങ്കുഴലും ഇതിനു വേണ്ടി വായിച്ചു. നോട്ട് നോക്കി നിന്‍കെയും ഈണം മനഃപാഠമാക്കി സുധാകറും തങ്ങളുടെ ശ്വാസം നല്‍കിയാണ് ഇതിലെ ഓടക്കുഴല്‍ ഈണങ്ങള്‍ക്ക് അനശ്വരത നല്‍കിയത്. ഇന്ത്യന്‍ പുല്ലാങ്കുഴല്‍ സംഗീതത്തെ കുറിച്ച് പഠിക്കാന്‍ വന്ന നിന്‍കെ ഇളയരാജയെ കാണാന്‍ വന്നപ്പോള്‍ നിന്‍കെയില്‍ നിന്നും പലതും പഠിക്കാന്‍ സുധാകറിനോട് നിര്‍ദേശിച്ചതും സുധാകര്‍ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.
1986ല്‍ പുറത്തിറങ്ങിയ ‘മെല്ലെ തിറന്തത് കതവ്’ എന്ന പടത്തിലെ ‘കുഴലൂതും കണ്ണനുക്ക്’ എന്ന പാട്ടിലും സുധാകറിന്റെ ഓടക്കുഴല്‍ ഇന്ദ്രജാലം അനുഭവിക്കാം. ആ വാദ്യോപകരണത്തില്‍ അത്രമേല്‍ സ്വാധീനം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്ന തരത്തിലുള്ള വാദനമാണ് അതിലും. ഇളയരാജ പുറത്തിറക്കിയ Nothing but wind, How to name it എന്നീ ആല്‍ബങ്ങളിലും സുധാകര്‍ ഓടക്കുഴല്‍ വായിച്ചു.
തമിഴില്‍ മാത്രമല്ല ഒട്ടേറെ മലയാളം ഗാനങ്ങളിലും സുധാകറിന്റെ ഓടക്കുഴല്‍ നാദം കേള്‍ക്കാം. ഇളയരാജയുടെ സ്ഥിരം പിന്നണി വാദകന്‍ എന്ന നിലയില്‍ നിന്നും അജ്ഞാതമായ കാരണങ്ങളാല്‍ പുറത്തുപോയ സുധാകര്‍ പിന്നീട് ജോണ്‍സണ്‍ മാസ്റ്ററുടെ ട്രൂപ്പില്‍ ചേര്‍ന്നു. ജോണ്‍സണ് ഏറെ പ്രിയപ്പെട്ട ഓടക്കുഴല്‍ വാദകരില്‍ ഒരാളായിരുന്നു സുധാകര്‍. ജോണ്‍സന്റെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കു വേണ്ടി സുധാകര്‍ റെക്കോഡറും ഓടക്കുഴലും വായിച്ചു. ശരത്ത് ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ക്കു വേണ്ടിയും സുധാകര്‍ ഓടക്കുഴല്‍ വായിച്ചിട്ടുണ്ട്. അസാധ്യ നര്‍മ്മബോധം ഉള്ളയാളായിരുന്നു സുധാകറെന്ന് ശരത്ത് ഓര്‍മ്മിക്കുന്നു. “വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക അദ്ദേഹത്തിന്റെ നര്‍മ്മഭാഷണങ്ങളിലുണ്ടാവും. അഞ്ചോ പത്തോ മിനിറ്റ് വായിക്കാനാവും അദ്ദേഹം ഒരു മണിക്കൂര്‍ സ്റ്റുഡിയോയില്‍ ചെലവഴിക്കുക. പക്ഷേ ബാക്കി സമയം മുഴുവന്‍ നമ്മളെ ചിരിപ്പിച്ച് വശം കെടുത്തും.” ശരത്ത് ഓര്‍മ്മിക്കുന്നു.
സുധാകറിന് ആദ്യം അവസരം നല്‍കിയ ഇളയരാജയും ഒരു കാലത്ത് പിന്നണി വാദകനായിരുന്നു. ‘വെളുത്ത കത്രീന’ എന്ന പടത്തിലെ ‘കാട്ടുചെമ്പകം’ പൂത്തുലയുമ്പോള്‍ എന്ന എ എം രാജ ഹിറ്റ് ഗാനത്തിന്റെ തുടക്കത്തില്‍ രാജയുടെ ഹമ്മിംഗിന് തൊട്ടു മുമ്പും ശേഷവും ഒരു ഗിറ്റാര്‍ ഈണം കേള്‍ക്കാം. പാട്ട് ഉച്ചസ്ഥായിയിലേക്ക് പോകുന്നു എന്ന സൂചന നല്‍കുന്ന ഒരു ഈണം. കൊടുങ്കാറ്റിന് മുമ്പ് കരിയിലകളെ മന്ദം മന്ദമായി പറത്തി ഉയര്‍ത്തുന്ന കാറ്റ് പോലെ. ആ ഗിറ്റാര്‍ വായിച്ചത് അന്ന് ജ്ഞാനദേശികന്‍ എന്നറിയപ്പെട്ടിരുന്ന ഇളയരാജയാണ്. അദ്ദേഹം പിന്നീട് രാജയ്യ എന്നും തുടര്‍ന്ന് ഇളയരാജ എന്നും പേര് മാറ്റി.
എന്നാല്‍ കാട്ടുചെമ്പകം പൂത്തുലയുന്നതിലെ ശ്രദ്ധാകേന്ദ്രം ഗിറ്റാര്‍ അല്ല. അത് മറ്റൊരു തന്ത്രി വാദ്യമായ വയലിനാണ്. വൈദ്യനാഥന്‍, സുബ്രഹ്മണ്യം, ശങ്കര്‍ എന്നിങ്ങനെ സഹോദരങ്ങളായ മൂന്ന് പേരാണ് അതിലെ വയലിന്‍ വായിച്ചിരിക്കുന്നത്. പാട്ടിലുടനീളം വയലിന്‍ തന്ത്രികളുടെ മാന്ത്രികത കേള്‍ക്കാന്‍ കഴിയും. വയലിന്‍ നാദമാണ് പാട്ടിനെ മുന്നോട്ടു കൊണ്ടു പോകുന്നത് തന്നെ.
