സെമിഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ആതിഥേയരായ ഇന്ത്യയും ദക്ഷിണാഫ്രിക്ക തോൽപിച്ച് ഓസ്‌ട്രേലിയയും ഫൈനലിൽ എത്തിയതോടെ മിച്ചൽ മാർഷിന്റെ പ്രവചനം സത്യമായിരിക്കുകയാണ്. ഇതിനു മുൻപ് 2003-ലെ ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ തോൽപിച്ച് കിരീടത്തിൽ മുത്തമിട്ടത്.
advertisement
ഫൈനലിസ്റ്റുകളെ മാത്രമല്ല, കിരീടം ആരു നേടും എന്നതിനെക്കുറിച്ചും മിച്ചൽ മാർഷ് പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് ഡൽഹി ക്യാപിറ്റൽസിനായുളള ഒരു സ്‌പോട്ടിഫൈ പോഡ്‌കാസ്റ്റിൽ സംസാരിച്ച മാർഷ് പറഞ്ഞത്. “ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടും. ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിന് 450 റൺസ് എടുക്കും. ഇന്ത്യ 65 റൺസിന് ഓൾഔട്ട് ആകും“, മിച്ചൽ മാർഷ് പറഞ്ഞു. എന്നാൽ ഇതൽപം കൂടിപ്പോയില്ലേ എന്നാണ് ഇന്ത്യൻ ആരാധകരുടെ ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫൈനൽ വേദിയിലെ മുഖ്യാതിഥി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണി, കപിൽ ദേവ് എന്നിവരും മൽസരം നേരിട്ടു കാണാൻ അഹമ്മദാബാദിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണികൾക്കായി ധാരാളം വിനോദപരിപാടികളും സംഘാടകർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫൈനൽ ദിവസം ആരാധകർക്കായി പ്രത്യേക എയർ ഷോയും ഉണ്ടായിരിക്കും. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് ഗായകരായ ദുവാ ലിപ, പ്രീതം ചക്രവർത്തി, ആദിത്യ ഗധാവി എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
Also Read- ICC World Cup 2023 | ലോകകപ്പ് ടിക്കറ്റിൽ ‘വ്യാജൻ’; യുവതിക്ക് നഷ്ടമായത് 56,000 രൂപ
ഇന്ത്യൻ ടീമിലെ കളിക്കാരുടെ കുടുംബാംഗങ്ങളും ഫൈനൽ കാണാൻ ഗാലറിയിലുണ്ടാകുമെന്നാണ് വിവരം. ഈ ലോകകപ്പിൽ ഇന്ത്യൻ ടീം കളിച്ച പല മൽസരങ്ങളും കാണാനെത്തിയ സച്ചിൻ തെണ്ടുൽക്കറും കിരീടപ്പോരാട്ടത്തിനുള്ള വേദിയിൽ ഉണ്ടാകും. പ്രമുഖ രാഷ്ട്രീയക്കാർ, മുൻ ക്രിക്കറ്റ് താരങ്ങൾ, താരങ്ങളുടെ കുടുംബങ്ങൾ എന്നിവരെ കൂടാതെ, ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്), ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) തലവൻമാരും ഫൈനൽ വേദിയിൽ ഉണ്ടാകും. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും ഫൈനൽ നേരിട്ടു കാണാൻ അഹമ്മദാബാദിലെത്തും.
ബുധനാഴ്ച മുംബൈയിൽ വെച്ചായിരുന്നു ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സെമിഫൈനൽ. മൽസത്തിൽ വിജയിച്ചതിനു ശേഷം, ഇന്ത്യൻ ടീമംഗങ്ങൾ അഹമ്മദാബാദിലെത്തി.