ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗ്ളാദേശ് നിലപാട് എടുത്തിരുന്നു. ഇന്ത്യയിലെ തങ്ങളുടെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ളാദേശിന്റെ ആവശ്യം.എന്നാൽ ഐസിസിയുടെ സ്വതന്ത്ര സുരക്ഷാ പരിശോധനയിൽ ഇന്ത്യയിൽ യാതൊരു ഭീഷണിയുമില്ലെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് ആഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച ഒരേയൊരു ഐസിസി അംഗമായിരുന്നു പാകിസ്ഥാൻ. ബംഗ്ളാദേശിനെ ഒഴിവാക്കിയ തീരുമാനത്തെ 'അനീതി' എന്നാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചത്. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കൊളംബോയിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഈ മാസം ആദ്യം പാകിസ്ഥാൻ സർക്കാർ ടീമിന് നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ പിസിബിയും നഖ്‌വിയും ഇതുവരെ മൗനം പാലിക്കുകയാണെങ്കിലും, ലോകകപ്പിലെ ഏറ്റവും വലിയ മത്സരം മുടങ്ങിയാൽ ഉണ്ടായേക്കാവുന്ന വൻ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ഐസിസി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ തങ്ങളുടെ നിലപാട് മാറ്റുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മൊഹ്‌സിൻ നഖ്‌വി.
advertisement
