മുൻ ക്രിക്കറ്റ് ടാസ്മാനിയ റിസപ്ഷനിസ്റ്റാണ് പെയ്നിനെതിരെ പരാതി നൽകിയത്. നാല് വർഷം മുമ്പ് താരം തനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതിയിൽ പറഞ്ഞത്. എന്നാൽ യുവതിയുടെ സമ്മതത്തോടെയാണ് താൻ സന്ദേശം അയച്ചതെന്ന് പെയ്ൻ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് മുന്നിൽ വ്യക്തമാക്കി. 2018ൽ നടന്ന ആഭ്യന്തര അന്വേഷണത്തിൽ പെയ്നിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷമാണ് സംഭവം പൊതുഇടത്തിൽ ചർച്ചയായി മാറിയത്. ഈ ഘട്ടത്തിൽ തനിക്ക് ക്രിക്കറ്റ് ബോർഡിൽ നിന്നും മാനേജർ ജെയിംസ് ഹെൻഡേഴ്സണിൽ നിന്നും നീതി ലഭിച്ചില്ലെന്നാണ് പെയ്ൻ പറഞ്ഞിരിക്കുന്നത്. പെയ്നിൻെറ ആത്മകഥയായ ‘ദി പ്രൈസ് പെയ്ഡ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ സംരക്ഷിച്ചില്ലെന്ന് മാത്രമല്ല, ലൈംഗിക പീഡന കേസിലെ പ്രതിയെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
“എനിക്ക് വല്ലാത്ത നിരാശയാണ് തോന്നിയത്. ഏത് അന്വേഷണത്തോടും ഞാൻ സഹകരിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ എന്നെ കയ്യൊഴിയുകയാണ് ചെയ്തത്. ഞാൻ ആരെയോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്,” പെയ്ൻ ആത്മകഥയിൽ എഴുതി. വിഷയം പരസ്യമാവുന്നതിന് മുമ്പ് തൻെറ ഭാഗം കൃത്യമായി പ്രതിരോധിക്കാൻ തനിക്ക് സാധിച്ചിരുന്നുവെന്നും പെയ്ൻ വ്യക്തമാക്കി.
ക്രിക്കറ്റ് ഓസ്ട്രേലിയ ഈ വിഷയം വളരെ മോശമായാണ് കൈകാര്യം ചെയ്തെന്നാണ് തൻെറ ബോധ്യമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡ് തന്നെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഇപ്പോഴും ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൻെറ ക്യാപ്റ്റനായി താൻ തുടരുമായിരുന്നുവെന്നും പെയ്ൻ പ്രത്യശ പ്രകടിപ്പിച്ചു.
Also Read-ടി20 ലോകകപ്പിൽ ഇതുവരെ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ 5 ബോളർമാർ ആരൊക്കെ?
“വിഷയം സ്വകാര്യമായി ഇരുന്ന സമയത്ത് അവർ എന്നെ പ്രതിരോധിക്കാനും ഞാൻ പറയുന്നത് കേൾക്കാനും തയ്യാറായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയ പ്രചാരണങ്ങൾ വന്നതോടെയാണ് കാര്യങ്ങൾ മാറിയത്. ക്രിക്കറ്റ് ഓസ്ട്രേലിയ എന്നോട് പറഞ്ഞ പോലെയാണ് വിഷയം കൈകാര്യം ചെയ്തതെങ്കിൽ ഞാനിപ്പോഴും ടീമിൽ തുടരുമായിരുന്നു,” പെയ്ൻ അഭിപ്രായപ്പെട്ടു.
വിഷയം പരസ്യമാകാതെ നിലനിർത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയക്കും മാനേജർ ജെയിംസ് ഹെൻഡേഴ്സണും സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. പുറത്ത് നിന്നുള്ള പിആർ ഏജൻസി വിഷയം കൈകാര്യം ചെയ്ത് തുടങ്ങിയതോടെ ബോർഡിൽ നിന്ന് തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായി. വാർത്തകളിൽ താൻ പലപ്പോഴും നിറഞ്ഞ് നിന്നിട്ടുണ്ട്. എന്നാൽ ഇത് തന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത തിരിച്ചടിയായി മാറി. പുറത്ത് നിന്നുള്ള പിആർ ഏജൻസിയാണ് വിഷയം വഷളാക്കിയതെന്നും പെയ്ൻ തൻെറ ആത്മകഥയിൽ ആവർത്തിച്ചു.