തൊണ്ണൂറ്റി ഒൻപതും രണ്ടായിരത്തി ഇരുപതും
ശരത് പവാറും താരീഖ് അൻവറും പി.എ.സാങ്മയും നടത്തിയത് അട്ടിമറി ശ്രമമാണ്. പാർട്ടി പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇന്നത്തെ പോലെയായിരുന്നില്ല അന്ന് കോൺഗ്രസ് പാർട്ടി. അന്നത്തെ പാർട്ടി പിടിച്ചെടുത്താൽ കാര്യമുണ്ടായിരുന്നു. അന്ന് അണികളും വേരുമുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. നയിക്കാൻ ആളില്ലാത്തത് കൊണ്ടുണ്ടായ വീഴ്ചയായിരുന്നു അന്നത്തെ പ്രതിസന്ധി. ആ പ്രതിസന്ധി മറികടക്കാൻ കുടുംബ വാഴ്ചക്കാരും തിരുത്താൻ ഇറങ്ങിയവരും തമ്മിലുള്ള പോരായിരുന്നു 99ൽ നടന്നത്. കുടുംബവാഴ്ചക്കാർ വിജയിച്ചു. തിരുത്താൻ ഇറങ്ങിയവർ പുറത്തുമായി.
advertisement
ഇപ്പോൾ നേതൃത്വം മാത്രമല്ല കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തത്. അണികളുമില്ല, വേരുമറ്റു. കേരളത്തിൽ നിന്ന് നോക്കുമ്പോൾ പലരും ഇത് കാണുന്നില്ലെന്ന് മാത്രം. അതുകൊണ്ടാണ് സോണിയഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഇരുപത്തി മൂന്ന് നേതാക്കൾ പരസ്യമായി നടത്തിയ നീക്കം കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാനുള്ള ശ്രമമായിട്ട് വിലയിരുത്തപ്പെടുന്നത്. വിശേഷിപ്പിക്കപ്പെടുന്നത്. ഇന്നത്തെ അവസ്ഥയിൽ ഈ പാർട്ടി പിടിച്ചെടുത്തത് കൊണ്ട് ആർക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ആര് നേതൃത്വത്തിലെത്തിയാലും അത്ഭുതങ്ങളൊന്നും സംഭവിക്കില്ല. പിന്നെ എന്തിനായിരുന്നു ഈ നീക്കം. രാഷ്ട്രീയ നിലനിൽപ് എന്നതാണ് ഒറ്റവാക്കിലുള്ള ഉത്തരം.
Also Read- സ്വാതന്ത്ര്യാനന്തരം 73 വർഷം; 13 കോൺഗ്രസ് പ്രസിഡന്റുമാരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന്
നടപടി ആലോചനയിൽ പോലും ഇല്ലാത്തത് എന്തുകൊണ്ട് ?
അഞ്ചുമാസം മുമ്പ് തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സോണിയഗാന്ധിയുടെ നേതൃത്വത്തിനെതിരെ പുറത്ത് വന്ന ആ കത്ത്. ശശിതരൂർ എംപിയുടെ വസതിയിൽ നടന്ന അത്താഴ വിരുന്നിലാണ് ആദ്യ വിത്ത് പാകപ്പെട്ടതെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. അത് എന്തായാലും കോൺഗ്രസിന് മുഴുവൻ സമയം പ്രസിഡന്റ് വേണമെന്ന് പരസ്യമായി പറഞ്ഞ നേതാക്കളിൽ ഒരാളാണ് ശശി തരൂർ. രാഹുലിനും പ്രിയങ്കയ്ക്കും താൽപര്യമില്ലെങ്കിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആൾവരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെ കൂട്ടത്തിലും തരൂർ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇത് തരൂരിന്റെ മാത്രം ആഗ്രഹമല്ലെന്നും കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കള്‍ മുതൽ ചെറുപ്പക്കാർ വരെ ഇതാഗ്രഹിക്കുന്നുവെന്നും വ്യക്തമായത് 23 നേതാക്കളുടെ കത്ത് പുറത്ത് വന്നപ്പോഴാണ്. ഇതാണ് ഇപ്പോൾ കോൺഗ്രസിന് വേണ്ട ചികിത്സയെന്ന് കരുതുന്ന നേതാക്കൾ വേറേയുമുണ്ട് പാർട്ടിയിൽ.
സോണിയയുടേയും രാഹുൽ ഗാന്ധിയുടേയും നേതൃത്വത്തിനൊപ്പമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള നേതാക്കള്‍ പോലുമുണ്ട് ഇക്കൂട്ടത്തിൽ. രഹസ്യമായിട്ടാണെങ്കിലും അവരുടെ പിന്തുണയും ഇപ്പോൾ പരസ്യമായി വന്ന നേതാക്കൾക്കുണ്ട്. സോണിയയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തിട്ടും രാഹുൽ ഗാന്ധി തന്നെ ഇതിനെതിരെ രോഷപ്രകടനം നടത്തിയിട്ടും ഈ നേതാക്കളെ പുറത്താക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് അതുകൊണ്ട് കൂടിയാണ്. ആരും അത് ആഗ്രഹിക്കുന്നില്ല എന്നതാണ് ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം.
