ഇരു ടൂർണമെൻ്റുകൾക്കുമായുള്ള 20 അംഗ ടീമിനെ കഴിഞ്ഞയാഴ്ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടീമിലേക്ക് സ്പിന്നര്‍മാരായി ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നീ ഫിംഗർ സ്പിന്നർമാരെ പരിഗണിച്ചപ്പോൾ ഒരു ലെഗ് സ്പിന്നർ പോലും ടീമിലിടം നേടിയില്ല. ലെഗ് സ്‌പിന്നറായ യുസ്വെന്ദ്ര ചഹലും ചൈനാമാന്‍ ബൗളറായ കുല്‍ദീപ് യാദവും ഫോം കണ്ടെത്താൻ വിഷമിക്കുന്നതിനാൽ ഇരുവർക്കും അവസരം ലഭിച്ചതുമില്ല. നിലവിൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ച് പരിചയമുള്ള ലെഗ് സ്പിന്നർമാർ ഇവരല്ലാതെ മറ്റാരുമില്ല എന്നതിനാൽ ഒരു പുതുമുഖ ലെഗ് സ്പിന്നറെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയതുമില്ല. ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്ക് ഒരു ലെഗ് സ്പിന്നറെ പരിഗണിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഒരു ലെഗ് സ്പിന്നർ ടീമിലുള്ളത് ടീമിന് ഗുണം ചെയ്യും എന്നത് ആസ്പദമാക്കിയാണ് കനേരിയ പ്രസ്താവന ഇറക്കിയത്.
advertisement
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തത്തിൽ ഒരു മികച്ച സ്ക്വാഡ് തന്നെയാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. പക്ഷേ ഈ ടീമില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഇന്ത്യ ഒരു ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്. ഫിംഗര്‍ സ്പിന്നര്‍മാര്‍ മാത്രമാണ് ടീമിലുള്ളത്.അശ്വിന്‍,സുന്ദര്‍,അക്ഷര്‍,ജഡേജ എന്നിവരെല്ലാം ഫിങ്കര്‍ സ്പിന്നര്‍മാരാണ്. ഒരു കൈക്കുഴ സ്പിന്നർ - വലം കൈ ലെഗ് സ്പിന്നർ ടീമിലില്ല'- കനേരിയ പിടിഐയോട് വ്യക്തമാക്കി.
Also Read- പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ തന്നെ നേടും, വിശദീകരണവുമായി പാർഥിവ് പട്ടേൽ
ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പന്നരായ താരങ്ങളാണ് അശ്വിനും ജഡേജയും.ഇരുവരും നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരുമാണ്. അതിനാല്‍ത്തന്നെ പ്ലേയിങ് 11ലേക്ക് ഇരുവര്‍ക്കുമാവും മുഖ്യ പരിഗണന. പരുക്കേറ്റാല്‍ മാത്രമാവും അക്ഷറിനോ സുന്ദറിനോ അവസരം ലഭിക്കുക. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലും അശ്വിന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
ലെഗ് സ്പിന്നർമാർക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ അനുയോജ്യമാണെന്ന് ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ എസെക്സിനെ പ്രതിനിധീകരിച്ച കനേരിയ പറഞ്ഞു.
'പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ലെഗ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ തിളങ്ങാനാവും. അതാണ് കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ എന്നെ സഹായിച്ചത്. ലെഗ് സ്പിന്നര്‍ ഇന്ത്യന്‍ നിരയിലില്ല എന്നത് ഒരു പ്രശ്‌നമാണ്. കൈക്കുഴ സ്പിന്നര്‍മാര്‍ക്കാവും ഇവിടെ ഫിംഗർ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുക'- കനേരിയ പറഞ്ഞു.
ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടിയിരുന്ന യുവ സ്പിന്നറെക്കുറിച്ചും കനേരിയ പ്രതികരിച്ചു. 'രാഹുല്‍ ചഹാറിനെക്കൂടി ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നു. അവന്റെ ഉയരവും പന്ത് റിലീസ് ചെയ്യുന്ന രീതിയുമെല്ലാം മികച്ചതാണ്. ന്യൂസീലന്‍ഡിനൊപ്പം ലെഗ് സ്പിന്നറായി ഇഷ് സോധിയുണ്ട്. സോധിയെ നേരിടുമ്പോൾ കോഹ്ലി മിക്കപ്പോഴും പ്രയാസപ്പെടാറുണ്ട്. രാഹുല്‍ ചഹാർ മികച്ച പ്രകടനം നടത്തുന്ന ലെഗ് സ്പിന്നറാണ്. താരത്തിന് ഗൂഗ്ലിയും നന്നായി വഴങ്ങും. ഐപിഎല്ലിൽ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ചഹാർ. അങ്ങനെയിരിക്കെ ടീമിലേക്ക് പരിഗണിക്കപ്പെടാൻ ഏറ്റവും മികച്ച ഓപ്ഷൻ ചഹാർ ആയിരുന്നു അതുകൂടാതെ ഭാവിയിലേക്ക് മികച്ച ലെഗ് സ്പിന്നർ എന്ന റോളിലേക്ക് ഇന്ത്യ വളർത്തി കൊണ്ടുവരേണ്ട ഒരു താരമാണ് ചഹാർ.' കനേരിയ കൂട്ടിച്ചേര്‍ത്തു.
നിലവിൽ യുസ്വെന്ദ്ര ചഹലും ചൈനാമാന്‍ ബൗളറായ കുല്‍ദീപ് യാദവും ഫോം കണ്ടെത്താൻ വിഷമിക്കുന്നതിനാൽ ചഹാർ തന്നെയായിരുന്നു ആ സ്ഥാനത്തേക്ക് യോഗ്യൻ, താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് കൂടി പാകപ്പെടുത്തിയെടുത്താൽ ഇന്ത്യക്ക് അതൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല.
Summary- Chahal struggling, Kuldeep lacking confidence': Kaneria names youngster who should have been in India's WTC Final squad

