മൂന്നാം ദിനം ആദ്യ സെഷനിലായിരുന്നു മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന അസർ അലിക്ക് വിക്കറ്റ് ബലി കഴിക്കേണ്ടി വന്നത്. പാകിസ്താൻ ഇന്നിംഗ്സിന്റെ അൻപത്തിമൂന്നാം ഓവർ. പന്തെറിയുന്നത് ഓസീസ് ബോളർ പീറ്റർ സിഡിൽ. സിഡിലെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് നേരിട്ടത് അസർ അലിയായിരുന്നു. ബാറ്റിന്റെ എഡ്ജിൽ തട്ടി ഗള്ളിയിലേക്ക് പോയ പന്ത് ബൗണ്ടറിയിലേക്ക്. എന്നാൽ ബൗണ്ടറി റോപ്പിന് തൊട്ടുമുന്നിൽ വച്ച് പന്ത് നിശ്ചലമാവുകയായിരുന്നു.
advertisement
ബൗണ്ടറിയെന്ന ധാരണയിൽ പിച്ചിന് മധ്യത്തിലേക്ക് ചെന്ന അസർ അലിയും മറുവശത്തുണ്ടായിരുന്ന ആസാദ് ഷഫീഖും പിച്ചിന് സമീപം ചെറിയ സംസാരത്തിൽ ഏർപ്പെട്ടു. എന്നാൽ സത്യത്തിൽ പന്ത് ബൗണ്ടറി കടന്നിട്ടുണ്ടായിരുന്നില്ല. പന്തെടുക്കാൻ ഓടിയെത്തിയ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് അതിവേഗം അത് വിക്കറ്റ് കീപ്പർ ടിം പെയിന് കൈമാറി. പെയിന്റെ കൈയിൽ പന്തെത്തുമ്പോൾ അസർ അലി പിച്ചിന്റെ മധ്യത്തിലായിരുന്നു. സമയമൊട്ടും കളയാതെ പെയിൻ സ്റ്റമ്പ് കുലുക്കി. ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയ അസർ അലി മെല്ലെ പുറത്തേക്ക് നടന്നു.
പന്ത് ബൗണ്ടറിയിലെത്തിയോ എന്ന് പോലും ശ്രദ്ധിക്കാതെ പിച്ചിന് നടുവിലേക്ക് സംസാരിക്കാൻ പോയ അസർ അലിയുടെ മണ്ടത്തരം അദ്ദേഹത്തിന്റെ വിലപ്പെട്ട വിക്കറ്റാണ് നഷ്ടപ്പെടുത്തിയത്. അശ്രദ്ധയും, മണ്ടത്തരവും കാണിച്ച താരത്തിനെതിരെ വലിയ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഉയർന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ പന്ത് ബൗണ്ടറി റോപ്പ് കടന്നുവെന്ന ധാരണയിൽ പറ്റിയ അബദ്ധമാണെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.