രാഹുൽ ഗാന്ധിയുടെ പ്രതിഷേധവും നേതാക്കളുടെ മറുപടിയും
സോണിയഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തതിനെതിരെ കടുത്ത ഭാഷയിലാണ് രാഹുൽഗാന്ധി പ്രതികരിച്ചത്. ആ 23 നേതാക്കളുടെ നടപടി ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് ആക്ഷേപം വരെ രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ചെന്നും വാർത്ത വന്നിരുന്നു. ഇത് സത്യമല്ലെന്ന് പിന്നീട് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചെങ്കിലും ആദ്യ വാർത്ത വിശ്വസിച്ചവരാണ് കൂടുതൽ.
കോൺഗ്രസിൽ സാധാരണ നടക്കാത്തകാര്യങ്ങളാണ് ഇത്തവണ പ്രവർത്തക സമിതി യോഗത്തിൽ പോലും നടന്നത്. മുമ്പ് സോണിയയുടേയും രാഹുലിന്റെയും വാക്കുകൾക്ക് എതിർവാക്കുണ്ടായിരുന്നില്ല പ്രവർത്തകസമിതിയിൽ. പക്ഷെ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച നിന്ന പാരമ്പര്യം ചൂണ്ടികാട്ടി മുതിർന്ന നേതാക്കൾ ഇത്തവണ രാഹുലിനും ഒപ്പമുള്ളവർക്കും മറുപടി നൽകി. തരം പോലെ പാർട്ടി വിട്ട് തിരികെ എത്തി പദവി സ്വീകരിച്ചവരല്ലെന്ന് ഇവർ ഓർമ്മപ്പെടുത്തിയതോടെ ഏറ്റുമുട്ടൽ അവസാനിക്കുകയും ചെയ്തു.
യോഗത്തിൽ മാത്രമല്ല പ്രതിഷേധവും ഏറ്റുമുട്ടലുമുണ്ടായത്. കപിൽ സിബൽ പരസ്യമായി പ്രതിഷേധിച്ചു. എല്ലാം അവസാനിച്ചെന്ന് ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം കത്ത് എഴുതിയ നേതാക്കൾ യോഗം ചേർന്നു. ഭാവിപരിപാടി ആലോചിച്ചു. ഗുലാം നബി ആസാദിന്റെ വസതിയിലായിരുന്നു ഈ യോഗം. ഗുലം നബി ആസാദ് സാധാരണ പറയുന്നത് പോലെ മുതിർന്ന നേതാവ് മാത്രമല്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. കോൺഗ്രസിന്റെ ന്യൂനപക്ഷ മുഖമാണ്.
പുതിയ തുടക്കമാണ് ഈ പ്രതിഷേധം
ഗാന്ധി കുടുംബത്തിലെ ആരുടെയെങ്കിലും മുഖം കറുത്താൽ ഓടികൂടി ഒപ്പാരുവയ്ക്കുന്ന കാലം അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇപ്പോഴത്തെ പ്രതിഷേധം. അതുകൊണ്ടാണ് രാഹുൽ ഗാന്ധി തന്നെ വിമർശിച്ചിട്ടും നേതൃമാറ്റം ആവശ്യപ്പെട്ടവർക്കെതിരെ മറ്റു നേതാക്കൾ പരസ്യമായി എത്താത്തത്. സോണിയ ഗാന്ധിയെ വാഴിക്കാൻ സീതാറാം കേസരിയെന്ന പാർട്ടി പ്രസിഡന്റിനെ പാർട്ടി ആസ്ഥാനത്ത് നിന്ന് ഇറക്കി വിട്ട നേതാക്കളുമുണ്ട് ഇപ്പോൾ പരസ്യമായി തള്ളി പറഞ്ഞവരുടെ കൂട്ടത്തിൽ. തള്ളി പറഞ്ഞവരെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിൽ.
Also Read- ലക്ഷ്യം സിവിൽ സർവീസ്; ഒന്നാം റാങ്ക് നേടിയ പായലിന് പിന്തുണയുമായി ജില്ലാ ഭരണകൂടം
1999 പാർട്ടിയെ ബോധ്യപ്പെടുത്താൻ പവാറിനും കൂട്ടർക്കും കഴിഞ്ഞില്ല. 2020ൽ പാർട്ടിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്ന് വലിയൊരു വിഭാഗത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല. എന്നാൽ എതു വിഷയത്തിലും പ്രധാനമന്ത്രിയെ കടന്നാക്രമിക്കാം. രാഹുൽ ഗാന്ധിയുടെ ഈ നിലപാടാണ് അതിന് കാരണം. ആ നിലപാടിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് സമൂലമായ നേതൃമാറ്റം എന്ന ആവശ്യം. ഇത് പുതിയ തുടക്കമാണ്.