Euro Cup | ബുസ്ക്വെറ്റ്സിന് പിന്നാലെ മറ്റൊരു സ്പെയിൻ താരം കൂടി കോവിഡ് പോസിറ്റീവ്; യൂറോ ഒരുക്കങ്ങൾ പ്രതിസന്ധിയിൽ
- Published by:Naveen
- news18-malayalam
Last Updated:
സ്പാനിഷ് ടീമിലെ സെന്റർ ബാക്കായ ഡിയഗോ ലോറന്റെക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റിവ് ആകുന്ന താരങ്ങൾ പത്ത് ദിവസം ഐസൊലേഷനിൽ കഴിയണമെന്നതാണ് നിർദേശം. നേരത്തെ രോഗ ബാധ സ്ഥിരീകരിച്ചിരുന്ന ബുസ്ക്വെറ്റ്സ് ഇതേ തുടർന്ന് ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു. യൂറോ കപ്പ് തുടങ്ങി മൂന്നു ദിവസങ്ങൾക്കകം സ്പാനിഷ് ടീമിന് മത്സരമുണ്ട് എന്നതിനാൽ ഇരു താരങ്ങൾക്കും ഈ മത്സരം നഷ്ടമാകും എന്നുറപ്പായി. ജൂൺ 11 ന് തുടങ്ങുന്ന ടൂർണമെന്റിൽ 14 ന് സ്വീഡനെതിരെയാണ് സ്പാനിഷ് ടീമിന്റെ ആദ്യ മത്സരം.
നേരത്തെ ബുസ്ക്വെറ്റ്സ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഇനിയും താരങ്ങൾക്ക് രോഗ ബാധ സ്ഥിരീകരിച്ചേക്കാം എന്നത് മുൻകൂട്ടി കണ്ട് മുൻകരുതൽ എന്ന നിലയിൽ അഞ്ചു കളിക്കാരെ കൂടി സ്പാനിഷ് ടീം പരിശീലനത്തിന് വിളിച്ചിരുന്നു. ടീമിലേക്ക് ഉൾപ്പെടുത്താതെ ഈ അഞ്ചു താരങ്ങൾക്കും സമാന്തര പരിശീലന സെഷനുകളാണ് നടത്തുന്നത്. നിലവിൽ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫുകളുമടക്കം യൂറോ കപ്പിനുള്ള സ്പെയ്നിന്റെ 50 അംഗ സംഘം ഐസൊലേഷനിൽ കഴിയുകയാണ്. ഇതിനിടെയാണ് ടീമിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. അതിനാൽ പുതുതായി പരിശീലനം നടത്തുന്ന താരങ്ങളെ നിലവിലെ സംഘത്തിനൊപ്പം ഉൾപ്പെടുത്താതെ പരിശീലിപ്പിക്കുന്നത്. റോഡിഗ്രോ മൊറീനോ (ലീഡ്‌സ് യുണൈറ്റഡ്), റൗൾ ആൽബിയോൾ (വിയ്യാറയൽ ), പാബ്ലോ ഫോർനൽസ് (വെസ്റ്റ്ഹാം), കാർലോസ് സോളർ (വലൻസിയ), ബ്രെയിസ് മെൻഡസ് (സെൽറ്റ വീഗൊ) എന്നിവരെയാണ് ടീമിലേക്ക് പുതുതായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിനു പുറമെ പ്രധാന ടീമിലെ താരങ്ങൾക്കെല്ലാം കോവിഡ് വാക്സീൻ നൽകുമെന്ന് സ്പാനിഷ് ഫുടബോൾ ഫെഡറേഷൻ അറിയിച്ചു.
advertisement
ടീമിലെ രണ്ട് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത് അവരുടെ ടൂർണമെന്റിലെ പ്രകടനത്തെ ബാധിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. നേരത്തെ തന്നെ യൂറോ കപ്പിനുള്ള ടീം തെരഞ്ഞെടുപ്പിന്റെ പേരിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്പെയിൻ ഫുട്ബോളിൽ അവരുടെ ക്യാപ്റ്റന്റെ രോഗബാധ അവരുടെ പ്രകടനത്തെ ബാധിക്കുമോ എന്നത് കണ്ടറിയണം. യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന സെർജിയോ റാമോസിനെ കൂടാതെയാണ് പരിശീലകനായ എൻറിക്വെ ടീമിനെ പ്രഖ്യാപിച്ചത്. റാമോസിന് ടീമിലിടം നേടാൻ കഴിയാതെ വന്നതോടെ സ്പെയനിലെ മുൻനിര ക്ലബായ റയൽ മാഡ്രിഡിൽ നിന്നും ഒരു താരം പോലും ഇല്ലാതെയാണ് സ്പെയിൻ ടീം ഈ യൂറോ കപ്പിൽ ഇറങ്ങുന്നത്. ഈ ഒരു തീരുമാനം സ്‌പെയ്നിലെ റയൽ മാഡ്രിഡ് ആരാധകർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് പോർച്ചുഗലിനെതിരായ സന്നാഹ മത്സരം കാണാനെത്തിയ ആരാധകർ ടീമിന്റെ പരിശീലകനെതിരെ കളിക്കിടയിൽ കൂവലുകൾ നടത്തി തങ്ങളുടെ പ്രതിഷധം പ്രകടിപ്പിച്ചിരുന്നു.
advertisement
Summary
Spanish Center Back Diego Llorente tests Covid Positive
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 9:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Euro Cup | ബുസ്ക്വെറ്റ്സിന് പിന്നാലെ മറ്റൊരു സ്പെയിൻ താരം കൂടി കോവിഡ് പോസിറ്റീവ്; യൂറോ ഒരുക്കങ്ങൾ പ്രതിസന്ധിയിൽ