ഏക സിവിൽ കോഡ് നടപ്പിൽ വരുത്തുന്നതിനെക്കുറിച്ച് ലോ കമ്മീഷൻ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് കേന്ദ്രസർക്കാർ അടുത്തിടെ അറിയിച്ചിരുന്നു. അത്തരമൊരു നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വാർത്താ ചാനലുകളും ഒരു വിഭാഗം അമുസ്ലീംങ്ങളും ഖുർആനിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മറുവശത്ത്, മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് (All India Muslim Personal Law Board (AIMPLB) ഏക സിവിൽ കോഡിനെ സംബന്ധിച്ച ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ കൃത്യമായി അറിയിക്കാൻ സാധിക്കുന്ന തരത്തിലുള്ള സർവേകളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുകയുമാണ്. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിൽ, ന്യൂസ് 18 ഒരു സർവേ നടത്തിയിരുന്നു. 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെയാണ് ഇതിനായി അഭിമുഖം നടത്തിയത്.
advertisement
ന്യൂസ് 18 നടത്തിയ സർവേ ഒരു സോഷ്യൽ മീഡിയ പോൾ ആയിരുന്നില്ല, മറിച്ച് ഈ വിഷയത്തിലുള്ള അഭിപ്രായം അറിയാൻ റിപ്പോർട്ടർമാർ നേരിട്ട് ആളുകളെ സമീപിക്കുകയായിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ എല്ലാവരും 18 വയസും അതിനു മുകളിലും പ്രായമുള്ളവർ ആയിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്ത വ്യക്തികൾ മുതൽ ബിരുദാനന്തര ബിരുദധാരികൾ വരെ ഇതിൽ ഉൾപ്പെടുന്നു. സർവേയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ പേരുകൾ വെളിപ്പെടുത്താതിരിക്കാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു. എങ്കിലും, പ്രതികരിച്ചവരിൽ 90 ശതമാനം പേരും അവരുടെ പേരുകൾ വെളിപ്പെടുത്താൻ മടി കാണിച്ചില്ല.
സർവേയിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ
ഏകീകൃത സിവിൽ കോഡിലെ പ്രധാനപ്പെട്ട ചില വ്യവസ്ഥകൾക്ക് മുസ്ലീം സ്ത്രീകൾ പിന്തുണ നൽകുന്നു എന്നാണ് ന്യൂസ്18 യുസിസി സർവേയിൽ നിന്നും വ്യക്തമായത്. ഇതിൽ ഉയർന്ന വിദ്യാഭ്യാസമുള്ള (ബിരുദവും അതിൽ കൂടുതലും) മുസ്ലീം സ്ത്രീകളാണ് ഏക സിവിൽ കോഡിനെ പിന്തുണച്ചവരിൽ ഭൂരിഭാഗവും. അതിനുള്ള കാരണങ്ങളാണ് താഴെ.
1. ഒരു പൊതു നിയമത്തിനുള്ള പിന്തുണ: സർവേയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീകളിൽ 67 ശതമാനവും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലാ ഇന്ത്യക്കാർക്കും ഒരു പൊതു നിയമം വേണമെന്ന ആശയത്തോട് യോജിച്ചു. ബിരുദവും അതിന് മുകളില്‍ വിദ്യാഭ്യാസം നേടിയതുമായ 68 ശതമാനം സ്ത്രീകൾ നിയമത്തെ അനുകൂലിക്കുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്.
2. ബഹുഭാര്യത്വത്തോടുള്ള എതിർപ്പ്: സർവേയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീകളിൽ 76 ശതമാനവും (ബിരുദാനന്തര വിദ്യാഭ്യാസമോ അതിൽ കൂടുതലോ ഉള്ളവരിൽ 79 ശതമാനം) ബഹുഭാര്യത്വത്തോട് വിയോജിക്കുന്നതായി കണ്ടെത്തി. മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവകാശം നീക്കം ചെയ്യണമെന്ന അഭിപ്രായമാണ് ഇവർ പങ്കുവെച്ചത്.
3. പിന്തുടർച്ചാവകാശം: ലിംഗഭേദമില്ലാതെ, പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും സ്വത്തിലെ അനന്തരാവകാശത്തിന്റെ കാര്യത്തിലും സ്ത്രീകൾക്കും തുല്യത വേണമെന്ന് സർവേയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീകളിൽ 82 ശതമാനവും അഭിപ്രായപ്പെട്ടു. ബിരുദതലത്തിലോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ള 86 ശതമാനം പേരാണ് ഈ അഭിപ്രായത്തോട് യോജിച്ചത്.
