400 റൺസിന് പിറകിൽ നിൽക്കെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 178 റൺസിന് എല്ലാവരും പുറത്തായി. രണ്ടു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം. പുറത്താകാതെ 175 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായ ജഡേജ, രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റും വീഴ്ത്തി അസാമാന്യ പ്രകടനം കാഴ്ചവച്ചു. ഇതോടെ, രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
സ്കോർ: ശ്രീലങ്ക 174 & 178, ഇന്ത്യ – 574/8 ഡിക്ലയേർഡ്
advertisement
81 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വല്ലയാണ് രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ (46 പന്തിൽ 27), എയ്ഞ്ചലോ മാത്യൂസ് (75 പന്തിൽ 28), ധനഞ്ജയ ഡിസിൽവ (58 പന്തിൽ 30), ചാരിത് അസലങ്ക (ഒൻപത് പന്തിൽ 20) എന്നിവരാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ.
രണ്ടാം ഇന്നിങ്സിൽ രവീന്ദ്ര ജഡേജ 16 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ, മത്സരത്തിലാകെ 9 വിക്കറ്റ് വീഴ്ത്തി. കരിയറിലെ രണ്ടാമത്തെ മാത്രം 10 വിക്കറ്റ് നേട്ടം കൈവിട്ടത് നേരിയ വ്യത്യാസത്തിലാണ്. രവിചന്ദ്രൻ അശ്വിൻ 21 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്കാണ് ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ. മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. 434 വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിനെ മറികടന്നാണ് അശ്വിൻ രണ്ടാമനായത്. ഇനി മുന്നിലുള്ളത് 619 വിക്കറ്റുകൾ വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രം.
നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യയ്‌ക്കെതിരെ, ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് വെറും 174 റൺസിൽ അവസാനിച്ചിരുന്നു. 400 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിച്ചു.
ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 228 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 175 റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം.അഞ്ചര മണിക്കൂർ ക്രീസിൽനിന്ന ജഡേജ 228 പന്തുകളിൽ 17 ഫോറും 3 സിക്സും അടിച്ചാണ് 175ൽ എത്തിയത്.