വൈദ്യനാഥന്‍ പിന്നീട് ചില മലയാളം സിനിമകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. വേനല്‍ക്കിനാവുകളിലെ ഗാനങ്ങളാണ് അവയില്‍ എനിക്കിഷ്ടമായത്. പക്ഷേ അദ്ദേഹത്തെ ജനകീയമാക്കിയത് ‘മാല്‍ഗുഡി ഡേയ്സ്’ പരമ്പരയുടെ ടൈറ്റില്‍ ഈണമാണ്. താനാ ന താനേ നാ…എന്ന ഈണം കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ കെ നാരായണന്റെ സാങ്കല്‍പ്പിക ഗ്രാമവും നായകനായ സ്വാമിയുടെ മുഖവും ഓര്‍മ്മയിലെത്തും. കേള്‍വികേട്ട കര്‍ണാടക സംഗീതജ്ഞര്‍ക്കൊപ്പം വയലിന്‍ വായിച്ചിട്ടുണ്ട് വൈദ്യനാഥന്‍. വയലിനില്‍ വിസ്മയം തീര്‍ക്കുന്ന സുബ്രഹ്മണ്യത്തെ കുറിച്ച് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. അതു പോലെയാണ് ശങ്കറും. വിദേശ ഓര്‍ക്കെസ്ട്രകളില്‍ വായിച്ച് ഖ്യാതി നേടിയ ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലാണ്.
ഇവരുടെ അച്ഛന്‍ വി ലക്ഷ്മിനാരായണന്‍ ആലപ്പുഴയിലാണ് ജനിച്ചത്. പിന്നീട് ഇവര്‍ മധുരയിലേക്ക് കുടിയേറി. കര്‍ണാടക സംഗീതത്തില്‍ വിശേഷിച്ച് വയലിനില്‍ അനുപമമായ രീതിയില്‍ കഴിവ് തെളിയിച്ച ആളായിരുന്നു അദ്ദേഹം.
പാട്ട് കേള്‍ക്കുമ്പോള്‍ പലപ്പോഴും പിന്നണിയില്‍ ഉപകരണങ്ങള്‍ വായിക്കുന്നവരെ കുറിച്ച് നമ്മള്‍ ഓര്‍ക്കാറുണ്ടോ? പാട്ടിനെ പൂര്‍ണതയിലെത്തിക്കുന്നത് അവര്‍ കൂടി ചേര്‍ന്നാണ്. ഈ മേഖലയില്‍ അസാമാന്യ കഴിവ് തെളിയിച്ച ചില സംഗീതപ്രതിഭകളുണ്ട്. ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തില്‍ സലില്‍ ചൗധരി ഈണമിട്ട ഗാനങ്ങളുടെ പിന്നണിയില്‍ ഹരിപ്രസാദ് ചൗരസ്യയും ശിവകുമാര്‍ ശര്‍മ്മയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ബോംബെയിലായിരുന്നു ഗാനങ്ങളുടെ റെക്കോഡിംഗ്.
ഒരുകാലത്ത് മലയാള സംഗീത സംവിധായകരുടെ പ്രിയപ്പെട്ട വീണാ വാദകന്‍ ആയിരുന്നു പാര്‍ത്ഥസാരഥി. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം എസ് വിശ്വനാഥന്‍, കണ്ണൂര്‍ രാജന്‍, ജോണ്‍സണ്‍ എന്നിവര്‍ക്ക് പ്രിയപ്പെട്ട വീണാവാദകന്‍ ആയിരുന്നു പാര്‍ത്ഥസാരഥി. ജോണ്‍സണ്‍ന്റെ ഹിറ്റ് ഗാനങ്ങളായ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, സ്വര്‍ണ്ണമുകിലേ, ഗോപികേ നിന്‍ വിരല്‍ എന്നിവയിലെ വീണാനാദം ശ്രദ്ധിച്ചു നോക്കുക. അവ തീര്‍ത്തത് ‘പാച്ചാ അണ്ണ’നെന്ന് സംഗീതരംഗത്തുള്ളവര്‍ സ്നേഹത്തോടെ വിളിക്കുന്ന പാര്‍ത്ഥസാരഥിയുടെ വിരലുകളാണ്.
അറിയപ്പെടാത്ത ഇത്തരംചില കലാകാരന്‍മാര്‍ കൂടിയാണ് നമ്മുടെ സംഗീതാസ്വാദനത്തെ കൂടുതല്‍ രസകരമാക്കുന്നത്. ഇനി പാട്ട് കേള്‍ക്കുമ്പോള്‍ ഓരോ ഉപകരണ സംഗീതത്തിന്റെയും പ്രയോഗം കൂടി ശ്രദ്ധിച്ചു നോക്കൂ. സംഗീതം കൂടുതല്‍ ഹൃദ്യമായി തോന്നും.
സുധാകര്‍ എന്ന പുല്ലാങ്കുഴല്‍ വാദകന് ആദരാഞ്ജലികള്‍. കാറ്റ് കയറിയിറങ്ങുന്ന മുളങ്കുഴല്‍ നാദങ്ങള്‍ ഉള്ള കാലത്തോളം താങ്കളുടെ ഓര്‍മ്മകള്‍ ചലച്ചിത്രഗാനങ്ങളിലൂടെ മരണമില്ലാതെ ജീവിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ilayaraaja, Music