4. വിവാഹമോചനത്തിന് ശേഷം പുനർവിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം: വിവാഹമോചിതരായവരെ യാതൊരു നിയന്ത്രണവുമില്ലാതെ പുനർവിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് പ്രതികരിച്ചവരിൽ 74 ശതമാനം പേരും അഭിപ്രായപ്പെട്ടു
5. മതം പരിഗണിക്കാതെയുള്ള ദത്തെടുക്കൽ: മതം നോക്കാതെ ദത്തെടുക്കാൻ അനുവദിക്കണമെന്ന് സമ്മതിക്കുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം മറ്റ് വ്യവസ്ഥകളെ അംഗീകരിച്ചവരുടെ എണ്ണത്തെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നു. പ്രതികരിച്ചവരിൽ 65 ശതമാനം പേരും ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. പ്രതികരിച്ചവരിൽ ബിരുദതല വിദ്യാഭ്യാസമോ ഉയർന്ന വിദ്യാഭ്യാസമോ ഉള്ള 69 ശതമാനം പേരാണ് ഈ വ്യവസ്ഥയോട് യോജിച്ചത്.
6. സ്വത്ത് വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം: പ്രായപൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും അവരുടെ സ്വത്ത് ഇഷ്ടാനുസരണം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പ്രതികരിച്ചവരിൽ 69 ശതമാനം പേരും അഭിപ്രായപ്പെട്ടു. ബിരുദ- തലത്തിലുള്ള വിദ്യാഭ്യാസമോ അതിൽ കൂടുതൽ വിദ്യാഭ്യാസമോ ഉള്ളവരിൽ 73 ശതമാനം പേരാണ് ഈ അഭിപ്രായത്തോട് യോജിച്ചത്.
7. വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം: പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയർത്തുന്നതിനെയും സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും പിന്തുണച്ചു. സർവേയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീകളിൽ 79 ശതമാനം പേരാണ് ഇതിനെ അനുകൂലിച്ചത്. ഉയർന്ന വിദ്യാഭ്യാസമുള്ള 82 ശതമാനം പേർ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആക്കണം എന്ന അഭിപ്രായം ഉള്ളവരാണ്.
പൊതുനിയമങ്ങൾ, ലിംഗസമത്വം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുസ്ലീം സ്ത്രീകൾക്കിടയിൽ ഗണ്യമായ പിന്തുണയുണ്ടെന്ന് സർവേയിലെ ഈ പ്രധാന കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ പ്രതീക്ഷകളും അഭിപ്രായങ്ങളും അറിയാൻ ഈ സർവേ സഹായിച്ചു എന്നു തന്നെ പറയാം. ശരീഅത്ത് നിയമത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ തന്നെ, ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സർവേ നടത്താൻ മടിച്ചേക്കാം. ഭൂരിഭാഗം മുസ്ലീം സ്ത്രീകളുടെയും കാഴ്ചപ്പാട് പുറത്തു വരുമോ എന്ന ഭയവും ഇതിനു പിന്നിൽ ഉണ്ടാകാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, നിരവധി മുസ്ലീം സ്ത്രീകൾ ഏക സിവിൽ കോഡിന് പിന്തുണ പ്രഖ്യാപിക്കുകയും എല്ലാ ഇന്ത്യൻ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്ന തരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുസ്ലീം സ്ത്രീകൾ മാത്രമല്ല, നിരവധി മുസ്ലീം പുരുഷന്മാരും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് വാദിക്കുന്നുണ്ട് എന്ന കാര്യം ഇവിടെ എടുത്തു പറയണം. എല്ലാ പൗരന്മാർക്കും ഒരേ നിയമങ്ങൾ ഉറപ്പാക്കുന്നതിലൂട രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും വർദ്ധിക്കുമെന്ന് തിരിച്ചറിയുന്നവരാണ് ഇക്കൂട്ടർ.
മതപരമായ അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ നിയമങ്ങൾ രാജ്യത്തു വേണം എന്ന ശക്തമായ അഭിപ്രായമാണ് സർവേയിൽ പങ്കെടുത്ത മുസ്‌ലീം സ്ത്രീകളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാക്കുന്നത്. മതപരമായ പശ്ചാത്തലം പരിഗണിക്കാതെ തന്നെ എല്ലാ പൗരന്മാർക്കിടയിലും നീതി, സമത്വം, ഐക്യം എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിക്കണം എന്ന അവരുടെ ആഗ്രഹം കൂടിയാണ് ഈ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
(ദേശീയതാ വാദിയും, ഇന്ത്യൻ മുസ്ലീമും, ഫിലോസഫി വിദ്യാർത്ഥിയും ഖുറാനിലും ഇസ്ലാമിക ദൈവശാസ്ത്രത്തിലും ഗവേഷണം നടത്തിയിട്ടുള്ള ആളുമാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ തികച്ചും വ്യക്തിപരമാണ്. സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)