കോവിഡ് വ്യാപനത്തെ തുടർന്ന് കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂർണമെൻ്റ് പ്രതിസന്ധിയിലായതോടെ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അവസാന നിമിഷത്തെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ ടൂർണമെന്റ് അവരുടെ രാജ്യത്ത് നടത്താൻ തീരുമാനിച്ചത്. ജൂൺ 13നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ടൂർണമെന്റ് ബ്രസീലിലേക്ക് മാറ്റിയപ്പോൾ അതിൽ കളിക്കാരുടെ ഭാഗത്തു നിന്നും ആദ്യം തന്നെ പ്രതിഷേധിച്ച് രംഗത്ത് വന്നത് ബ്രസീൽ താരങ്ങൾ ആയിരുന്നു. ടീമിലെ മൊത്തം കളിക്കാരും ടൂർണമെന്റ് ബ്രസീലിൽ നടത്തുന്നതിന് അതൃപ്തരാണ് എന്നത് ബ്രസീൽ ക്യാപ്റ്റനായ കാസിമീറോ ഇക്വഡോറുമായുള്ള മത്സരത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇതിനു അവരുടെ പരിശീലകനായ ടിറ്റെയുടെ പിന്തുണയും അവർക്ക് ഉണ്ടായിരുന്നു. പക്ഷെ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണം ഇന്ന് നടന്ന പാരഗ്വായുമായുള്ള മത്സരത്തിന് ശേഷമേ ഉണ്ടാകൂ എന്നത് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിൽ ബ്രസീലിയൻ ഫുടബോൾ അസോസിയേഷൻ താരങ്ങളുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് നിലവിലെ തീരുമാനം എന്ന് അനുമാനിക്കാം.
advertisement
കോപ്പ അമേരിക്ക നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തുവാൻ വേണ്ടിയാണ് താരങ്ങൾ ഔദ്യോഗിക പ്രസ്താവന ഇറക്കുന്നത് എന്നാണ് പറഞ്ഞത്. ബ്രസീലിന്റെ ജേഴ്‌സി അണിയുന്ന അവർക്ക് തങ്ങളുടെ ആരാധകരോടും അതിലുമുപരി സ്വന്തം രാജ്യത്തോടും വലിയ പ്രതിബദ്ധതയാണുള്ളത്. ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങളിൽ താരങ്ങൾ അവരുടെ ആശയങ്ങൾ പറഞ്ഞത് ഒരു വ്യക്തി നിലയിലാണ്. പിന്നീട് തങ്ങൾ സ്വീകരിച്ച തീരുമാനവും ഇപ്പോൾ എടുക്കുന്ന തീരുമാനവും ബ്രസീൽ ടീം എന്ന നിലയിലാണ്. ഇതിനു പുറമെ തങ്ങൾ സ്വീകരിച്ച നിലപാടുകൾ വലിയ രാഷ്ട്രീയ പ്രശ്നമാക്കാൻ ഉദ്ദേശിച്ച് എടുത്തതല്ല. ടൂർണമെന്റ് ബ്രസീലിൽ നടത്തുന്നതിന് വിയോജിപ്പുണ്ട്, എന്നാൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന താരങ്ങൾ എന്ന നിലയിൽ ടൂർണമെന്റിൽ ഞങ്ങൾക്ക് കളിക്കേണ്ടതുണ്ട്, ഒരു കൂട്ടം പ്രൊഫഷണൽ ഫുടബോൾ താരങ്ങൾ എന്ന നിലയിൽ അത് ഞങ്ങളുടെ കടമയാണ്. പക്ഷെ ടൂർണമെന്റിൽ ഞങ്ങൾ കളിക്കുന്നത് സംഘാടകരോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് തന്നെയാണ്.- പ്രസ്‌താവനയിൽ താരങ്ങൾ വ്യക്തമാക്കി.
ബ്രസീൽ താരങ്ങൾ കളിക്കും എന്ന് പറഞ്ഞെങ്കിലും ടൂർണമെന്റിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കോപ്പ അമേരിക്ക നടത്താനുള്ള തീരുമാനത്തിൽ പുനരാലോചന വേണമെന്ന് പറഞ്ഞു കൊണ്ട് ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാർട്ടിയും ബന്ധപ്പെട്ട ട്രേഡ് യൂണിയനും നൽകിയ ഹർജി ബ്രസീലിയൻ സുപ്രീം കോടതി സ്വീകരിച്ചിരുന്നു. ഇക്കാര്യത്ത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി കോടതി വ്യാഴാഴ്ച അടിയന്തരമായി ഒരു യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന രാജ്യത്ത് ഇതുവരെ ഒന്നരക്കോടിയിലധികം പേർക്കാണ് രോഗം ബാധിച്ചത്. നാലര ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയിൽ ഏകദേശം അറുപത്തിരണ്ടായിരം പോസിറ്റിവ് കേസുകളാണ് ഉണ്ടായത്. ആഗോള കോവിഡ് കേസുകളുടെ കാര്യത്തിൽ മൂന്നാമതും മരണ നിരക്കിൽ രണ്ടാമതും നിൽക്കുന്ന രാജ്യത്ത് ടൂർണമെന്റ് നടത്തുന്നത് എത്രത്തോളം ഉചിതമാകും എന്ന കാര്യത്തിൽ വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ എടുക്കുന്ന തീരുമാനത്തിന് ശേഷം മാത്രമേ കോപ്പയുടെ കാര്യത്തിൽ ഒരു ഉറപ്പ് പറയാൻ കഴിയൂ.